24 വര്‍ഷം ജീവിച്ച സ്ഥലം, ദുരന്തമുണ്ടായത് തൊട്ടരികെ, ഞെട്ടൽ മാറാതെ ഉണ്ണി മുകുന്ദനും കുടുംബവും
അഹമ്മദാബാദ്: എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് രാജ്യം. കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം കത്തിയമര്‍ന്നത്. ഒരാളൊഴികെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും അടക്കം എല്ലാവര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. അക്കൂട്ടത്തില്‍ ഒരു മലയാളിയും ഉണ്ട്.
താന്‍ ജനിച്ച് വളര്‍ന്ന നാട്ടിലുണ്ടായ വന്‍ ദുരന്തത്തിന്റെ ഞെട്ടലിലാണ് നടന്‍ ഉണ്ണി മുകുന്ദന്‍. ഗുജറാത്തുമായി തനിക്കുളള ബന്ധവും സ്‌നേഹവും ഉണ്ണി പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുളളതാണ്. ഉണ്ണി മുകുന്ദനും കുടുംബവും താമസിച്ചിരുന്ന മണിനഗര്‍ എന്ന സ്ഥലത്തിന് സമീപത്ത് തന്നെയാണ് വിമാനദുരന്തം നടന്ന മേഘാനി നഗര്‍.

24 വര്‍ഷം താന്‍ ജീവിച്ച സ്ഥലമാണ് മണിനഗറെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. അവിടെ നിന്ന് പത്ത് കിലോമീറ്റര്‍ അകലത്താണ് ദുരന്തമുഖം. താന്‍ ബാല്യവും കൗമാരവും ചിലവഴിച്ച ഗുജറാത്ത് തനിക്ക് ഏറെ പ്രിയപ്പെട്ട സ്ഥലം ആണെന്നും അവിടെ എന്ത് അപകടം നടന്നാലും അത് മനസ്സിനെ വേദനിപ്പിക്കുമെന്നും മനോരമ ഓണ്‍ലൈനിനോട് ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചു. താനും വീട്ടുകാരും വിമാനാപകട വാര്‍ത്ത കേട്ട് വളരെ വിഷമത്തിലാണെന്നും ഉണ്ണി പറയുന്നു.
''അപകടത്തില്‍ മരണപ്പെട്ടവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇത്തരമൊരു വിഷമഘട്ടം മറികടക്കാനുളള ശക്തി അവരുടെ കുടുംബാംഗങ്ങള്‍ക്ക് ലഭിക്കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു. താനും ഗുജറാത്തിലെ സുഹൃത്തുക്കളുമെല്ലാം ഞെട്ടലിലാണ്. ഇത്തരമൊരു ദുരന്തം എവിടെയും സംഭവിക്കേണ്ടതല്ല'', ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
അതിനിടെ അപകടത്തില്‍ മരണപ്പെട്ട രഞ്ജിത മലയാളികള്‍ക്ക് വലിയ നോവായിരിക്കുകയാണ്. പത്തനംതിട്ട സ്വദേശിനിയായ രഞ്ജിത ലണ്ടനില്‍ നഴ്‌സ് ആയി ജോലി ചെയ്യുകയാണ്. നാട്ടിലെത്തിയ രഞ്ജിത തിരിച്ച് പോകവേയാണ് ദുരന്തത്തിന് ഇരയായത്. ഏഴാം ക്ലാസ്സിലും പത്താം ക്ലാസ്സിലും പഠിക്കുന്ന രണ്ട് മക്കളും അമ്മയുമാണ് രഞ്ജിതയ്ക്ക് ഉളളത്. 4 ദിവസത്തെ അവധിക്ക് ശേഷം ഇന്നലെയാണ് രഞ്ജിത എല്ലാവരോടും യാത്ര പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. നാട്ടില്‍ നിന്ന് ചെന്നൈയിലേക്ക് ട്രെയിനില്‍ പോയി അവിടെ നിന്നാണ് അഹമ്മദാബാദിലേക്ക് പോയത്. മുത്തശ്ശിയെ കെട്ടിപ്പിടിച്ച് കരയുന്ന രഞ്ജിതയുടെ കുഞ്ഞുമക്കള്‍ നാടിന് തീരാനോവാവുകയാണ്.












Click it and Unblock the Notifications