കര്‍ഷകരെ കടത്തില്‍ നിന്ന് മുക്തരാക്കും; വമ്പന്‍ പ്രഖ്യാപനങ്ങളുമായി അഖിലേഷിന്റെ പ്രകടനപത്രിക
ലഖ്‌നൗ: വരാനിരിക്കുന്ന ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പിനായി പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. 2012 ല്‍ എസ് പി പ്രകടനപത്രിക പുറത്തിറക്കിയപ്പോഴും ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ചപ്പോഴും വിവിധ വാഗ്ദാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും യോഗം നടത്തുകയും ആ വാഗ്ദാനങ്ങളെല്ലാം നിറവേറ്റുകയും ചെയ്തതായി അഖിലേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2022-ലെ പ്രകടനപത്രികയുമായി ഞങ്ങള്‍ ആളുകളിലേക്ക് ഇറങ്ങുകയാണെന്ന് അഖിലേഷ് പറഞ്ഞു.
നാല് വര്‍ഷത്തിനുള്ളില്‍ എല്ലാ കര്‍ഷകരെയും കടത്തില്‍ നിന്ന് മുക്തരാക്കുമെന്നും പാവപ്പെട്ട കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന 'ക്രിണ്‍ മുക്തി' നിയമം നിര്‍മ്മിക്കുമെന്നും യാദവ് പറഞ്ഞു. എല്ലാ വിളകള്‍ക്കും മിനിമം താങ്ങുവില (എം എസ് പി) വാഗ്ദാനം ചെയ്യുന്നു. കൂടാതെ കരിമ്പ് കര്‍ഷകര്‍ക്ക് 15 ദിവസത്തിനുള്ളില്‍ പണം നല്‍കുമെന്ന് ഉറപ്പാക്കും. ആവശ്യമെങ്കില്‍ ഇതിനായി ഒരു സമിതി രൂപീകരിക്കുമെന്നും യാദവ് പറഞ്ഞു. 88 പേജുള്ള പ്രകടനപത്രികയാണ് എസ് പി പുറത്തിറക്കിയിരിക്കുന്നത്.

എല്ലാ കര്‍ഷകര്‍ക്കും ജലസേചനത്തിന് സൗജന്യ വൈദ്യുതി ലഭിക്കും. പലിശ രഹിത വായ്പ, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ക്രമീകരണങ്ങള്‍ എന്നിവ ഉണ്ടാക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എം ജി എന്‍ ആര്‍ ഇ ജി എസ്) മാതൃകയില്‍ നഗര തൊഴിലുറപ്പ് നിയമം കൊണ്ടുവരുമെന്ന് അഖിലേഷ് പറഞ്ഞു. പൊലീസ് വകുപ്പില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
പ്രൈമറി ക്ലാസുകള്‍ മുതല്‍ ബിരുദാനന്തര ബിരുദം വരെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ, 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷ പാസാകുന്ന പെണ്‍കുട്ടികള്‍ക്ക് ഒറ്റത്തവണയായി 36,000 ലഭിക്കുന്ന 'കന്യാ വിദ്യാ ധന്' പദ്ധതി വീണ്ടും ആരംഭിക്കും. 12-ാം ക്ലാസ് കഴിയുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലാപ്ടോപ്പ് നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. സമാജ്വാദി പെന്‍ഷന്‍' പുനരാരംഭിക്കുമെന്നും, പ്രായമായവര്‍ക്കും നിര്‍ദ്ധനരായ സ്ത്രീകള്‍ക്കും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള (ബി പി എല്‍) വിഭാഗത്തിലുള്ള കുടുംബങ്ങള്‍ക്കും പ്രതിവര്‍ഷം 18,000 രൂപ വീതം ലഭിക്കുമെന്നും യാദവ് പറഞ്ഞു. ഇത് ഒരു കോടിയോളം കുടുംബങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, സമാജ്വാദി കാന്റീനുകളും 'കിരണ' (പലചരക്ക്) സ്റ്റോറുകളും സ്ഥാപിക്കുമെന്നും അവിടെ പാവപ്പെട്ട തൊഴിലാളികള്‍ക്കും നിരാലംബര്‍ക്കും റേഷനും മറ്റ് അവശ്യവസ്തുക്കളും വിലയിളവില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ കാന്റീനുകള്‍ 10 രൂപയ്ക്ക് 'സമാജ്വാദി താലി (ഭക്ഷണം)' നല്‍കും. സംസ്ഥാനത്തെ പട്ടിണി പ്രശ്‌നം അവസാനിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് എസ് പി അധ്യക്ഷന്‍ പറഞ്ഞു. സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികള്‍ക്കായി ഒരു ഹെല്‍പ്പ് ലൈന്‍ നമ്പര്‍ - '1890 മസ്ദൂര്‍ പവര്‍ ലൈന്‍' ആരംഭിക്കുമെന്നും, പ്രകടനപത്രികയില്‍ പറയുന്നു.












Click it and Unblock the Notifications