സ്വന്തം മണ്ഡലമുള്‍പ്പെട്ട സീറ്റുകള്‍ എല്ലാം നഷ്ടമായി; ബിഎസ്പി ചീഫ് വിപ്പിനെ മാറ്റി മായാവതി
ലഖ്‌നൗ: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ ബി എസ് പിയില്‍ നടപടി. റിതേഷ് പാണ്ഡെയെ മാറ്റി പാര്‍ട്ടിയുടെ ചീഫ് വിപ്പായിരുന്ന ഗിരീഷ് ചന്ദ്ര ജാതവിനെ ലോക്സഭയിലെ പാര്‍ട്ടി നേതാവായി നിയമിച്ചു. സംഗീത ആസാദ് ബി എസ് പിയുടെ പുതിയ ചീഫ് വിപ്പാകും. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷം പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളിലെ ആദ്യ മാറ്റമാണ് ഇത്. ബ്രാഹ്മണനായ പാണ്ഡെ അംബേദ്കര്‍ നഗര്‍ മണ്ഡലത്തെയും ദളിതനായ ജാതവ് നാഗിന (എസ് സി-സംവരണം) മണ്ഡലത്തെയും പ്രതിനിധീകരിക്കുന്നു.
അതിനിടെ, ജാതവിന് പകരം ലാല്‍ഗഞ്ചില്‍ നിന്നുള്ള എം പി സംഗീത ആസാദിനെ (എസ് സി സംവരണം) പാര്‍ട്ടി ചീഫ് വിപ്പായി നിയമിച്ചു. ബി എസ് പി പാര്‍ലമെന്ററി ബോര്‍ഡ് അധ്യക്ഷ മായാവതി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തയച്ചിട്ടുണ്ട്. ലോക്‌സഭയില്‍ ബി എസ് പിക്ക് 10 അംഗങ്ങളാണുള്ളത്. അതേസമയം, ശ്രാവസ്തി എം പി രാം ശിരോമണി വര്‍മ പാര്‍ട്ടിയുടെ ഉപ നേതാവായി തുടരും.

അടുത്തിടെ നടന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി എസ് പി ഒരു സീറ്റില്‍ മാത്രമാണ് വിജയിച്ചത്. വോട്ട് വിഹിതം 12.8 ശതമാനമായി കുറയുകയും ചെയ്തിരുന്നു. റിതേഷ് പാണ്ഡെയുടെ മണ്ഡലമായ അംബേദ്കര്‍ നഗര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി എസ് പിയുടെ ശക്തി കേന്ദ്രമായാണ് കണക്കാക്കപ്പെട്ടിരുന്നത്. 2017 ല്‍, സംസ്ഥാനത്ത് ശക്തമായ ബി ജെ പി തരംഗം ഉണ്ടായപ്പോഴും, അംബേദ്കര്‍ നഗറില്‍ നിന്ന് ബി എസ് പി മൂന്ന് നിയമസഭാ സീറ്റുകള്‍ നേടിയിരുന്നു. കതേരി, ജലാല്‍പൂര്‍, അക്ബര്‍പൂര്‍ എന്നിവയായിരുന്നു അത്.
എന്നാല്‍ ഇത്തവണ ജില്ലയിലെ അഞ്ച് സീറ്റുകളും സമാജ്വാദി പാര്‍ട്ടി (എസ് പി) തൂത്തുവാരിയതോടെ ഈ സീറ്റുകളും അവര്‍ക്ക് നഷ്ടമായി. അതേസമയം 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് പാര്‍ട്ടി മറ്റ് ചില ഉത്തരവാദിത്തങ്ങള്‍ റിതേഷ് പാണ്ഡെയെ ഏല്‍പ്പിക്കുമെന്ന് ബി എസ് പി നേതാവ് പറഞ്ഞു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് ബി എസ് പി ഏറ്റുവാങ്ങിയത്. ബി ജെ പി തുടര്‍ ഭരണം നേടിയപ്പോള്‍ സമാജ് വാദി പാര്‍ട്ടി കഴിഞ്ഞ ദിവസത്തേക്കാള്‍ നില മെച്ചപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications