റെയില്‍വെ മന്ത്രി കാണാന്‍ അനുമതി നല്‍കിയില്ല; പ്രധാനമന്ത്രിക്ക് പരാതി നല്‍കുമെന്ന് കേരള സംഘം
ന്യൂഡല്‍ഹി: കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട ആവശ്യങ്ങളുമായി ഡല്‍ഹിയിലെത്തിയ സംസ്ഥാന മന്ത്രിതല സംഘത്തിന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് കാണാന്‍ അനുമതി നല്‍കിയില്ല. നേരത്തെ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, ജിആര്‍ അനില്‍ എന്നിവരാണ് ന്യൂഡല്‍ഹിയിലെത്തിയത്. എന്നാല്‍ സഹമന്ത്രിയെ കാണാന്‍ റെയില്‍വേ മന്ത്രി ആവശ്യപ്പെടുകയായിരുന്നുവത്രെ. തുടര്‍ന്ന് റെയില്‍വേ സഹമന്ത്രി ദര്‍ശന ജര്‍ദോഷുമായി കൂടിക്കാഴ്ച നടത്തി. റെയില്‍വേബോര്‍ഡ് ചെയര്‍മാനും സിഇഒയുമായ വികെ തൃപാഠിയെയും കണ്ടു.

നേമം ടെര്‍മിനല്‍, തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ വികസനം എന്നിവ സംബന്ധിച്ച് വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്താനാണ് കേരളത്തില്‍ നിന്നുള്ള മന്ത്രിമാരെത്തിയത്. കഴിഞ്ഞ ദിവസം സില്‍വര്‍ ലൈന്‍ അടക്കമുള്ള വിഷയങ്ങളുമായി എത്തിയ ബിജെപി പ്രതിനിധി സംഘത്തെ കാണാന്‍ അശ്വനി വൈഷ്ണവ് തയ്യാറായിരുന്നു.
കേന്ദ്രമന്ത്രിയുടെ സമീപനം ജനാധിപത്യവിരുദ്ധമാണെന്ന് വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് പരാതി നല്‍കും. കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പരം ബഹുമാനിക്കണം. കൂടിക്കാഴ്ചയ്ക്കായി നേരത്തെ അനുമതി ചോദിച്ചിരുന്നു. ഡല്‍ഹിയിലെത്തിയാല്‍ കാണാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞത് പ്രകാരമാണ് ഡല്‍ഹിയില്‍ വന്നത്. എന്നാല്‍ ഇവിടെയെത്തി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയപ്പോള്‍ കാണാന്‍ കഴിയില്ലെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞതെന്നും ശിവന്‍കുട്ടി പറഞ്ഞു.
നേമം കോച്ചിങ് ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കരുതെന്ന് മന്ത്രിമാര്‍ കേന്ദ്രസഹമന്ത്രിയോട് ആവശ്യപ്പെട്ടു. പദ്ധതി ഉപേക്ഷിക്കാനുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം പുനഃപ്പരിശോധിക്കണം. മന്ത്രാലയത്തിന്റെ തീരുമാനം തലസ്ഥാന നഗരിക്കും കേരളത്തിനും തിരിച്ചടിയാവുമെന്നും മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് റയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കിയതായും സില്‍വര്‍ ലൈന്‍ അജണ്ടയിലില്ലായിരുന്നുവെന്നും മന്ത്രിമാര്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവ് എന്നിവരുമായും വി ശിവന്‍കുട്ടി കൂടിക്കാഴ്ച നടത്തി. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കൂടുതല്‍ സഹായം, കേന്ദ്ര സ്‌കോളര്‍ഷിപ്പ് പദ്ധതികളുടെ എണ്ണം വര്‍ദ്ധിപ്പിക്കല്‍, ഹയര്‍ സെക്കന്‍ഡറി തലത്തിലെ വിവിധ പദ്ധതികള്‍ക്കുള്ള കൂടുതല്‍ സഹായം തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം ധര്‍മേന്ദ്ര പ്രധാന് കൈമാറി.












Click it and Unblock the Notifications