ബഹന്‍ജീ... ഇത് ശരിയല്ല; മായാവതിയുടേത് ബിജെപിയുടെ ഭാഷയെന്ന് ബൃന്ദ കാരാട്ട്
ലഖ്‌നൗ: ബി എസ് പി നേതാവ് മായാവതി സംസാരിക്കുന്നത് ബി ജെ പിയുടെ ഭാഷയിലാണ് എന്ന് സി പി ഐ എം (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ്) മുതിര്‍ന്ന നേതാവും പൊളിറ്റ്ബ്യൂറോ അംഗവുമായ ബൃന്ദ കാരാട്ട്. മുസ്ലിങ്ങള്‍ സമാജ്വാദി പാര്‍ട്ടിയില്‍ തൃപ്തരല്ലെന്നും എസ്പിക്ക് വോട്ട് ചെയ്യുന്നത് ഗുണ്ടാ രാജും മാഫിയ രാജുമാണെന്നും ബി എസ് പി മേധാവി പറഞ്ഞതിന് പിന്നാലെയാണ് ബൃന്ദ കാരാട്ടിന്റെ അഭിപ്രായം.
ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ട് ബി ജെ പിയുടെ ഭാഷയാണ് അവര്‍ സംസാരിക്കുന്നത്. ഇത് ഒട്ടും ഉചിതമല്ല. ബൃന്ദ കാരാട്ട് എ എന്‍ ഐയോട് പറഞ്ഞു. ബി ജെ പിയുടെ ഭാഷ എനിക്ക് മനസ്സിലാകും. ഈ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ ഭാഷ അധിക്ഷേപകരമായ ഭാഷയാണെന്നും ബൃന്ദ കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങള്‍ ഇതുവരെ നടന്നു, ജനങ്ങള്‍ വലിയ രീതിയില്‍ വന്ന് വോട്ട് രേഖപ്പെടുത്തി.

യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ ഉത്തര്‍പ്രദേശില്‍ ഒരു തരംഗമാണ് ഉയരുന്നത് എന്നതാണ് പോസിറ്റീവ് കാര്യം,'' ബൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു. ആര്‍ എസ് എസും (രാഷ്ട്രീയ സ്വയം സേവക് സംഘ്) ബി ജെ പിയും ( ഭാരതീയ ജനതാ പാര്‍ട്ടി) വര്‍ഗീയ പ്രശ്നങ്ങള്‍ മുന്‍നിരയില്‍ നിര്‍ത്തി ഭിന്നിപ്പിക്കുന്ന പ്രസംഗങ്ങള്‍ നടത്തുകയാണെന്നും ബൃന്ദ കാരാട്ട് ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പങ്ക് എന്തായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഉത്തര്‍പ്രദേശിലെ ജനങ്ങളല്ല, മറിച്ച് രാജ്യത്തെ മൊത്തത്തിലുള്ള ജനങ്ങളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുസ്ലീങ്ങളും ദളിതരും തങ്ങളുടെ പാര്‍ട്ടിക്ക് വോട്ട് ചെയ്യുമെന്നും തങ്ങള്‍ പൂര്‍ണ ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുമെന്നുമായിരുന്നു ബി എസ് പി അധ്യക്ഷയും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി പറഞ്ഞിരുന്നത്. ലഖ്‌നൗവിലെ മുനിസിപ്പല്‍ നഴ്‌സറി സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു മായാവതിയുടെ പ്രതികരണം. മുസ്ലീം സമൂഹം ഇതിനകം തന്നെ സമാജ്വാദി പാര്‍ട്ടിയോട് അതൃപ്തിയിലാണ്. എന്തിനാണ് അവര്‍ക്ക് വോട്ട് ചെയ്യുന്നത്? എസ് പിക്ക് വോട്ട് ചെയ്യുന്നത് വഴി സംസ്ഥാനത്ത് ഗുണ്ടാരാജും മാഫിയരാജുമാണ് വരിക എന്നതിനാല്‍ പോളിംഗിന് മുമ്പ് തന്നെ യു പി ജനത എസ് പിയെ തള്ളിക്കളഞ്ഞിരുന്നു എന്നും മായാവതി പറഞ്ഞിരുന്നു.

എസ് പി ഭരണകാലത്ത് കലാപങ്ങള്‍ നമ്മള്‍ കണ്ടതാണെന്നും മായാവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം ശരിയാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശില്‍ ബി എസ് പിയുടെ പ്രസക്തി നഷ്ടപ്പെടുകയാണെന്ന് പറയുന്നത് തെറ്റാണെന്നായിരുന്നു അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഉത്തര്‍പ്രദേശില്‍ നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 9 ജില്ലകളിലെ 59 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ് നടക്കുന്നത്. കര്‍ഷക കൂട്ടക്കൊല നടന്ന ലഖിംപൂര്‍ ഖേരി, റായ്ബറേലി, ഉന്നാവോ എന്നിവ ഇന്ന് വിധിയെഴുതുന്ന ജില്ലകളില്‍ ഉള്‍പ്പെടും.

624 സ്ഥാനാര്‍ത്ഥികളാണ് നാലാം ഘട്ട വോട്ടടെുപ്പില്‍ മത്സരിക്കുന്നത്. ഫെബ്രുവരി 10 നായിരുന്നു സംസ്ഥാനത്ത് ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചത്. ഫെബ്രുവരി 14 ന് രണ്ടാം ഘട്ട വോട്ടെടുപ്പും നടന്നു. ഫെബ്രുവരി 20 ന് മൂന്നാം ഘട്ട വോട്ടെടുപ്പും നടന്നു. ഫെബ്രുവരി 27, മാര്‍ച്ച് 3, 7 എന്നീ തീയതികളിലാണ് ബാക്കിയുള്ള ഘട്ടങ്ങള്‍ നടക്കുന്നത്. വോട്ടെണ്ണല്‍ മാര്‍ച്ച് 10 ന് നടക്കും.












Click it and Unblock the Notifications