ഉപേക്ഷിച്ച നിലയില്‍ ഇവിഎം മെഷീനുകള്‍; ഉത്തര്‍പ്രദേശില്‍ ഗുരുതര സുരക്ഷാ വീഴ്ച
ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട പോളിംഗിന് ശേഷം ഗുരുതര സുരക്ഷാ വീഴ്ച. കൈരാനയില്‍ നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തില്‍ ഉപേക്ഷിച്ച നിലയില്‍ ഇ വി എം (ഇലക്ടോണിക് വോട്ടിംഗ് മെഷീന്‍) കണ്ടെത്തി. സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇ വി എം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ചയായിരുന്നു ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പ്. കൈരാന ഉള്‍പ്പടെ 28 മണ്ഡലങ്ങളിലാണ് കഴിഞ്ഞ ദിവസം വോട്ടെടുപ്പ് നടന്നത്. ഷാംലി-പാനിപ്പത്ത് ഹൈവേയിലാണ് കാര്‍ കണ്ടെത്തിയത്.
ഇ വി എം കണ്ടെത്തിയ കാറില്‍ കൈരാന നിയോജക മണ്ഡലം സോണല്‍ മജിസ്ട്രേറ്റിന്റെ സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നു. പ്രാദേശിക സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സ്ഥലത്തെത്തി കാര്‍ പരിശോധിച്ചു. ജില്ലാ മജിസ്ട്രേറ്റിന് മുന്നിലെത്തി ഇ വി എം തുറന്നു നോക്കി. സംഭവം തിരഞ്ഞെടുപ്പ് സുരക്ഷാ ചട്ടങ്ങളുടെ ലംഘനമാണെന്ന് ജില്ലാ മജിസ്ട്രേറ്റ് സമ്മതിച്ചു. അതേസമയം ആദ്യഘട്ടത്തില്‍ 60.17 ശതമാനമാണ് ഉത്തര്‍പ്രദേശില്‍ പോളിംഗ് രേഖപ്പെടുത്തിയത്. 2017നെ അപേക്ഷിച്ച് പോളിംഗ് കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. അഞ്ച് വര്‍ഷം മുമ്പ് 63.5 ശതമാനമായിരുന്നു പോളിംഗ്. അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെയാണ് തെരഞ്ഞെടുപ്പ് നടന്നത്. പശ്ചിമ യുപിയിലെ 58 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്.

ചിലയിടങ്ങളില്‍ ഇ വി എം മെഷീനും വിവിപാറ്റും പണിമുടക്കി. സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്നാണ് രണ്ടും തടസപ്പെട്ടത്. എന്നാല്‍ ഇത് വളരെ പെട്ടെന്ന് തന്നെ പരിഹരിക്കപ്പെട്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അജയ് കുമാര്‍ ശുക്ല അറിയിച്ചു. ഒന്നാം ഘട്ടത്തില്‍ നിരവധി പ്രമുഖരാണ് ജനവിധി തേടിയത്. നോയിഡ എം എല്‍ എയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ മകനുമായ പങ്കജ് സിംഗ്, ആഗ്ര റൂറലില്‍ നിന്ന് മത്സരിക്കുന്ന ബേബി റാണി മൗര്യ എന്നിവര്‍ ജനവിധി തേടി കഴിഞ്ഞു. യോഗി ആദിത്യനാഥ് സര്‍ക്കാരിലെ ഒമ്പത് മന്ത്രിമാരാണ് ജനവിധി തേടുന്നത്.

വ്യാഴാഴ്ച രാവിലെ ഏഴ് മണിയ്ക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറ് മണിയ്ക്കാണ് അവസാനിച്ചത്. ആദ്യ ഘട്ടത്തില്‍ 623 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ശക്തമായ ജാട്ട് സ്വാധീനമുള്ള മേഖലയാണ് പടിഞ്ഞാറന്‍ യുപി. കഴിഞ്ഞ ദിവണ ഇവിടെ 53 സീറ്റിലും ബി ജെ പി ജയിച്ചിരുന്നു. എന്നാല്‍ കര്‍ഷക സമരം ഉയര്‍ത്തിവിട്ട അലയൊലികളാണ് ബി ജെ പിയെ പ്രതിരോധത്തിലാക്കുന്നത്. കാര്‍ഷിക നിയമം പിന്‍വലിച്ചെങ്കിലും ജാട്ട് സമുദായങ്ങള്‍ക്ക് ബി ജെ പിയോട് അതൃപ്തി രൂപപ്പെട്ടിട്ടുണ്ട്. അത് മുതലാക്കാമെന്ന പ്രതീക്ഷയിലാണ് സമാജ് വാദി പാര്‍ട്ടി.

പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ അനുയായികളുള്ള ചെറിയ പാര്‍ട്ടികളുമായി മുസ്ലീം - യാദവ് പിന്തുണാ അടിത്തറ വര്‍ദ്ധിപ്പിച്ചിട്ടുണ്ട് അഖിലേഷ് വര്‍ധിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രധാന സഖ്യകക്ഷി രാഷ്ട്രീയ ലോക് ദളിന്റെ ജയന്ത് ചൗധരിയാണ്. ആര്‍ എല്‍ ഡിയ്ക്ക് 30-ലധികം സീറ്റുകളില്‍ നിര്‍ണായക സ്വാധീനമുണ്ട്. ദളിതര്‍ക്കിടയില്‍ വലിയ പിന്തുണയുള്ള മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയും 20 സീറ്റുകളിലെങ്കിലും ഫലങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

11 ജില്ലകളിലായാണ് 58 മണ്ഡലങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ബാഗ്പത്, ഗാസിയാബാദ്, ബുലന്ദ്ഷഹര്‍, അലിഗഡ്, മഥുര, ആഗ്ര, ഷാംലി, ഹാപൂര്‍, ഗൗതം ബുദ്ധ നഗര്‍, മുസഫര്‍നഗര്‍, മീററ്റ് എന്നീ ജില്ലകളിലാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്. ബി ജെ പി ജാട്ട് സമുദായത്തില്‍ നിന്ന് 17 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. എസ് പി- ആര്‍ എല്‍ ഡി സഖ്യം 18 സ്ഥാനാര്‍ത്ഥികളേയും ജാട്ട് സമുദായത്തില്‍ നിന്ന് മത്സരിപ്പിക്കുന്നുണ്ട്. ആര്‍ എല്‍ ഡി 12 ഉം എസ് പി ആറും ജാട്ട് സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിക്കുന്നത്.












Click it and Unblock the Notifications