ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയത്തിന് പുതുവഴി; കേന്ദ്രമന്ത്രിയുടെ ആശയം കേട്ടു ഞെട്ടരുത്
ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള കായിക മേഖലയില്‍ സംവരണം വേണമെന്ന് ആവശ്യപ്പെട്ട ബിജെപി എംപി ഉദിത് രാജുവിന്റെ നിര്‍ദേശത്തെ പിന്താങ്ങിയാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
ദില്ലി: അങ്ങനെ കാര്യങ്ങള്‍ അവിടം വരെ എത്തി. പുതിയ പുതിയ കണ്ടെത്തലുകള്‍ നടത്തുന്നതില്‍ മിടുക്കന്മാരാണ് ബിജെപി നേതാക്കള്‍. ചില കാര്യങ്ങള്‍ വളരെ ആധികാരികമായി പറയുന്നതു കേട്ടാല്‍ നമുക്കു തന്നെ തോന്നിപ്പോകും നമുക്കീ ബുദ്ധിയെന്താ ദാസാ നേരത്തെ തോന്നാത്തെ എന്ന്. അത്തരത്തിലൊരു പുതിയ കണ്ടെത്തലുമായാണ് കേന്ദ്ര സാമൂഹിക നീതി വകുപ്പ് സഹമന്ത്രി രാംദാസ് അത്താവലെ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളിക്കുന്ന കളികളെല്ലാം ജയിക്കാന്‍ സാധിക്കാത്തതെന്തുകൊണ്ട്? എല്ലാ കളികളും ജയിക്കാന്‍ എന്തു ചെയ്യണം. ഇതിനൊക്കെയുള്ള മറുപടി മന്ത്രിയുടെ പക്കലുണ്ട്.
ലോധ കമ്മിറ്റിയുടെ ഇടപെടലും സുപ്രീം കോടതി വിധിയുമൊക്കെയായി ആകെ ബഹളമയാരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ്. ഈ അവസരത്തിലാണ് ടീം എല്ലാ കളികളും ജയിക്കാന്‍ എന്തു ചെയ്യണമെന്ന നിര്‍ദേശവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ക്രിക്കറ്റ് ടീമില്‍ ദളിത് സംവരണം ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം. ദളിതരെ ടീമിലെടുത്താല്‍ ടീമിന് എല്ലാ കളികളും ജയിക്കാനാകും എന്നാണ് മന്ത്രിയുടെ കണ്ടെത്തല്‍.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ദളിത് സംവരണം നല്‍കണമെന്നാണ് കേന്ദ്രസഹമന്ത്രിയായ രാംദാസ് അത്താവലെയുടെ ആവശ്യം. ടീമിന് കൂടുതല്‍ വിജയങ്ങള്‍ കണ്ടെത്താന്‍ ഈ നീക്കം സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ടെസ്റ്റ് റാങ്കില്‍ ഒന്നാം സ്ഥാനത്താണെങ്കിലും ഏകദിനത്തില്‍ മൂന്നാം സ്ഥാനത്തും ട്വന്റി ട്വന്റിയില്‍ രണ്ടാം സ്ഥാനത്തുമാണ് ഇന്ത്യ. മന്ത്രിയുടെ നിര്‍ദേശം അതേപടി നടപ്പിലാക്കിയാല്‍ ഇന്ത്യ എല്ലാ വിഭാഗത്തിലും ഒന്നാം റാങ്കിലെത്തുമായിരിക്കും..?

