കര്‍ഷകരെ അനുനയിപ്പിക്കാന്‍ മോദി സര്‍ക്കാര്‍; പുതിയ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനം
ന്യൂഡല്‍ഹി: സമരം ചെയ്യുന്ന കര്‍ഷകരെ അനുനയിപ്പിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. വിവാദമായ കാര്‍ഷികര പരിഷ്‌കരണ നിയമങ്ങള്‍ റദ്ദാക്കുമെന്ന് അറിയിച്ചതിന് പിന്നാലെ, കര്‍ഷകര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ട കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍, കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചു. കര്‍ഷകരുടെ ക്ഷേമം, വിളകളുടെ വൈവിധ്യവല്‍ക്കരണം, സുതാര്യമായ താങ്ങുവില എന്നിവ സംബന്ധിച്ച് പുതിയ കമ്മിറ്റി പരിശോധിച്ച് തീരുമാനമെടുക്കും. കര്‍ഷക സംഘടനകളുടെ പ്രതിനിധികളെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും.
ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് കൊമേഴ്‌സ് (പ്രൊമോഷന്‍ ആര്‍റ് ഫെസിലിറ്റേഷന്‍) നിയമം 2020, ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് ആന്റ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്യുറന്‍സ് ആന്റ് ഫാം സര്‍വീസ്സ് ആക്ട് 2020, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) നിയമം 2020 എന്നീ നിയമങ്ങളാണ് കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയത്. ഇതിനെതിരെ കര്‍ഷകര്‍ ഇത്രയും കാലം സമരത്തിലായിരുന്നു. കഴിഞ്ഞാഴ്ച നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വന്നത് അപ്രതീക്ഷിതമായിട്ടാണ്. നവംബര്‍ 29ന് ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ പിന്‍വലിക്കല്‍ ബില്ല് പാര്‍ലമെന്റില്‍ പാസാക്കും. ബിജെപിയും കോണ്‍ഗ്രസും എല്ലാ അംഗങ്ങള്‍ക്കും ഹാജരാകാന്‍ വിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ മാസം ദേശീയതലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ദയനീയമായി തോറ്റതാണ് കേന്ദ്ര സര്‍ക്കാരിനെ മാറ്റി ചിന്തിപ്പിച്ചതെന്ന് പ്രതിപക്ഷം പറയുന്നു. അടുത്ത ഫെബ്രുവരിയില്‍ ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തോല്‍വി ഭയം ബിജെപിക്കുണ്ടെന്നും പ്രതിപക്ഷം പറയുന്നു. ഈ സാഹചര്യത്തിലാണ് നിയമം പിന്‍വലിക്കാനും കര്‍ഷകര്‍ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിക്കാനും കേന്ദ്രം തയ്യാറാകുന്നത് എന്നാണ് വിമര്‍ശനം. കഴിഞ്ഞ വര്‍ഷം നവംബര്‍ 26 മുതല്‍ ഡല്‍ഹി അതിര്‍ത്തി പ്രദേശങ്ങളായ ഗാസിപൂര്‍, സിംഘു, തിക്രി എന്നിവിടങ്ങളില്‍ കര്‍ഷകര്‍ സമരത്തിലാണ്. അടുത്ത തിങ്കളാഴ്ച അവര്‍ പാര്‍ലമെന്റ് മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പുതിയ പശ്ചാത്തലത്തില്‍ മാര്‍ച്ച് പിന്‍വലിച്ചു.
നിയമം പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ തങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കര്‍ഷക സമര നേതാവ് ഡോ. ദര്‍ശന്‍ പാല്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിക്ക് നിരവധി ആവശ്യങ്ങളടങ്ങിയ കത്ത് കര്‍ഷകര്‍ അയച്ചിട്ടുണ്ട്. ഡിസംബര്‍ നാല് വരെ പ്രധാനമന്ത്രിയുടെ മറുപടിക്കായി കാത്തിരിക്കുമെന്ന് സമരക്കാര്‍ പറഞ്ഞു. കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ റദ്ദാക്കണം, താങ്ങുവില ഉറപ്പ് നല്‍കണം, സമരത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം, വൈദ്യുതി ബില്ലുകള്‍ റദ്ദാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ മറുപടി ലഭിച്ച ശേഷം തുടര്‍ സമരരീതികള്‍ ആലോചിക്കുമെന്നും ദര്‍ശന്‍ പാല്‍ പറഞ്ഞു.












Click it and Unblock the Notifications