"രാമരാജ്യ"ത്തിൽ പോലീസ് സമ്പൂർണ പരാജയമെന്ന് അഖിലേഷ്: ക്രിമിനലുകളുടെ ഗോഡ്ഫാദറെന്ന് തിരിച്ചടിച്ച് യോഗി
പ്രയാഗ്‌രാജിൽ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) എം എൽ എയെ കൊലപ്പെടുത്തിയ കേസിലെ സാക്ഷി കഴിഞ്ഞ ദിവസമായിരുന്നു കൊല്ലപ്പെട്ടത്

ലഖ്‌നൗ: പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു ദിവസം മുമ്പ് ഒരു കൊലപാതക കേസിലെ സാക്ഷിയെ പരസ്യമായി കൊലപ്പെടുത്തിയതിനെക്കുറിച്ചുള്ള കടുത്ത വിമർശനങ്ങള്‍ക്ക് പിന്നാലെയാണ് പിതാവുമായുള്ള ബന്ധത്തെക്കുറിച്ച് പോലും പരാമർശിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ മറുപടി. "ഇരയുടെ കുടുംബം ആരോപിക്കുന്ന അതിഖ് അഹമ്മദ് സമാജ്‌വാദി പാർട്ടി വളർത്തിയെടുത്ത മാഫിയയുടെ ഭാഗമാണ്, ഞങ്ങൾ അതിന്റെ നട്ടെല്ല് തകർക്കാൻ മാത്രമാണ് പ്രവർത്തിച്ചത് എന്നത് ശരിയല്ലേ?" യാദവിന് നേരെ വിരൽ ചൂണ്ടി യോഗി ആദിത്യനാഥ് പറഞ്ഞു.
"സ്പീക്കർ സർ, അദ്ദേഹം എല്ലാ പ്രൊഫഷണൽ ക്രിമിനലുകളുടെയും മാഫിയകളുടെയും ഗോഡ്ഫാദറാണ്. അവരുടെ സിരകളിൽ കുറ്റകൃത്യങ്ങളുണ്ട് ... ഞാൻ ഇന്ന് ഈ സഭയില്‍ പറയുന്നു, ഈ മാഫിയയെ ഞങ്ങൾ നിലംപരിശാക്കും," മുഖ്യമന്ത്രി വീണ്ടും വ്യക്തമാക്കി. വലതുപക്ഷ ഗ്രൂപ്പായ ഹിന്ദു യുവ വാഹിനിയുടെ സ്ഥാപക നേതാവെന്ന നിലയിൽ വർഷങ്ങളോളം തീപ്പൊരി പ്രസംഗങ്ങൾ ഉപേക്ഷിച്ച് 2017-ൽ സംസ്ഥാനം ഏറ്റെടുത്തതിനുശേഷം കൂടുതൽ മിതഭാഷിണിയായി മാറിയ യോഗിയുടെ ഇന്നത്തെ പൊട്ടിത്തെറി അധാരണമായിരുന്നുവെന്നാണ് പാർട്ടി നേതാക്കള്‍ വ്യക്തമാക്കുന്നത്.
സഭ ബഹളത്തിൽ മുങ്ങിയപ്പോൾ, "ക്രിമിനലുകൾ നിങ്ങളുടേതാണ്" എന്ന് പറഞ്ഞ് സമാജ്‌വാദി പാർട്ടി അഖിലേഷ് യാദവ് തിരിച്ചടിച്ചു. "രാമരാജ്യ"ത്തിൽ സംസ്ഥാനത്തെ പോലീസ് "സമ്പൂർണ പരാജയം" ആണെന്നും അദ്ദേഹം ആരോപിച്ചു. "പകൽ വെടിവയ്പ്പ് നടക്കുന്നു, ബോംബുകൾ എറിയപ്പെടുന്നു, ഒരു സാക്ഷി കൊല്ലപ്പെടുന്നു. പോലീസ് എന്താണ് ചെയ്യുന്നത്? സർക്കാർ എന്താണ് ചെയ്യുന്നത്? ഇരട്ട എഞ്ചിനുകൾ എവിടെയാണ്? ഇതൊരു സിനിമാ ഷൂട്ടിംഗാണോ," എന്നും അഖിലേഷ് യാദവ് ചോദിച്ചു.
തർക്കം മുറുകിയപ്പോള്‍ "ശരം തോ തുംഹേ കർണി ചാഹിയേ, അപ്നേ ബാപ് കി സമ്മാൻ നഹി കർ പേ തും (നിങ്ങൾക്ക് ലജ്ജിക്കണം, നിങ്ങളുടെ പിതാവിനെപ്പോലും ബഹുമാനിക്കാൻ നിങ്ങള്‍ക്ക് കഴിയില്ല)"- എന്നായിരുന്നു സമാജ്‌വാദി പാർട്ടി നേതാവും പിതാവുമായ മുലായം സിംഗ് യാദവുമായുള്ള അഖിലേഷിന്റെ തർക്കത്തെ സൂചിപ്പിച്ചുകൊണ്ട് യോഗി ആദിത്യനാഥ് പറഞ്ഞത്.

പ്രയാഗ്‌രാജിൽ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) എം എൽ എയെ കൊലപ്പെടുത്തിയ കേസിലെ സാക്ഷി കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളാണ് രൂക്ഷമായ തർക്കത്തിന് കാരണമായത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഒന്നിലധികം സിസിടിവി ക്യാമറകളിൽ പതിയുകയും ചെയ്തിരുന്നു. 2005-ൽ എം.എൽ.എ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായിരുന്ന ഉമേഷ് പാലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ പ്രയാഗ്‌രാജിലെ തിരക്കേറിയ പ്രധാന റോഡിൽ ഒരു എസ്‌യുവിയുടെ പിൻസീറ്റിൽ നിന്ന് ഇറങ്ങുന്നതിനിടെ വെടിയേറ്റ് മരിച്ചത്.












Click it and Unblock the Notifications