'രാഹുല്‍ ഗാന്ധി ലീഗ് പതാക പിടിച്ചു': ഹിന്ദു വിരുദ്ധ വികാരം പടർത്തുന്നുവെന്ന് കേന്ദ്ര മന്ത്രി
ബെംഗളൂരു: വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിനെതിരെ ബി ജെ പിനേതാവും കേന്ദ്ര പാർലമെൻ്ററി കാര്യ, കൽക്കരി, ഖനി വകുപ്പ് മന്ത്രിയുമായ പ്രഹ്ളാദ് ജോഷി. വയനാട്ടിൽ മുസ്ലീം ലീഗിൻ്റെ പതാക ഉയർത്തിപ്പിടിച്ച രാഹുൽ ഗാന്ധിയുടെ നടപടി ഹിന്ദു വിരുദ്ധ വികാരം ജനിപ്പിക്കുന്നതാണെന്നാണ് പ്രഹ്ളാദ് ജോഷി ഉയർത്തുന്ന ആരോപണം.
വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പണ വേളയിൽ രാഹുൽ ഗാന്ധി കോൺഗ്രസിൻ്റെ പതാകയ്ക്ക് പകരം മുസ്ലീം ലീഗിൻ്റെ പതാകയാണ് പിടിച്ചതെന്ന് കർണാടകയിലെ ഹുബ്ബള്ളിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കേന്ദ്ര മന്ത്രി മാധ്യപ്രവർത്തകരോടായി പറഞ്ഞു. ഹിന്ദുക്കളെ കൊല്ലുക, ഹിന്ദു സ്ത്രീകളെ ബലാത്സംഗം ചെയ്യുക തുടങ്ങിയ അക്രമങ്ങൾ ലക്ഷംവെച്ചുകൊണ്ട് മുസ്ലീം ലീഗ് ഹിന്ദുക്കൾക്കെതിരെ 'ഡയറക്ട് ആക്ഷന്‍ ഡേ'യ്ക്ക് ആഹ്വാനം ചെയ്തിരുന്നതായും ജോഷി ആരോപിച്ചു.

വിധ്വംസക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന മുസ്ലീം ലീഗുമായി ചേർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലൂടെ രാഹുൽ ഗാന്ധി ഹിന്ദു വിരുദ്ധ വികാരം വർധിപ്പിക്കുന്നതിന് നേരിട്ട് സംഭാവന നൽകുകയാണ്. കർണ്ണാടകയിൽ നടക്കുന്ന ഹിന്ദു വിരുദ്ധ പ്രവർത്തനങ്ങളുടെ നേരിട്ടുള്ള ഉത്തരവാദിത്തം രാഹുൽ ഗാന്ധിക്കാണ്. 'ജയ് ശ്രീറാം' വിളിച്ചതിന് ഹിന്ദുക്കൾക്കെതിരായ ആക്രമണം പോലുള്ള സംഭവങ്ങൾക്ക് കോൺഗ്രസ് പാർട്ടി ഒത്താശ ചെയ്യുന്നതായും അദ്ദേഹം ആരോപിച്ചു.
വിധാന്‍ സൗധയിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിക്കൽ, ഹനുമാൻ ചാലിസ ചൊല്ലിയതിനും ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചതിനും വ്യക്തികൾക്ക് നേരെയുള്ള ആക്രമണം തുടങ്ങിയ സംഭവങ്ങളിലേക്ക് നയിച്ച മുസ്ലീങ്ങളെ കോണ്‍ഗ്രസ് പ്രീണിപ്പിക്കുകയാണ്. കോൺഗ്രസ് പാർട്ടിയുടെ ഹിന്ദു വിരുദ്ധ നിലപാടാണ് ഈ സംഭവങ്ങൾ തെളിയിക്കുന്നതെന്നും കേന്ദ്ര മന്ത്രി അവകാശപ്പെടുന്നു.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നുവെന്നും ജോഷി അവകാശപ്പെട്ടു. ഈ യാഥാർത്ഥ്യത്തെക്കുറിച്ച് ജാഗ്രത പാലിക്കാനും ഉണർന്നിരിക്കാനും പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാഹുല്‍ ഗാന്ധിയുടെ ഇത്തവണത്തെ കേരളത്തിലെ പരിപാടികളില്‍ നിന്നും ലീഗ് പതാക ഒഴിവാക്കാന്‍ മുന്നണി തന്നെ ശ്രമിച്ചിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത് ബി ജ പി ആയുധമാക്കും എന്ന് മുന്നില്‍ കണ്ട് തന്നെയാണ് പതാക പിന്‍വലിച്ചത്. വയനാട്ടില്‍ ഒരു പാർട്ടിയുടേയും പതാക ഇല്ലാതെ രാഹുലിന്റെ പോസ്റ്റർ മാത്രമായിരുന്നു ഉപയോഗിച്ചത്. അതേസമയം വിമർശനങ്ങളുടെ പേരിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന പരിപാടികളില്‍ ലീഗ് പതാക ഒഴിവാക്കുന്നതില്‍ പ്രവർത്തകർക്കും വലിയ അമർഷമുണ്ട്.












Click it and Unblock the Notifications