ക്രിക്കറ്റിലെ ദളിത് സംവരണം മാത്രമാണ് മന്ത്രി ആവശ്യപ്പെട്ടതെങ്കിലും അതിനുമുമ്പ് ഒരു ബിജെപി എംപിയും സംവരണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള എല്ലാ കായിക ഇനങ്ങളിലും സംവരണം വേണമെന്നായിരുന്നു ബിജെപി എംപിയായ ഉദിത് രാജുവിന്റെ ആവശ്യം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ക്രിക്കറ്റില്‍ ദളിത് സംവരണം ടീമിന്റെ വിജയത്തിനായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴത്തെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പ്രകടനത്തേക്കുറിച്ച് രാംദാസ് അത്താവലെയ്ക്ക് നല്ല മതിപ്പാണ്. നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പ്രകടനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് അദ്ദേഹം ഉപമിക്കുന്നത്. ഇപ്പോള്‍ വിരാട് കോലിയുടെ ടീം മോദിയുടെ ടീമിനേക്കാള്‍ ഫോമിലാണെന്നാണ് മന്ത്രിയുടെ കണ്ടെത്തല്‍.

ദളിതം സംവരണം ഏര്‍പ്പെടുത്തുന്നതോടെ ദളിത് വിഭാഗത്തിലെ കഴിവുള്ളവര്‍ ടീമില്‍ ഇടം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ജോലി മേഖലയില്‍ മറ്റും തുടരുന്ന സംവരണം കായിക മേഖലയിലേക്കും വ്യാപിപ്പിക്കമെന്നാണ് മന്ത്രിയുടെ ആവശ്യം.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ദളിത് സംവരണം ഏര്‍പ്പെടുത്താനുള്ള മന്ത്രിയുടെ അഭിപ്രായത്തിന് പ്രചോദനമായത് ദക്ഷിണാഫ്രിക്കയാണ്. ദക്ഷിണാഫ്രിക്കന്‍ ടീമല്‍ കറുത്ത വര്‍ഗക്കാരെ ഉള്‍പ്പെടുത്തിയ അവിടുത്തെ സര്‍ക്കാര്‍ നയമാണ് മന്ത്രിയും മാതൃകയാക്കിയത്. ഇതിന്റെ ചുവട് പിടിച്ച് തീരുമാനം ഇന്ത്യയിലും നടപ്പിലാക്കമെന്നാണ് മന്ത്രിയുടെ കണക്കുകൂട്ടല്‍.

സംവരണം ദക്ഷിണാഫ്രിക്കയെ മാതൃകയാക്കിയാണെങ്കിലും അതിന്റെ പ്രധാന ഗുണഫലമായി മന്ത്രിയ ഉയര്‍ത്തിക്കാട്ടുന്നത് ടീമിന്റെ വിജയമാണ്. എന്നാല്‍ ഏകദിന റാങ്കിലൊഴികെ ബാക്കിയെല്ലാത്തിലും ദക്ഷിണാഫ്രിക്ക ഇന്ത്യക്കു പിന്നിലാണ്. ഏകദിന റാങ്കില്‍ ഇന്ത്യക്കു തൊട്ടു മുന്നിലുള്ള ദക്ഷിണാഫ്രിക്കയുമായി ഇന്ത്യക്കു അഞ്ച് പോയിന്റ് വ്യത്യാസം മാത്രമാണുള്ളത്. ഇന്ത്യ ഒന്നാം സ്ഥാനത്തുള്ള ടെസ്റ്റ് റാങ്കില്‍ പാകിസ്താനും പിന്നില്‍ നാലാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക.

രാംദാസ് അത്താവലെയുടെ വാദത്തെ ഖണ്ഡിച്ചുകൊണ്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. നിരുത്തരവാദപരമായ പ്രസ്താവനകളാണ് ബിജെപി നടത്തുന്നതെന്നാണ് കോണ്‍ഗ്രസ് നേതാവ് പന്നലാല്‍ പൂനിയ പറയുന്നത്. ദളിതര്‍ക്കോ എസ് സി, എസ്ടി വിഭാഗത്തിലുള്ളവര്‍ക്കോ ക്രിക്കറ്റ് ടീമില്‍ സംവരണം ഉറപ്പാക്കാന്‍ കഴിയില്ല. അവര്‍ക്ക് പരിശീലനത്തിലുള്ള സൗകര്യം നല്‍കാമെങ്കിലും ടീമിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications