അഖിലേഷിന് ഷോക്ക്, ആ രണ്ട് സീറ്റും പോയി; യുപിയുടെ ട്രെന്‍ഡ് വീണ്ടും മാറ്റി യോഗി
ലഖ്‌നൗ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് സമാനമായി ഉത്തര്‍ പ്രദേശിലെ വിജയവും ബി ജെ പിക്ക് അഭിമാനിക്കാവുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എയ്ക്ക് വിശിഷ്യ ബി ജെ പിക്ക് കനത്ത തിരിച്ചടി നേരിട്ട സംസ്ഥാനങ്ങളായിരുന്നു മഹാരാഷ്ട്രയും ഉത്തര്‍ പ്രദേശും. മഹാരാഷ്ട്രയില്‍ ഭരണം നിലനിര്‍ത്തുന്നതിനൊപ്പം ഉത്തര്‍ പ്രദേശിലെ ഉപതിരഞ്ഞെടുപ്പില്‍ ഒമ്പതില്‍ ഏഴിലും ജയിക്കാനും എന്‍ ഡി എയ്ക്ക് സാധിച്ചു.
ബി ജെ പിക്ക് മത്സരിച്ച ഏഴ് സീറ്റില്‍ ആറിലും വിജയിക്കാനായി. ഇതിനെല്ലാം പുറമെ 30 വര്‍ഷമായി ബി ജെ പി ഇതര പാര്‍ട്ടികള്‍ മാത്രം ജയിച്ച് വരുന്ന രണ്ട് സീറ്റുകള്‍ എസ് പിയില്‍ നിന്ന് പിടിച്ചെടുക്കാനും പാര്‍ട്ടിക്ക് സാധിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എസ് പിയുടെ സിയാ-ഉര്‍-റഹ്‌മാന്‍ ബര്‍ഖ് ഒഴിഞ്ഞ ന്യൂനപക്ഷ ആധിപത്യമുള്ള കുന്ദര്‍ക്കിയില്‍ പാര്‍ട്ടിയുടെ മുഹമ്മദ് റിസ്വാന്‍ 1.44 ലക്ഷം വോട്ടുകള്‍ക്ക് ബി ജെ പിയുടെ രാംവീര്‍ സിംഗിനോട് തോറ്റു.

കഴിഞ്ഞ 28 വര്‍ഷമായി കുന്ദര്‍ക്കിയില്‍ എസ് പിയും ബി എസ് പിയും മാത്രമാണ് ജയിച്ചിരുന്നത്. മാത്രമല്ല ന്യൂനപക്ഷ സമുദായത്തില്‍ നിന്നല്ലാതെയുള്ള ഒരു സ്ഥാനാര്‍ത്ഥി ആദ്യമായാണ് മണ്ഡലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നത്. കുന്ദര്‍ക്കിക്ക് പുറമെ ഒ ബി സിക്കും ദളിതര്‍ക്കും ആധിപത്യമുള്ള കടേഹാരിയില്‍ ബി ജെ പിയുടെ ധരംരാജ് നിഷാദ് എസ് പിയുടെ ശോഭാവതി വര്‍മയെ 34,514 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.
കുന്ദര്‍ക്കിയെപ്പോലെ, മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ബി ജെ പി ഇവിടെ ജയിക്കുന്നത്. സംബന്ധിച്ചിടത്തോളം കടേഹാരിയിലെ വിജയം നിര്‍ണായകമാണ്. 1991-ലാണ് അവസാനമായി മണ്ഡലത്തില്‍ ബി ജെ പി വിജയിച്ചത്. കുന്ദര്‍ക്കി, കടേഹാരി എന്നിവയ്ക്ക് പുറമെ ഗാസിയാബാദ്, ഖൈര്‍, മഞ്ജ്വ, ഫുല്‍പൂര്‍ എന്നിവയാണ് ബി ജെ പി നേടിയ മറ്റ് സീറ്റുകള്‍. കര്‍ഹാല്‍, സിസാമാവു എന്നീ രണ്ട് സീറ്റുകളാണ് എസ് പി നിലനിര്‍ത്തിയത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പിന്റെ ചുമതല മുഖ്യമന്ത്രി യോഗി ആദിത്യനാഥിനായിരുന്നു. തുടക്കം മുതല്‍ തന്നെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിയന്ത്രണം നേരിട്ട് ഏറ്റെടുത്ത യോഗി ആദിത്യനാഥിനെ സംബന്ധിച്ച് എന്‍ ഡി എയുടെ വിജയം വലിയ ഉത്തേജനമാണ്.












Click it and Unblock the Notifications