യുപിയിൽ കോൺഗ്രസിനെ അത്രവേഗം തിരികെ കൊണ്ടുവരുക പ്രിയങ്കയ്ക്ക് എളുപ്പമാകില്ല; കാരണങ്ങളും കണക്കുകളും
2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനൽ പോരാട്ടമാണ് ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്
ലഖ്നൗ: കോൺഗ്രസിനെ സംബന്ധിച്ചടുത്തോളം ഇനി ഒരു തവണകൂടി പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നാൽ അത് പാർട്ടിയുടെ പൂർണ പതനത്തിലേക്കാകും വഴിതെളിക്കുക. അതുകൊണ്ട് തന്നെ ഇനി ഒരു മടങ്ങി വരവിന് താമസം വരുത്തരുത് എന്ന വ്യക്തമായ ബോധ്യം നേതൃത്വത്തിനും പ്രവർത്തകർക്കുമുണ്ട്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനൽ പോരാട്ടമാണ് ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്. ഒരു കാലത്ത് കോൺഗ്രസ് കോട്ടിയായിരുന്ന ഉത്തർ പ്രദേശിന്റെ നിലവിലത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ പൂർണമായും അരികിലേക്ക് മാറ്റി നിർത്തപ്പെട്ടിരിക്കുന്നു. ഇവിടെ കോൺഗ്രസിന്റെ പുനരുജ്ജീവനത്തിന് പാർട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത് ഗാന്ധി കുടുംബത്തിലെ പിന്മുറക്കാരി പ്രിയങ്കയെയാണ്.

2022 നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമോ പ്രിയങ്കയെന്ന ചോദ്യമാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ഉത്തർ പ്രദേശിൽ പാർട്ടിയെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരുക എന്ന വലിയ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രവർത്തിക്കുന്ന പ്രിയങ്കയ്ക്ക് അതുകൂടെ ചെയ്തേ മതിയാകൂ എന്നാണ് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്താൻ കോൺഗ്രസിനോ പ്രിയങ്കയ്ക്കോ സാധിച്ചട്ടില്ല. പാർട്ടി മുഖ്യമന്ത്രി സ്ഥാനാർഥിയുടെ കാര്യത്തിൽ പൂർണമായും മൗനം പാലിക്കുകയാണ്. എന്നാൽ പ്രിയങ്ക അത്തരം സാധ്യതകളെ തള്ളികളയുന്നുമില്ല. ഉചിതമായ സമയത്ത് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രിയങ്ക പറയുന്നത്.
എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിനെ ശക്തിപ്പെടുത്തേണ്ട ഉത്തരവാദിത്വം പ്രിയങ്കയ്ക്കുണ്ട്. അത് അവരെ സംബന്ധിച്ചടുത്തോളം അത്ര എളുപ്പമാകില്ല. 2017ലെ തിരഞ്ഞെടുപ്പിൽ എസ്‌പിയുമായി സഖ്യമുണ്ടായിരുന്നിട്ട് പോലും കോൺഗ്രസിന് നേടാനായത് പത്തിൽ താഴെ സീറ്റുകളാണ്. കൃത്യമായി പറഞ്ഞാൽ ഏഴ്. അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും കോൺഗ്രസിന്റേത് നിറം മങ്ങിയ പ്രകടനമായിരുന്നു.

മുപ്പത് വർഷം മുൻപ് ഉണ്ടായിരുന്ന കോൺഗ്രസല്ല ഇപ്പോൾ ഉത്തർ പ്രദേശിലുള്ളത്. ബിജെപിയിലേക്കും എസ്‌പിയിലേക്കും പോയ പ്രവർത്തകരെ തിരിച്ചെത്തിക്കുക നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിന് അപ്രാപ്യമായ കാര്യമാണ്. അതുകൊണ്ട് തന്നെ അത്ഭുതങ്ങളൊന്നും കോൺഗ്രസ് നേതൃത്വമോ പ്രവർത്തകരോ പ്രതീക്ഷിക്കുന്നില്ല. എന്നാൽ പരമാവധി വോട്ട് നേടുക അനിവാര്യമാണ്. ഏറ്റവും കൂടുതൽ ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഇവിടെ സീറ്റുകളെപോലെ തന്ന ഓരോ വോട്ടും നിർണായകമാണ്.

ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി 2019ലാണ് പ്രിയങ്ക എത്തുന്നത്. 2022 നിയമസഭാ തിരഞ്ഞെടുപ്പ് തന്നെയായിരുന്നു ഇതിന് മുന്നിലുള്ള പ്രധാന അജണ്ട. എന്നാൽ കഴിഞ്ഞ ഒന്നര വർഷത്തോളം വ്യക്തമായ ഒരു വിടവ് അവർക്ക് ഉത്തർ പ്രദേശ് രാഷ്ട്രീയത്തിലുണ്ടായി. നിലവിൽ സംസ്താനത്തെ പല പ്രശ്നങ്ങളിലും സജീവമായി ഇടപ്പെടുകയും യോഗി ആദിത്യനാഥിന്റെ ബിജെപി സർക്കാരിനെതിരെ ആഞ്ഞടിക്കുകയുമെല്ലാം ചെയ്യുന്നുണ്ടെങ്കിലും ഇത്രയും നാൾ വിട്ടു നിന്നത് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.

ഇപ്പോൾ ലഖ്നൗവിൽ ക്യാംപ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനാണ് പ്രിയങ്ക ഒരുങ്ങുന്നത്. അതിന്റെ ഭാഗമായുള്ള നടപടികളും അവർ ആരംഭിച്ചു കഴിഞ്ഞു. ഇവിടെ പ്രിയങ്കയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി നേതാക്കളെ ഒരു കുടക്കീഴിൽ വ്യക്തമായ ഒരു ലക്ഷ്യത്തിലേക്ക് നയിക്കുക എന്നതാണ്. പ്രിയങ്കയുടെ രണ്ടാം വരവിന് മുൻപുള്ള സമയം സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ പണിയെടുത്തത് അവരുടെ വ്യക്തിപരമായ താൽപര്യങ്ങൾക്കുവേണ്ടി ആയിരുന്നുവെന്ന ആക്ഷേപം പാർട്ടിക്കുള്ളിൽ തന്നെയുണ്ട്.
പാർട്ടി സംസ്ഥാനത്ത് നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് യുപിസിസി അധ്യക്ഷൻ അജയ് കുമാർ ലല്ലു അംഗീകരിക്കുന്നു. "അടിത്തട്ടിൽ സംഘടനയെ പുനരുജ്ജീവിപ്പിക്കുക, ജില്ലാതലത്തിൽ പാർട്ടി നേതാക്കളെ കോൺഗ്രസ് പ്രവർത്തകർ എന്ന നിലയിൽ അവരുടെ മൂല്യം തിരിച്ചറിയുക, യുപിയിലെ രാഷ്ട്രീയ രംഗത്ത് കോൺഗ്രസിന്റെ ഒരു സംഘടന എന്ന നിലയിൽ ദൃശ്യപരത വർദ്ധിപ്പിക്കുക," അദ്ദേഹം പറയുന്നു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാതാവ് സോണിയ ഗാന്ധിയുടെയും സഹോദരൻ രാഹുൽ ഗാന്ധിയുടെ പോൾ മാനേജ്മെന്റായിരുന്നു പ്രിയങ്ക നോക്കിയിരുന്നു. എന്നാൽ കോൺഗ്രസിന്റെ ഉറച്ച കോട്ടകളായ റായ് ബറേലിയിലും അമേഠിയിലും പാർട്ടി തിരിച്ചടി നേരിട്ടു. സോണിയ ചെറിയ മാർജിനിലാണെങ്കിലും വിജയിച്ച് കയറിയപ്പോൾ അമേഠിയിൽ രാഹുലിന് സ്മൃതി ഇറാനിക്ക് മുന്നിൽ തോൽവി വഴങ്ങേണ്ടി വന്നു. അതുകൊണ്ട് തന്നെ 2022 നിയമസഭാ തിരഞ്ഞെടുപ്പ് പ്രിയങ്കയുടെ സംഘാടക മികവിന്റെയും നേതൃത്വ പാഠവത്തിന്റെയും പരീക്ഷണ ശാലകൂടിയാകും.
2019 മുതൽ ആരംഭിച്ച പുനരുജ്ജീവന നീക്കങ്ങളിൽ അവർ ആദ്യം നേതൃത്വത്തെ ശക്തമാക്കുകയാണ് ചെയ്തത്. പ്രിയങ്ക എത്തുമ്പോൾ യുപിയിൽ പാർട്ടിക്ക് 500 അംഗ സംസ്ഥാന നിർവാഹക സമിതി ഉണ്ടായിരുന്നു. അവർ അത് 115 ആയി കുറച്ചു. അജയ് കുമാർ ലല്ലു എന്ന പിന്നോക്ക വിഭാഗത്തിൽപ്പെട്ട ഒരു നേതാവിനെ പാർട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ തലവനാക്കുകയും ചെയ്തു. ഇപ്പോൾ യുപിസിസി എക്സിക്യൂട്ടീവിൽ 16 ജനറൽ സെക്രട്ടറിമാരും ആറ് വൈസ് പ്രസിഡന്റുമാരുമുണ്ട്.

