യുപി പരിപാടി മോദി ഓണ്‍ലൈനിലേക്ക് മാറ്റി; കളിയാക്കി പ്രതിപക്ഷം, കാലാവസ്ഥ ശരിയല്ല
ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി യുപിയിലെ റാലി ഓണ്‍ലൈനിലേക്ക് മാറ്റിയതിനെ പരിഹസിച്ച് പ്രതിപക്ഷം. യുപിയിലെ ബിജ്‌നോറില്‍ കൂറ്റന്‍ റാലി സംഘടിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചിരുന്നു. നരേന്ദ്ര മോദി നേരിട്ട് പങ്കെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ പരിപാടിയുടെ തൊട്ടുമുമ്പ് മോദിയുടെ പ്രസംഗം ഓണ്‍ലൈനിലേക്ക് മാറ്റുകയായിരുന്നു. കാലാവസ്ഥ ശരിയല്ലാത്തതിനാല്‍ യാത്ര അസാധ്യമാണ് എന്നായിരുന്നു വിശദീകരണം. ഇതിന് പിന്നാലെയാണ് മോദിയെ പരിഹസിച്ച് ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി രംഗത്ത് വന്നത്.
എസ്പിക്കൊപ്പം സഖ്യം ചേര്‍ന്നാണ് ആര്‍എല്‍ഡി മല്‍സരിക്കുന്നത്. അഖിലേഷ് യാദവിനെയും ജയന്ത് ചൗധരിയെയും വിമര്‍ശിച്ച് ഒരു ഭാഗത്ത് ബിജെപി രംഗത്തുവരികയും ജയന്ത് ചൗധരിയെ മാത്രം കൂടെ നിര്‍ത്താന്‍ അമിത് ഷാ ശ്രമിക്കുകയും ചെയ്യവെയാണ് ചൗധരിയുടെ പരിഹാസം. ബിജ്‌നോറിലെ ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ ബിജെപിക്ക് കഴിയില്ലെന്ന് ചൗധരി പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് നല്‍കിയ വാഗ്ദാനം ബിജെപി പാലിച്ചിട്ടില്ലെന്നും ചൗധരി കുറ്റപ്പെടുത്തി.

മികച്ച വൈദ്യുതിയും വികസനവും ബിജ്‌നോറിലെ ജനങ്ങള്‍ക്ക് ബിജെപി വാഗ്ദാനം നല്‍കിയിരുന്നു. അത് പാലിക്കപ്പെട്ടിട്ടില്ല. മോദി ഇന്ന് ബിജ്‌നോറിലെത്തുമെന്നാണ് അറിയിച്ചത്. ഇവിടെയുള്ള ജനങ്ങള്‍ക്ക് ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു. അത് ചോദിക്കാനുള്ള അവസരമായിരുന്നു. എന്നാല്‍ പെട്ടെന്ന് ബിജെപിയുടെ കാലാവസ്ഥ മോശമായെന്നും ചൗധരി മീറ്ററില്‍ നടന്ന റാലിയില്‍ സംസാരിക്കവെ പറഞ്ഞു. കാലാവസ്ഥ മോശമായതിനാല്‍ മോദി നേരിട്ടെത്തില്ലെന്ന് ബിജെപി അറിയിച്ച പിന്നാലെ കാലാവസ്ഥ ആപ്പിലെ വിവരങ്ങള്‍ ജയന്ത് ചൗധരി ട്വീറ്റ് ചെയ്തു. ബിജ്‌നോറില്‍ മികച്ച കാലാവസ്ഥയാണെന്നാണ് ആപ്പിലുള്ളത്. എന്നാല്‍ ബിജെപിക്ക് കാലാവസ്ഥ മോശമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
പടിഞ്ഞാറന്‍ യുപിയിലെ ജാട്ട് സമുദായത്തിനിടയില്‍ വലിയ സ്വാധീനമുള്ള നേതാവാണ് ജയന്ത് ചൗധരി. ജാട്ടുകള്‍ ഇത്തവണ ബിജെപിക്കെതിരെ തിരിയുമെന്ന ആശങ്ക ബിജെപി നേതൃത്വത്തിനുണ്ട്. കഴിഞ്ഞ തവണ ബിജെപിയെ പിന്തുണച്ച മേഖലയാണ് പടിഞ്ഞാറന്‍ യുപി. ഇവിടെ ഇത്തവണ മാറുമെന്നാണ് സൂചന. ഇത് തിരിച്ചടിയാകുമെന്ന് മനസിലാക്കിയാണ് ആര്‍എല്‍ഡിയെ കൂടെ നിര്‍ത്താന്‍ അമിത് ഷാ ശ്രമിച്ചത്. ജയന്ത് ചൗധരി ബിജെപിക്കൊപ്പം നില്‍ക്കണമെന്നും അദ്ദേഹം നല്ല വ്യക്തിയാണെങ്കിലും എത്തിയിരിക്കുന്നത് മോശം സഖ്യത്തിലാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. അതേസമയം, ജയന്ത് ചൗധരി ബിജെപിക്കൊപ്പം നിന്നില്ലെങ്കിലും ആശങ്കയില്ലെന്ന് യോഗി ആദിത്യനാഥ് പ്രതികരിച്ചു. അദ്ദേഹം മുന്‍ തിരഞ്ഞെടുപ്പുകളിലും ബിജെപിക്കൊപ്പമുണ്ടായിരുന്നില്ല. അന്ന് ബിജെപി മികച്ച വിജയം നേടിയിരുന്നുവെന്നും യോഗി പറഞ്ഞു.












Click it and Unblock the Notifications