സൗജന്യ റേഷന്‍ നല്‍കി ആശ്രിതരാക്കുന്നത് നിര്‍ത്തൂ, തൊഴില്‍ നല്‍കി സ്വയം പര്യാപ്തരാക്കൂ: പ്രിയങ്ക ഗാന്ധി
ലഖ്‌നൗ: കഴിഞ്ഞ അഞ്ച് വര്‍ഷമായി ബി ജെ പിയ്‌ക്കെതിരെ പോരാടത്തവരാണ് സമാജ്വാദി പാര്‍ട്ടിയും (എസ്പി) ബഹുജന്‍ സമാജ് പാര്‍ട്ടിയും (ബി എസ് പി) എന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പകരം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളെ ഭയന്ന് ബി ജെ പിയുമായി ഇരുപാര്‍ട്ടികളും കൂട്ടുകൂടിയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. സിദ്ധാര്‍ത്ഥനഗര്‍ ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് തേടി പൊതുസമ്മേളനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. തൊഴില്‍ നല്‍കി ജനങ്ങളെ സ്വയം പര്യാപ്തരാക്കുന്നതിന് പകരം സൗജന്യ റേഷനായി ബി ജെ പി ആളുകളെ ആശ്രിതരാക്കുകയാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
'ജനങ്ങള്‍ക്ക് വേണ്ടി പോരാടുന്നത് കോണ്‍ഗ്രസ് മാത്രമാണ്, എസ് പി, ബി എസ് പി, ബി ജെ പി എന്നീ പാര്‍ട്ടികള്‍ പങ്കാളികളാണ്. ഇവരെല്ലാം ജാതി-മത കാര്‍ഡുകള്‍ കളിച്ച് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ആഗ്രഹിക്കുന്നു. തൊഴില്‍ നല്‍കാനോ കാര്‍ഷിക മേഖലയെയോ വ്യാപാരികളെയോ സ്ത്രീകളെയോ ശക്തിപ്പെടുത്താനോ ബി ജെ പി ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ല. പക്ഷേ അവര്‍ ഇപ്പോഴും വിജയം ഉറപ്പിക്കുമെന്ന് അവകാശവാദം ഉന്നയിക്കുന്നു, ''പ്രിയങ്ക പറഞ്ഞു. പിന്നെ ബി ജെ പിയെ പരാജയപ്പെടുത്തുമെന്ന് പറയുന്ന എസ് പിയുണ്ട്. പോരാടാതെ ജയിച്ച ഏതെങ്കിലും പോരാട്ടം ലോകചരിത്രത്തിലുണ്ടോ എന്നാണ് തനിക്ക് അവരോട് ചോദിക്കാനുള്ളതെന്നും പ്രിയങ്ക പറഞ്ഞു.

സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനും (സി എ എ), ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ (എന്‍ ആര്‍ സി) പ്രതിഷേധങ്ങള്‍ക്കും ആഗ്രയിലെ ഒരു ദളിത് കുടുംബത്തിനും ഹത്രാസ് ബലാത്സംഗത്തിനും കൊലപാതകത്തിനും ഇരയായ പെണ്‍കുട്ടിയ്ക്ക് നീതിക്കായും എസ് പിയും ബി എസ് പിയും ഒന്നും ചെയ്തില്ലെന്നും പ്രിയങ്ക ആരോപിച്ചു. അടുത്തിടെ ചില കര്‍ഷകരും മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ട ലഖിംപൂര്‍ ഖേരി സംഭവത്തിലും ഈ കക്ഷികള്‍ മൗനം പാലിച്ചെന്നും പ്രിയങ്ക പറഞ്ഞു. എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവ് നിങ്ങളുടെ അടുത്ത് വന്നിട്ടില്ല, പ്രതിഷേധത്തില്‍ പങ്കെടുത്തിട്ടില്ല. ബി എസ് പി അധ്യക്ഷ മായാവതി വീടിന് പുറത്തേക്ക് പോലും ഇറങ്ങിയിരുന്നില്ല.

ഇരുവരും സോഷ്യല്‍ മീഡിയയില്‍ ട്വീറ്റ് ചെയ്തതേയുള്ളൂവെന്നും ഇരകള്‍ക്കൊപ്പം നിന്നതും അവരെ ഓര്‍ത്തതും കോണ്‍ഗ്രസ് മാത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബി ജെ പിയ്‌ക്കെതിരെ പോരാടിയാല്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമുണ്ടാകും എന്ന പേടിയില്‍ ബി എസ് പിയും എസ് പിയും സര്‍ക്കാര്‍ രൂപീകരിച്ചാലും ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു. സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ ഉന്നമനത്തിനായി ജാതി മത ഭേദമന്യേ വോട്ട് ചെയ്യാനും പ്രിയങ്ക ഗാന്ധി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നിങ്ങളുടെ അടുത്ത് അതിക്രമങ്ങള്‍ നടക്കുമ്പോള്‍, നിങ്ങള്‍ ഏത് ജാതിയിലോ മതത്തിലോ ആണെന്ന് ആരെങ്കിലും ചോദിക്കുമോ? വിലക്കയറ്റവും തൊഴിലില്ലായ്മയും ഉണ്ടാകുമ്പോള്‍ അത് നിങ്ങളുടെ ജാതിയോ മതമോ ചോദിക്കുമോ?

പിന്നെ എന്തിനാണ് ഈ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ജാതിയെയും മതത്തെയും കുറിച്ച് സംസാരിക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു. എന്തിനാണ് മറ്റ് പാര്‍ട്ടികളുടെ നേതാക്കള്‍ പാകിസ്ഥാനെ കുറിച്ചും ഭീകരവാദത്തെ കുറിച്ചും ബുള്‍ഡോസറുകളെ കുറിച്ചും റഷ്യയെയും യുക്രൈനിനേയും കുറിച്ച് പൊതുവേദികളില്‍ നിന്ന് സംസാരിക്കുന്നതെന്നും അവര്‍ ചോദിച്ചു. ''ഇവ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുന്നുണ്ടോ, നിങ്ങളുടെ വികസനത്തിന് ഏതെങ്കിലും വിധത്തില്‍ സഹായിക്കുന്നുണ്ടോ? കണ്ണുതുറന്ന് നോക്കൂ, ഈ ആളുകള്‍ക്ക് മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കുന്നുള്ളൂ, ''അവര്‍ പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടി മാത്രമാണ് ജനങ്ങള്‍ക്ക് വേണ്ടി പോരാടിയതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. നിങ്ങളുടെ പ്രശ്നങ്ങള്‍ക്കായി തെരുവിലിറങ്ങിയത് കോണ്‍ഗ്രസ് മാത്രമാണ്. കോണ്‍ഗ്രസ് നിങ്ങളോട് മതവും ജാതിയും ചോദിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരില്‍ വോട്ട് ചെയ്ത് നേതാക്കളുടെ ശീലങ്ങള്‍ നിങ്ങള്‍ നശിപ്പിച്ചു. അവരുടെ ഈ ശീലം എപ്പോഴാണ് നിങ്ങള്‍ തകര്‍ക്കാന്‍ പോകുന്നത്? ഈ വിഷയങ്ങളില്‍ എല്ലാ തിരഞ്ഞെടുപ്പുകളിലും നിങ്ങള്‍ അവര്‍ക്ക് വോട്ട് ചെയ്യുമെന്ന് അവര്‍ക്കറിയാം, അതിനാല്‍ അവര്‍ നിങ്ങള്‍ക്കായി പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് അവര്‍ കരുതുന്നു, ''പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications