മദ്യപിച്ചു ഫിറ്റായ യാത്രക്കാരനെ എയര്‍ ഇന്ത്യ ഫ് ളൈറ്റിനുള്ളില്‍ കെട്ടിയിട്ടു
ദില്ലി: ചില യാത്രക്കാര്‍ അങ്ങിനെയാണ്. ഫ് ളൈറ്റില്‍ നിന്നും ഫ്രീയായി കിട്ടുന്നതാണെന്നു കരുതി കിട്ടാവുന്നത്ര മദ്യമെല്ലാം അകത്താക്കും. മദ്യപിച്ച് അവശനായിക്കഴിഞ്ഞാല്‍ വിമാനജോലിക്കാര്‍ക്ക് പണിയുണ്ടാക്കുകയും ചെയ്യും. ഓസ്‌ട്രേലിയയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ ഫ് ളൈറ്റില്‍ ഇത്തരത്തില്‍ മദ്യപിച്ച് ഫിറ്റായ ഒരു യാത്രക്കാരനെ ഒടുവില്‍ കെട്ടിയിടേണ്ടിവന്നു.
യാത്ര ആരംഭിച്ചതിന് തൊട്ടുപിന്നാലെ യാത്രക്കാരിന്‍ മദ്യപാനവും തുടങ്ങിയിരുന്നെന്ന് സഹയാത്രികര്‍ പറഞ്ഞു. ആദ്യമെല്ലാം ശാന്തനായി കാണപ്പെട്ടയാള്‍ മദ്യം തലയ്ക്കുപിടിച്ചതോടെ മറ്റൊരാളായി മാറുകയായിരുന്നു. വിമാന ജീവനക്കാരെ അക്രമിക്കുകയും വസ്ത്രങ്ങള്‍ കീറുകയും ചെയ്ത യാത്രക്കാരന്‍ സഹയാത്രികരെ കടിക്കുകയും ചെയ്തു.

സംഭവം വിമാനത്തിനകത്ത് വലിയ കോലാഹലം ഉണ്ടാക്കിയതോടെ പൈലറ്റ് ഡല്‍ഹിയിലേക്ക് അടിയന്തിര സന്ദേശമയച്ചു. അക്രമകാരിയെ പുറത്താക്കാന്‍ സിംഗപ്പൂരില്‍ ലാന്‍ഡിംഗ് വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഒരു യാത്രക്കാരന്റെ ബഹളം മൂലം മറ്റു യാത്രക്കാര്‍ക്ക് മണിക്കൂറുകളുടെ സമയനഷ്ടമുണ്ടാകുമെന്നു പറഞ്ഞ അധികൃതര്‍ മദ്യപാനിയെ വിമാനത്തിനകത്തു തന്നെ കെട്ടിയിടാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
നിര്‍ദ്ദേശം ജോലിക്കാര്‍ക്ക് കൈമാറിയതോടെ അവര്‍ മറ്റു യാത്രികരുടെ സഹായത്തോടെ അക്രമിയെ കയര്‍കൊണ്ട് സീറ്റില്‍ ബന്ധിച്ചു. രണ്ടു ജോലിക്കാരെ ഇയാളെ നിരീക്ഷിക്കാന്‍ നിര്‍ത്തുകയും ചെയ്തു. സീറ്റില്‍ അനങ്ങാന്‍പോലും കഴിയാതിരുന്ന യാത്രക്കാരനെ പിന്നീട് ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് സെക്യൂരിറ്റി വിഭാഗത്തിന് കൈമാറുകയായിരുന്നു.












Click it and Unblock the Notifications