ജാതി രാഷ്ട്രീയം നിറഞ്ഞു കളിക്കുന്ന ഉത്തർ പ്രദേശിൽ സംഘടനാ നേതൃത്വത്തിലും അത് മനസിലാക്കിയുള്ള നീക്കങ്ങളാണ് അവർ നടത്തിയത്. മുന്നാക്ക പിന്നാക്ക ജാതിയിൽപ്പെട്ട 34 ശതമാനം പേർ വീതം നേതൃത്വത്തിന്റെ ഭാഗമായപ്പോൾ മുസ്ലിം വിഭാഗത്തിൽ നിന്ന് 17 ശതമാനം പേരെയും എസ്‌സി, എസ്ടി വിഭാഗങ്ങളിൽ നിന്ന് 12 ശതമാനം പേരെയും ഉൾപ്പെടുത്തി. സിഖ് വിഭാഗത്തിൽ നിന്ന് ഒന്നും മറ്റ് വിഭാഗങ്ങളിൽ നിന്ന് രണ്ടും ശതമാനം ആളുകൾ നേതൃത്വത്തിന്റെ ഭാഗമായി. ജില്ലാ തലത്തിൽ പോലും, പാർട്ടി പുനഃസംഘടിപ്പിച്ചപ്പോൾ ഇത് മാനദണ്ഡമായി. 75 ജില്ലാ പ്രസിഡന്റുമാരിൽ 36 പേർ ഉയർന്ന ജാതികളിൽനിന്നും 12 പേർ മുസ്ലീങ്ങളിൽ നിന്നും 19 പേർ പിന്നോക്ക ജാതിയിൽ നിന്നുമാണ്.
Recommended Video

എന്നാൽ ഈ മാറ്റങ്ങളൊന്നും അത്രവേഗം കോൺഗ്രസിന് ഗുണം ചെയ്യില്ല. ഒറ്റയ്ക്ക് മുന്നിലെത്തുകയും പ്രയാസമാണ്.വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പാർട്ടികളുമായുള്ള സഖ്യത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഇപ്പോഴും നിലനിൽക്കുന്നു. സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഏതെങ്കിലും സഖ്യത്തിനെതിരാണെങ്കിലും അത്തരമൊരു സാധ്യത തുറന്നിടണമെന്നാണ് പ്രിയങ്ക അവർക്ക് നൽകിയിരിക്കുന്ന നിർദേശം. സ്ഥാനാർഥി നിർണയ ചർച്ചകളും അവസാന ഘട്ടത്തിലെത്തിയിരിക്കുന്നു.
ഉത്തര്‍പ്രദേശില്‍ ബിജെപിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്. യുപിയില്‍ കിംഗ് മേക്കറല്ല ഇത്തവണ കിംഗായി തന്നെ കോണ്‍ഗ്രസ് മാറുമെന്ന് മുതിര്‍ന്ന നേതാവ് ധീരജ് ഗുജ്ജര്‍. 2022ല്‍ കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ ശക്തി എല്ലാവരും അറിയും. യുപിയുടെ അധികാരം കോണ്‍ഗ്രസിന്റെ കൈയ്യിലായിരിക്കും. യുപിയില്‍ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുമെന്നും ധീരജ് ഗുജ്ജര്‍ പറഞ്ഞു. യുപിയില്‍ 50 സീറ്റ് വരെ നേടിയാല്‍ പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസ് കിംഗ് മേക്കറാവുമെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ അത്തരം വാദങ്ങളെയാണ് ധീരജ് തള്ളിയിരിക്കുന്നത്.












Click it and Unblock the Notifications