2 വർഷത്തിനിടയിൽ നഷ്ടം 11 മണ്ഡലങ്ങൾ..5 വർഷങ്ങൾക്കിപ്പുറം?നെഞ്ചിടിപ്പോടെ ബിജെപി,പ്രതീക്ഷ ഉയർന്ന് എസ്പി
ദില്ലി; ഉത്തർപ്രദേശിൽ ഇന്നാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്. ഒമ്പത് ജില്ലകളിലെ 55 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. 2017 ൽ ഈ മേഖലയിൽ നിന്നും 38 സീറ്റുകളിലായിരുന്നു ബി ജെ പി വിജയിച്ചത്. 2019 ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ പക്ഷേ ലീഡ് ഇടിഞ്ഞു. വെറും 27 മണ്ഡലങ്ങളിലേക്ക് ബി ജെ പി ഇവിടെ ചുരുങ്ങി. ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പിൽ 2017 പോലെ കാര്യങ്ങൾ ബി ജെ പിക്ക് എളുപ്പമാകുമോ? പരിശോധിക്കാം.

രണ്ടാം ഘട്ടത്തിൽ ദളിത്, പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഇവിടെ മുസ്ലീം ജനസംഖ്യ 50 ശതമാനത്തിലധികം വരുന്ന ഒൻപത് മണ്ഡലങ്ങളുണ്ട്. രാംപൂർ, സംഭാൽ, അംരോഹ, ചമ്രൗവ, നാഗിന എന്നിവയാണ് മുസ്ലീം ഭൂരിപക്ഷം ഉള്ള സീറ്റുകളിൽ ചിലത്. 12 ഓളം സീറ്റുകളിലാകട്ടെ മുസ്ലീം ഭൂരിപക്ഷം 40- 50 ശതമാനത്തിനിടയിലാണ്. അതായത് 24 ഓളം മണ്ഡലങ്ങൾ മുസ്ലീം സമുദായങ്ങൾക്ക് ശക്തമായ സ്വാധീനം ഉണ്ട്. മറ്റ് മണ്ഡലങ്ങളിൽ ദളിത് ,പിന്നോക്ക ന്യൂനപക്ഷങ്ങൾക്ക് സ്വാധീനം ഉള്ളവയും.

2017 ൽ ഏകദേശം 55 ശതമാനം മുസ്ലീം വോട്ടുകളും ലഭിച്ചത് സമാജ്വാദി പാർട്ടിക്കായിരുന്നുവെന്ന് സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ് (സിഎസ്ഡിഎസ്) സർവേ ഡാറ്റ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 55 മണ്ഡലങ്ങളിൽ 15 സീറ്റുകളായിരുന്നു എസ് പിക്ക് ലഭിച്ചത്, 26 ശതമാനമായിരുന്നു വോട്ട് വിഹിതം. സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലെ ശരാശരി വോട്ട് വിഹിതത്തേക്കാൾ കൂടുതലായിരുന്നു ഇവിടെ നിന്ന് എസ് പിക്ക് ലഭിച്ചത്.

സമാജ്വാദി പാർട്ടിയുടെ ശക്തി കേന്ദ്രമായി വിലയിരുത്തപ്പെടുന്ന മേഖലയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിലായിരുന്നു എസ്പി മത്സരിച്ചത്. അന്ന് കോൺഗ്രസിന് ഇവിടെ എട്ട് ശതമാനം വോട്ട് വിഹിതം ലഭിച്ചു, രണ്ട് സീറ്റുകളും. എസ് പിയുടേയും കോൺഗ്രസിന്റെയും സംയുക്ത വോട്ട് വിഹിതം 34 ശതമാനമായിരുന്നു, ബി ജെ പിയുടേതാകട്ടെ 38 ശതമാനവും. ഇത്തവണ പക്ഷേ ജാട്ട് സമുദായങ്ങളിൽ നിർണായക സ്വാധീനമുള്ള ജയന്ത് ചൗധരിയുടെ ആർ എൽ ഡിയുമായി സഖ്യത്തിലാണ് എസ് പി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 55 ൽ മൂന്ന് സീറ്റുകൾ ആർ എൽ ഡിയാണ് ഇവിടെ മത്സരിക്കുന്നത്.

മേഖലയിൽ കുറഞ്ഞത് 31 സീറ്റുകളിൽ ദളിത്, മുസ്ലീം സമുദായങ്ങൾ ഏകദേശം 50 ശതമാനത്തിലധികം ഉണ്ടെന്നാണ് കണക്കുകൾ. 2017 നിയമസഭ തിരഞ്ഞെടുപ്പിൽ ബി എസ് പിയും എസ് പിയും തമ്മിലായിരുന്നു മേഖലയിൽ കടുത്ത പോരാട്ടം. അതുകൊണ്ട് തന്നെ മുസ്ലീം ദളിത് വോട്ടുകൾ ഭിന്നിക്കാൻ കാരണമായി, ഇത് ബി ജെ പിക്ക് ഗുണകരമായി. എന്നാൽ 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയും ബഹുജന സമാജ്വാദി പാർട്ടിയും സഖ്യത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. സഖ്യത്തിന് ഇവിടെ നിന്ന് ലഭിച്ചത് 55 ശതമാനം വോട്ടുകളായിരുന്നു. 28 നിയമസഭ മണ്ഡലങ്ങളിൽ മുന്നേറാനും സഖ്യത്തിന് സാധിച്ചു. ഇത്തവണ എസ് പി ബി എസ് പിയുമായി സഖ്യത്തിൽ അല്ല, അതിനാൽ തന്നെ 2019 ൽ സഖ്യത്തിന് ലഭിച്ച വോട്ടുകൾ ഇക്കുറി എസ് പിക്ക് സ്വന്തമായി ഏകീകരിക്കാൻ സാധിക്കുമോയെന്നതാണ് ഉയരുന്ന ചോദ്യം.

