ഇത്തവണയും 'പ്രിയങ്ക ഇഫക്ടില്ല'; യുപിയിൽ ചിത്രത്തിലില്ലാതെ കോൺഗ്രസ്, ആദ്യ മിനിറ്റിൽ ബിജെപിക്ക് ലീഡ്
ലഖ്നൗ; യുപിയിൽ ഏഴ് നിയമസഭ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആദ്യ ഘട്ട ഫല സൂചനകളിൽ ബിജെപിക്ക് ലീഡ്. നാല് സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. രണ്ടിടത്ത് എസ്പിയും ഒരു സീറ്റിൽ ബിഎസ്പിയും ലീഡ് ചെയ്യുമ്പോൾ ആദ്യമിനിറ്റിൽ കോൺഗ്രസ് ചിത്രത്തിലേ ഇല്ല.
സമാജ്വാദി പാർട്ടിയുടെ 2 സീറ്റുകളും ബിജെപിയുടെ ആറ് സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.ഉന്നാവോ ജില്ലയിലെ ബംഗർമൗ, ഡിയോറിയ, തുണ്ട്ല , ബുലന്ദ്ഷർ എന്നിവിടങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ബംഗർമൗവിൽ ശ്രീകാന്ത് കത്യാറാണ് ബിജെപിയുടെസ്ഥാനാർത്ഥി. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാള്‍ പീഡനക്കേസില്‍ അറസ്റ്റിലായതോടെയാണ് മണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.ഇവിടെ 2033 വോട്ടുകൾക്കാണ് ബിജെപി ലീഡ് ചെയ്യുന്നത്.
ഡിയോറിയയിൽ 1924 വോട്ടുകൾക്കാണ് ബിജെപിലീഡ് ചെയ്യുന്നത്. സിറ്റിംഗ് എംഎൽഎയായ ജൻമേജയ് സിംഗിന്റെ മരണത്തോടെയാണ് മണ്ഡലത്തിൽ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.തുണ്ട്ലയിൽ 9,148വോട്ടുകൾക്കും ബുലന്ദ്ഷറിൽ 3,211 വോട്ടുകൾക്കുമാണ് ലീഡ് ചെയ്യുന്നത്.
അതേസമയം ആദ്യഘട്ടത്തിൽ കോൺഗ്രസിൻറെ അവസ്ഥ ദയനീയമാണ്. സംസ്ഥാനത്തിന്റെ പൂർണ ഉത്തരവാദിത്തം പ്രിയങ്ക ഗാന്ധി ഏറ്റെടുത്തതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പായതിനാൽ ഏറെ പ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പിനെ കോൺഗ്രസ് നോക്കികണ്ടത്. ലോക്സഭ തിരഞ്ഞെടുപ്പ് കാലത്താണ് പ്രിയങ്കയ്ക്ക് സംസ്ഥാനത്തിന്റെ ചുമതല ലഭിച്ചതെങ്കിലും കിഴക്കൻ യുപിയുടെ ഉത്തരവാദിത്തമേ അവർക്ക് നൽകിയിരുന്നുള്ളൂ. അതേസമയം തിരഞ്ഞെടുപ്പിൽ കെട്ടിഘോഷിക്കപ്പെട്ട പ്രിയങ്ക ഇഫക്ട് ഫലിച്ചില്ലെന്ന് മാത്രമല്ല കോൺഗ്രസിന് ആകെയുള്ള 2 സീറ്റിൽ ഒന്ന് നഷ്ടമാവുകയും ചെയ്തു. ഉപതിരഞ്ഞെടുപ്പിലും കാര്യമായ ചലനങ്ങൾ കോൺഗ്രസിന് ഇതുവരെ ഉണഅടാക്കാൻ സാധിച്ചിട്ടില്ല.