സ്ത്രീധനമായി പറഞ്ഞ ബൈക്ക് കിട്ടിയില്ല; വിവാഹമണ്ഡപത്തില്‍ നിന്നിറങ്ങിപ്പോയി വരന്‍
ലഖ്‌നൗ: സ്ത്രീധനം നിയമം മൂലം നിരോധിക്കപ്പെട്ടതാണ് എങ്കിലും രാജ്യത്ത് ഇപ്പോഴും നിര്‍ബാധം തുടരുന്നതാണ് സ്ത്രീധനം കൊടുക്കലും വാങ്ങലും എല്ലാം. അതിന്റെ പേരിലുള്ള ആത്മഹത്യയുടേയും കൊലപാതകത്തിന്റേയും വാര്‍ത്തകള്‍ ദിനേന എന്നോണം മാധ്യമങ്ങളില്‍ വരാറുണ്ട്. ഇപ്പോഴിതാ പറഞ്ഞ സ്ത്രീധനം ഇല്ലാത്തതിന്റെ പേരില്‍ വിവാഹ മണ്ഡപത്തില്‍ നിന്ന് ഇറങ്ങി പോയ വരന്റെ നടപടിയാണ് വാര്‍ത്തയാകുന്നത്.
ഉത്തര്‍ പ്രദേശിലെ ബരാബങ്കിയില്‍ നടന്ന ഒരു വിവാഹ ചടങ്ങിനിടെ ആണ് സംഭവം. സ്ത്രീധനമായി ബൈക്ക് ആവശ്യപ്പെട്ട വരന്‍ അത് വധുവിന്റെ വീട്ടുകാര്‍ നല്‍കാത്തതിന്റെ പേരിലാണ് മണ്ഡപത്തില്‍ നിന്ന് ഇറങ്ങി പോയത്. സംഭവം ഗ്രാമവാസികളെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം വരന്‍ തന്നെ സ്ത്രീധനത്തിന്റെ പേരില്‍ ഒഴിവാക്കുകയാണ് എങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പെണ്‍കുട്ടി പറഞ്ഞു.

വധുവിന്റെ വീട്ടുകാര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ജഹാംഗീരാബാദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് വധുവിന്റെ വീട്. അയോധ്യയിലെ മാവായിയില്‍ നിന്നാണ് വരന്‍. ഡിസംബര്‍ രണ്ടിനായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഡിസംബര്‍ രണ്ടിന് നേരത്തെ നിശ്ചയിച്ചത് പോലെ വരനും വീട്ടുകാരും ബന്ധുക്കളും വധുവിന്റെ വീട്ടിലേക്ക് വിവാഹത്തിനായി എത്തി.
ആചാര പ്രകാരം വിവാഹത്തിനായി ഒരു സ്വര്‍ണ്ണ മോതിരവും 5,000 രൂപയും കൈമാറണം. ഇത് വധുവിന്റെ വീട്ടുകാര്‍ കരുതിയിരുന്നു. എന്നാല്‍ തിലക ചടങ്ങിനും അത്താഴത്തിനും ശേഷം വരന് സ്ത്രീധനമായി മോട്ടോര്‍ സൈക്കിള്‍ വേണമെന്ന് പറഞ്ഞ് ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായി എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സാമ്പത്തിക പരാധീനത മൂലമാണ് തനിക്ക് ഇത് സാധിക്കില്ല എന്ന് വധുവിന്റെ പിതാവ് പറഞ്ഞു.
ഇതോടെ വരന്‍ മണ്ഡപത്തില്‍ നിന്ന് ഇറങ്ങുകയായിരുന്നു. പിന്നീട് വരനും വരന്റെ പിതാവും ബന്ധക്കളും വിവാഹ ചടങ്ങില്‍ നിന്ന് പിന്‍മാറി തിരിച്ച് പോയി. തന്റെ മാതാപിതാക്കള്‍ ദരിദ്രരാണ് എന്നും വിവാഹം നടന്നില്ലെങ്കില്‍ താന്‍ ജീവനോടെ ഉണ്ടാകില്ല എന്നും വധു പറഞ്ഞു. അതേസമയം സംഭവത്തില്‍ വധുവിന്റെ വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട് എന്നും അന്വേഷണം നടക്കുന്നുണ്ടെന്നും അഡീഷണല്‍ പൊലീസ് സൂപ്രണ്ട് പുരുനെഡു സിംഗ് പറഞ്ഞു.












Click it and Unblock the Notifications