ഉന്നാവോ കേസ്: കുല്‍ദീപ് സിംഗ് സെന്‍ഗാറിന് ജാമ്യം, അതിജീവിതയേയും അമ്മയേയും വലിച്ചിഴച്ച് പോലീസ്
ഡല്‍ഹി: ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതിയായ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന് ജാമ്യം അനുവദിച്ച ഡല്‍ഹി ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച അതിജീവിതയേയും അമ്മയേയും വലിച്ചിഴച്ച് ഡല്‍ഹി പോലീസ്. ഇന്ത്യ ഗേറ്റില്‍ അഭിഭാഷക യോഗിത ഭയാനിനൊപ്പം ആയിരുന്നു അതിജീവിതയും അമ്മയും പ്രതിഷേധ ധര്‍ണ നടത്തിയത്.
ഇവിടെ നിന്നാണ് പോലീസ് ഇവരെ വലിച്ചിഴച്ച് മാറ്റി കസ്റ്റഡിയിലെടുത്തത്. അതിന് ശേഷം മാണ്ഡി ഹൗസില്‍ വെച്ച് മാധ്യമങ്ങളെ കാണാനിരുന്ന അതിജീവിതയേയും അമ്മയേയും പോലീസ് അതിന് അനുവദിച്ചില്ലെന്നും ആരോപണം ഉണ്ട്. മാണ്ഡി ഹൗസില്‍ പ്രതിഷേധത്തിന് അനുമതി ഇല്ലെന്നാണ് സിആര്‍പിഎഫ് ഓഫീസറുടെ പ്രതികരണം.
അതിന് ശേഷം സിആര്‍പിഎഫ് വാഹനത്തില്‍ ഇവരെ കൊണ്ട് പോകുന്ന വഴിക്ക് ഇന്ത്യ ഗേറ്റിന് സമീപത്ത് വെച്ച് ഓടുന്ന വാഹനത്തില്‍ നിന്ന് അതിജീവിതയുടെ അമ്മയെ തള്ളി താഴെ ഇറക്കുകയായിരുന്നുവെന്നും ആരോപണം ഉണ്ട്. വാഹനത്തില്‍ വനിതാ പോലീസുകാര്‍ ഉണ്ടായിരുന്നില്ല. പുരുഷ ഉദ്യോഗസ്ഥരാണ് അതിജീവിതയുടെ അമ്മയെ തള്ളി താഴെ ഇറക്കിയത്. അതിന് ശേഷം അതിജീവിതയുമായി വാഹനം പോവുകയും ചെയ്തു.

ഞങ്ങള്‍ക്ക് നീതി ലഭിച്ചില്ല. എന്റെ മകളെ തടങ്കിലാക്കിയിരിക്കുകയാണ്. അവര്‍ക്ക് ഞങ്ങളെ കൊല്ലുകയാണ് വേണ്ടതെന്ന് തോന്നുന്നു. സിആര്‍പിഎഫിന്റെ ആളുകള്‍ തന്നെ റോഡില്‍ ഇറക്കി വിട്ട് മകളേയും കൊണ്ട് പോയി. ഞങ്ങള്‍ പ്രതിഷേധിക്കാന്‍ പോവുകയായിരുന്നു. എന്നാല്‍ സിആര്‍പിഎഫുകാര്‍ മകളെ ബലം പ്രയോഗിച്ച് പിടിച്ച് കൊണ്ട് പോയി, അതിജീവിതയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഉന്നാവോ അതിജീവിത വ്യക്തമാക്കി. അന്ന് തന്നെ മരിക്കാനായിരുന്നു തനിക്ക് തോന്നിയത്. പക്ഷേ കുടുംബത്തെ കുറിച്ച് ഓര്‍ത്താണ് അത് ചെയ്യാതിരുന്നത്. കുല്‍ദീപ് സിംഗിന്റെ ശിക്ഷ ഇളവ് ചെയ്തത് തന്റെ കുടുംബത്തെ സംബന്ധിച്ച് മരണതുല്യം ആണെന്നും അതിജീവിത പ്രതികരിച്ചു.
ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ വെച്ച് 2017ലാണ് 17കാരിയായ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. ബിജെപി എംഎല്‍എ ആയിരുന്ന കുല്‍ദീപ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കുല്‍ദീപിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2019ല്‍ ബിജെപി ഇയാളെ പുറത്താക്കി. അതിജീവിതയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ടും ഇയാളെ കോടതി ശിക്ഷിച്ചിരുന്നു.
#WATCH | Delhi: Police remove 2017 Unnao rape case victim, her mother, and women activist Yogita Bhayana from the protest site near India Gate.
— ANI (@ANI) December 23, 2025
They were holding a protest against the Delhi High Court's order suspending the sentence of 2017 Unnao rape case accused, Kuldeep… https://t.co/RTtewzObCz pic.twitter.com/Stuv4unBor
ഉന്നാവോ കേസില്‍ ശിക്ഷ റദ്ദാക്കാന്‍ കുല്‍ദീപ് നല്‍കിയ അപ്പീലില്‍ വിധി വന്നിട്ടില്ല. അതിനിടെയാണ് ഉപാധികളോടെ ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഡല്‍ഹി വിട്ട് പോകാനോ അതിജീവിതയുടെ 5 കിലോ മീറ്റര്‍ പരിധിയില്‍ വരാനോ അതിജീവിതയേയോ കുടുംബത്തെയോ ഭീഷണിപ്പെടുത്താനോ പാടില്ല എന്നതടക്കമാണ് ഉപാധികള്‍. അതിജീവിതയുടെ അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ നിലവില്‍ കുല്‍ദീപിന് പുറത്തിറങ്ങാനായിട്ടില്ല.












Click it and Unblock the Notifications