യുപിയില്‍ ഡോക്ടറെ വെടിവെച്ച് കൊന്നു; സംഭവം രോഗികളെ പരിശോധിക്കുന്നതിനിടെ
വെടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ല. അക്രമികളെ കുറിച്ച് നിലവില്‍ സൂചനകളൊന്നുമില്ല എന്ന് പൊലീസ് പറഞ്ഞു

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ക്ലിനിക്കില്‍ വെച്ച് ഡോക്ടറെ വെടിവെച്ച് കൊന്നു. രോഗികളെ പരിശോധിക്കുന്നതിനിടെ ആണ് ക്രൂരമായ കൊലപാതകം. മുരാദ്നഗറില്‍ സ്വകാര്യ ക്ലിനിക്കില്‍ ഡോക്ടറായ ഷംഷാദിനെ ആണ് (40) അക്രമികള്‍ വെടിവെച്ച് കൊന്നത്.
ശനിയാഴ്ച രാത്രി 10.30-ഓടെ ആയിരുന്നു സംഭവം എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗികളെ പരിശോധിക്കുന്നതിനിടെ അതിക്രമിച്ച് കയറിയ അക്രമികള്‍ രണ്ട് തവണ ഡോക്ടര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. ഷംഷാദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.
ബൈക്കിലെത്തിയ അക്രമി സംഘമാണ് ഷംഷാദിനെ കൊലപ്പെടുത്തിയത് എന്ന് ഡി സി പി രവികുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം അക്രമിസംഘം ക്ലിനിക്കിലേക്ക് എത്തിയ ബൈക്കിന്റെ നമ്പര്‍ വ്യക്തമല്ല എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്ന് പൊലീസ് വ്യക്തമാക്കി.
ക്രൈം ബ്രാഞ്ച്, സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ് ഒ ജി) എന്നിവരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ അറിയപ്പെടുന്ന ആയുര്‍വേദ ഡോക്ടറാണ് കൊല്ലപ്പെട്ട ഷംഷാദ് താഹിര്‍. അക്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല.












Click it and Unblock the Notifications