അമേഠിയിലും റായ്ബറേലിയിലും പിടിവിട്ട് കോൺഗ്രസ്; വലിയ മുന്നേറ്റവുമായി ബിജെപി
ദില്ലി; റായ്ബറേലിയിലും അമേഠിയിലും ആദ്യ ഘട്ട വോട്ടെണ്ണലിൽ തന്നെ കോൺഗ്രസ് നിരാശ. ഒരിക്കൽ പാർട്ടിയുടെ കോട്ടയായിരുന്നു രണ്ട് മേഖലകളിലും ബി ജെ പി വലിയ മുന്നേറ്റമാണ് കാഴ്ച വെയ്ക്കുന്നത്.
2017 ലെ ലെ നിയമസഭ തിരഞ്ഞെടുപ്പിൽ റായ്ബറേലി ലോക്സഭ മണ്ഡലത്തിൽ രണ്ട് നിയമസഭ മണ്ഡലങ്ങളായിരുന്നു കോൺഗ്രസിന് ലഭിച്ചത്, റായ്ബറേലിയും ഹർചന്ദപൂറും. അതിഥി സിംഗും രാകേഷ് സിംഗുമായിരുന്നു ഇവിടെ നിന്ന് വിജയിച്ചത്. എന്നാൽ നിലവിൽ ഈ രണ്ട് പേരും ഇത്തവണ ബി ജെ പി ടിക്കറ്റിലാണ് ഇവിടെ നിന്ന് മത്സരിക്കന്നത്. ഇരുവരും വൻ ലീഡ് നിലനിർത്തി മുന്നേറുകയാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉച്ചാഹർ ഒഴികെ റായ്ബറേലിയിൽ മറ്റ് മൂന്ന് മണ്ഡലങ്ങളിലും ബി ജെ പിയായിരുന്നു വിജയിച്ചത്. ഉച്ചാഹറിൽ എസ് പിയും. അന്ന് സമാജ്വാദി പാർട്ടിക്കൊപ്പം സഖ്യത്തിലായിരുന്നു കോൺഗ്രസ് ഇവിടെ തിരഞ്ഞെടുപ്പിനെ നേരിട്ടത്.
അതേസമയം യുപിയിൽ മറ്റിടങ്ങളിൽ എന്ന പോലെ തന്നെ അമേഠിയിലും കോൺഗ്രസ് ചിത്രത്തിൽ ഇല്ല. ഇവിടേയും ബി ജെ പിയാണ് ലീഡ് ചെയ്യുന്നത്. മുൻ കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന സഞ്ജയ് സിംഗാണ് ഇവിടെ ബി ജെ പി സ്ഥാനാർത്ഥി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്ന സഞ്ജയ് സിംഗ് 1980 കളിൽ അമേഠി സീറ്റിലെ കോൺഗ്രസ് വിജയത്തിൽ സുപ്രധാന പങ്ക് വഹിച്ച നേതാവായിരുന്നു. 37 വർഷം മുമ്പ് 1985ലാണ് സിൻഹ് അവസാനമായി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.ഇത്തവണ മണ്ഡലത്തിന് പുറത്ത് നിന്നുള്ള ആശിഷ് ശുക്ലയെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്.
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും കോൺഗ്രസ് കനത്ത തിരിച്ചടിയായിരുന്നു അമേഠിയിൽ ലഭിച്ചത്. 15 വർഷം ഭരിച്ച മണ്ഡലത്തിൽ ബി ജെ പിയുടെ സ്മൃതി ഇറാനിയോട് കനത്ത തോൽവിയായിരുന്നു രാഹുൽ ഗാന്ധി അന്ന് ഏറ്റുവാങ്ങിയത്. ഇത്തവണ മണ്ഡലത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് അവകാശപ്പെട്ട് രാഹുൽ ഗാന്ധിയും പ്രിയങ്കയും നേരിട്ടായുരുന്നു പ്രചരണം നടത്തിയത്. എന്നാൽ പ്രചരണങ്ങൾ ഒന്നും വിലപ്പോയില്ലെന്നാണ് ഫലങ്ങൾ നൽകുന്ന സൂചന.
അതേസമയം ആദ്യഘട്ട വോട്ടെണ്ണിൽ ബി ജെ പി വ്യക്തമായ ലീഡാണ് പുലർത്തുന്നത്. 207 ന് മുകളിൽ സീറ്റുകളിലാണ് ബി ജെ പി ലീഡ് ചെയ്യുന്നത്. അതേസമയം എസ് പി 108 സീറ്റുകളിലാണ് പഞ്ചാബിൽ ലീഡ് ചെയ്യുന്നത്.












Click it and Unblock the Notifications