2014 ൽ ഇവിടുത്തെ ദളിത് വിഭാഗം ബി ജെ പിയിലേക്ക് ചാഞ്ഞെങ്കിൽ 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലെ കണക്കുകൾ വ്യക്തമാക്കുന്നത് ഈ വോട്ടുകൾ ബി എസ് പിയിലേക്ക് മടങ്ങിയെത്തിയെന്നാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഇത്തവണ എസ് പി സഖ്യം ദളിത്, മുസ്ലീം വോട്ടുകളുടെ ഏകീകരണം ഉണ്ടാക്കിയാൽ മേഖലയിൽ വലിയ അത്ഭുതങ്ങൾ സൃഷ്ടിച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം എൻ ഡി എ സ്ഥാനാർത്ഥിയായി മുസ്ലീം നേതാവിനെ മത്സരിപ്പിക്കാനുള്ള തിരുമാനം
രണ്ടാം ഘട്ടം ബി ജെ പിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ടെന്നതിന് ഉദാഹരണമായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. കിഴക്കൻ യു പിയിൽ ഏറെ സ്വാധീനമുള്ള ബി ജെ പി സഖ്യകക്ഷിയായ അപ്നാദൾ ആണ് റാംപൂരിലെ സുവാർ മണ്ഡലത്തിൽ മുസ്ലീം സമുദായത്തിൽ നിന്നുള്ള ഹൈദർ അലിയെ സ്ഥാനാർത്ഥിയാക്കിയത്. മണ്ഡലങ്ങളിലെ ഭരണവിരുദ്ധതയെ നേരിടാൻ 2017ലെ യുപി തെരഞ്ഞെടുപ്പിൽ മത്സരിച്ച 10 എം എൽ എമാരേയും ബി ജെ പി ഇക്കുറി മാറ്റി നിർത്തിയിരുന്നു. അത്തരത്തിൽ 25 നേതാക്കളേയാണ് നേതൃത്വം ഇവിടെ ഒഴിവാക്കിയത്.

അതേസമയം പോരാട്ടം കടുപ്പിപ്പികയെന്ന ലക്ഷ്യത്തോടെ എസ് പി- ആർ എൽ ഡി സഖ്യവും തങ്ങളുടെ പട്ടികയിൽ നിന്ന് 37 സ്ഥാനാർത്ഥികളെ ഒഴിവാക്കിയിരുന്നു. ആർ എൽ ഡി തങ്ങളുടെ മൂന്ന് സീറ്റിൽ പുതിയ നേതാക്കളെയാണ് മത്സരത്തിനിറക്കിയത്. തങ്ങളുടെ നാല് സിറ്റിംഗ് എം എൽ എമാരെ ഉൾപ്പെടെ 34 നേതാക്കളെ എസ് പിയും മാറ്റി നിർത്തിയിരുന്നു. അതേസമയം ആദ്യ ഘട്ട വോട്ടെടുപ്പിൽ പടിഞ്ഞാറൻ യുപിയിൽ ബി ജെ പിയെ പിന്തുണച്ചിരുന്ന കർഷകർ ഉൾപ്പെടെയുള്ള ജാട്ട് വിഭാഗങ്ങളുടെ വോട്ട് തങ്ങളുടെ പെട്ടിയിൽ ആയെന്ന് എസ് പി -ആർ എൽ ഡി സഖ്യം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും രണ്ടാം ഘട്ടത്തിൽ ബി ജെ പിയെ പിന്തുണയ്ക്കുന്ന യാദവ ഇതര വോട്ടുകൾ നേടിയെടുക്കാൻ എസ് പിക്ക് എത്രമാത്രം സാധിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

2017 ൽ 403 അംഗ നിയമസഭയിൽ 312 സീറ്റുകൾ നേടിയായിരുന്നു ബി ജെ പിയുടെ വിജയം. ഇക്കുറിയും ബി ജെ പി വിജയം തന്നെയാണ് പുറത്തുവന്ന അഭിപ്രായ സർവ്വേകളെല്ലാം പ്രവചിച്ചത്. അതേസമയം സീറ്റുകൾ കുത്തനെ കുറയുമെന്നും സർവ്വേകൾ പ്രവചിക്കുന്നുണ്ട്. എന്നാൽ 300 സീറ്റുകൾ വരെ തങ്ങൾ നേടുമെന്നാണ് ബി ജെ പി നേതാക്കൾ അവകാശപ്പെടുന്നത്.












Click it and Unblock the Notifications