ലക്ഷ്യം 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ്; കമ്മിറ്റികള്‍ പിരിച്ചുവിട്ട് പുതുതന്ത്രവുമായി ആര്‍എല്‍ഡി
ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്ക് പിന്നാലെ രാഷ്ട്രീയ ലോക്ദള്‍ (ആര്‍ എല്‍ ഡി) എല്ലാ യൂണിറ്റുകളും പിരിച്ചുവിട്ടു. ആര്‍ എല്‍ ഡി പ്രസിഡന്റ് ജയന്ത് ചൗധരിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. എല്ലാ സംസ്ഥാന, പ്രാദേശിക, ജില്ലാ തല യൂണിറ്റുകളും മുന്നണി സംഘടനകളും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരുമായും ആശയവിനിമയം നടത്തിയ ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി അടിത്തറ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സാധ്യതകള്‍ പുനഃസംഘടന വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം എന്ന് ആര്‍ എല്‍ ഡി യുവ നേതാവ് രോഹിത് ജാക്കര്‍ പറഞ്ഞു. മൂല്യനിര്‍ണ്ണയ പ്രക്രിയ പാര്‍ട്ടിയെ ശക്തമാക്കുമെന്നും എവിടെയാണ് ദൗര്‍ബല്യം നേരിട്ടതെന്ന് തിരിച്ചറിയാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പലയിടത്തും ചെറിയ മാര്‍ജിനിലാണ് തങ്ങള്‍ തോറ്റതെന്നും രോഹിത് ജാക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു സീറ്റില്‍ 100 ല്‍ താഴെ വോട്ടിന് ഞങ്ങള്‍ തോറ്റു. പാര്‍ട്ടി മികച്ച പോരാട്ടം നടത്തിയെന്നാണ് ഇത് കാണിക്കുന്നത്. നേതാക്കളുടെ സംഭാവനകള്‍ വിലയിരുത്തിയ ശേഷമായിരിക്കും പുതിയ ചുമതലകള്‍ നല്‍കുകയെന്ന് പാര്‍ട്ടിയിലെ മറ്റ് അംഗങ്ങള്‍ പറഞ്ഞു. സമാജ്വാദി പാര്‍ട്ടിയുമായി (എസ് പി) സഖ്യത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ആര്‍ എല്‍ ഡി പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ എട്ട് സീറ്റുകള്‍ നേടുകയും 2017 ലെ 1.78 ശതമാനത്തില്‍ നിന്ന് 2.85 ശതമാനമായി വോട്ട് വിഹിതം ഉയര്‍ത്തുകയും ചെയ്തു.
നേട്ടമുണ്ടാക്കിയെങ്കിലും പലയിടത്തും ആര്‍ എല്‍ ഡി വിജയിക്കാത്തതിനാല്‍ 'ആത്മപരിശോധന' ആവശ്യമാണെന്ന് പല പാര്‍ട്ടി പ്രവരര്‍ത്തകരും വ്യക്തമാക്കി. ഭാരവാഹികളായ രാജേന്ദ്ര ശര്‍മ്മ, അശ്വിനി തോമര്‍, ജ്ഞാനേന്ദ്ര കുമാര്‍ എന്നിവരടങ്ങുന്നതാണ് അവലോകന സമിതി. സമിതി ഒരാഴ്ചയ്ക്കുള്ളില്‍ ജയന്ത് ചൗധരിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും, തുടര്‍ന്ന് കൂടുതല്‍ യോഗങ്ങള്‍ സംഘടിപ്പിക്കും. മാര്‍ച്ച് 21 ന്, പാര്‍ട്ടിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം എല്‍ എമാരുമായി ആര്‍ എല്‍ ഡി മേധാവി ലഖ്നൗവില്‍ കൂടിക്കാഴ്ച നടത്തും.
കര്‍ഷകരിലേക്ക് എത്തിച്ചേരാനും അതിന്റെ പിന്തുണാ അടിത്തറ ഏകീകരിക്കാനും, ആര്‍ എല്‍ ഡി ഒരു കര്‍ഷകന്‍, 10 വീടുകള്‍ എന്ന നയം രൂപീകരിച്ച് പ്രവര്‍ത്തിക്കും. തന്ത്രത്തിന്റെ ഭാഗമായി ഓരോ അംഗത്തിനും 10 വീടുകള്‍ വീതമാണ് ജനസമ്പര്‍ക്കത്തിനായി അനുവദിക്കുക.












Click it and Unblock the Notifications