ബെംഗളൂരു അടിമുടി മാറും; തുരങ്ക പാതകള്‍ മുതല്‍ ഇരട്ട മേല്‍പ്പാലം വരെ: ധനമന്ത്രിക്ക് കത്തയച്ച് ഡികെ ശിവകുമാർ
ബെംഗളൂരു: കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമന് കത്തെഴുതി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. സംസ്ഥാന സർക്കാർ അടുത്തിടെ ആരംഭിച്ച പദ്ധതികൾക്കായി കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്നും ബജറ്റില്‍ കൂടുതല്‍ ധനസഹായങ്ങള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഡി കെ ശിവകുമാറിന്റെ കത്ത്. തുരങ്ക പാതകള്‍, ഡബിള്‍ ഡെക്കർ ഫ്ലൈ ഓവറുകൾ, 73 കിലോമീറ്റർ നീളമുള്ള പെരിഫറൽ റിംഗ് റോഡ്, ബെംഗളൂരുവിന്റെ വികസനത്തിനായുള്ള മികച്ച ജലവിതരണം എന്ന് തുടങ്ങിയ നിരവധി പദ്ധതികള്‍ അടുത്തിടെ സർക്കാർ പ്രഖ്യാപിച്ചിരുന്നു.
'സാങ്കേതിക പുരോഗതിയുടെയും പ്രാദേശിക, അന്തർദേശീയ തലങ്ങളിലുള്ള മൂലധന നിക്ഷേപം ആകർഷിക്കുന്നതിൻ്റെയും കേന്ദ്രമായി ബെംഗളൂരു ഉയർന്നുവരുന്നു. അത്യാധുനിക സാങ്കേതിക വിദ്യയുടെ സംയോജനത്തോടെ ബെംഗളൂരു ഒരു ആഗോള നഗരമായി വളർന്നു. ഇതിലൂടെ നഗരം യുവതലമുറയ്ക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സാമ്പത്തിക പുരോഗതിക്ക് സംഭാവന നൽകുകയും ചെയ്യുന്നു' ഡി കെ ശിവകുമാർ കത്തില്‍ പറയുന്നു.

എന്നിരുന്നാലും, അഭൂതപൂർവമായ വളർച്ച മൂലം നഗരത്തിലെ ജനസംഖ്യയിൽ ഏകദേശം 1.5 കോടിയിലെത്തി. അതിനാൽ, ഇന്ത്യയുടെ സിലിക്കൺ വാലിയെന്ന നിലയിൽ ബെംഗളൂരുവിന്റെ പ്രശസ്തി നിലനിർത്താൻ നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കേന്ദ്രത്തിന്റെ സാമ്പത്തിക സഹായം സംസ്ഥാനത്തെ വളരെയധികം മുന്നോട്ട് കൊണ്ടുപോകും. അതിനാല്‍ തന്നെ വരാനിരിക്കുന്ന ബജറ്റില്‍ ഈ പദ്ധതികൾക്കുള്ള ധനസഹായം നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കർണാടകയെ (സീതരാമൻ) പ്രതിനിധീകരിച്ച് കേന്ദ്ര ബജറ്റിലെ ബെംഗളൂരുവിലെ ഈ നിർണായക പദ്ധതികൾക്കായി ധനസഹായത്തിനായി വാദിക്കാൻ ഞാന്‍ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ബംഗളൂരുവിലെ ഗതാഗതം സ്തംഭിപ്പിക്കുന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. നിലവിലുള്ള റോഡുകളുടെ വീതി കൂട്ടലും വെല്ലുവിളിയായതോടെ കർണാടക സർക്കാർ ഇപ്പോൾ ടണൽ റോഡുകൾ നിർമ്മിക്കാനുള്ള തന്ത്രപരമായ പദ്ധതിയുമായി മുന്നോട്ട് പോകുകയാണ്.
ഹെബ്ബാളിലെ എസ്റ്റീം മാൾ മുതൽ എച്ച് എസ് ആർ ലേഔട്ടിലെ സിൽക്ക് ബോർഡ് ജംക്‌ഷൻ വരെയുള്ള 18.5 കിലോമീറ്റർ പാത് 15000 കോടി രൂപ മുടക്കിയാണ് നിർമ്മിച്ചത്. അതുപോലെ കെആർ പുരം സർക്കിള്‍ മുതല്‍ നയന്ദഹള്ളി ജംഗ്ഷന്‍ വരേയുള്ള തുരങ്ക പാത നിർമ്മിക്കാന്‍ 25,000 കോടി രൂപ ആവശ്യമാണ്. ഈ പ്രോജക്റ്റിനായി 19,000 കോടി രൂപ ഡി പി ആർ (വിശദമായ പ്രോജക്ട് റിപ്പോർട്ട്) ഒരുക്കിയിട്ടുണ്ട്,
റാഗിഗുഡ്ഡ മുതല്‍ സിൽക്ക് ബോർഡ് ജംഗ്ഷൻ വരെയുള്ള ട്വിന്‍-ഡെക്കർ ഫ്ലൈഓവർ വിജയകരമായതോടെ മെട്രോ പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ഈ മാത്രക കൂടുതല്‍ വിപുലമാക്കാനുള്ള ആലോചനയിലാണ്. ജെ പി നഗറിൽ നിന്ന് ഹെബ്ബാലിലേക്കും ഹെസ്സഹാള്ളി മുതൽ കടബാഗെറിലേക്കും 45 കിലോമീറ്റർ ഇരട്ട ഡെക്കർ പാതയ്ക്കായി 8916 കോടി രൂപ ചെലവാണ് ഉദ്ധേസിക്കുന്നത്. 9 പ്രമുഖ ജംഗ്ഷനുകളിൽ അടക്കം 17000 കോടി രൂപ ചിലവില്‍ 17 ഫ്ലൈഓവറുകളാണ് നിർമ്മിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ഉപമുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതിന് പുറമെ ബംഗ്ലരൂവിന്റെ വികസനവുമായി ബന്ധപ്പെട്ട മറ്റ് പല പദ്ധതികളും ശിവകുമാർ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications