യുപിയിൽ കോൺഗ്രസ് സ്ഥിതി ദയനീയം; റായ്ബറേലിയിലും അമേഠിയിലും മൂന്നാം സ്ഥാനത്ത്
ദില്ലി; ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയാണ് ഉത്തർപ്രദേശിൽ ഇക്കുറി കോൺഗ്രസ് നേരിട്ടത്. ഒരുകാലത്ത് കോൺഗ്രസിന്റെ കോട്ടകൾ എന്ന് കണക്കാക്കിയിരുന്ന റായ്ബറേലിയും അമേഠിയിലും ഉൾപ്പെടെ കോൺഗ്രസ് രുചിച്ചത് സമാനതകൾ ഇല്ലാത്ത തിരിച്ചടിയാണ്, സംസ്ഥാനത്ത് പാർട്ടി പടി പടിയായി അസ്തമിക്കുന്ന കാഴ്ച.

യുപിയിൽ അധികാരത്തിൽ നിന്നും 33 വർഷമായി കോൺഗ്രസ് പുറത്തായിട്ട്. ഏറ്റവും അവസാനമായ കോൺഗ്രസ് ഭരണത്തിലേറിയത് 1984ലായിരുന്നു. അന്ന് 269 സീറ്റുകളായിരുന്നു ലഭിച്ചത്. എന്നാൽ ഇന്ന് ശക്തി കേന്ദ്രങ്ങളിൽ ഉൾപ്പെടെ തകർന്നടിഞ്ഞ നിലയിലാണ് കോൺഗ്രസ്. 2017 ൽ 7 സീറ്റുകളിലായിരുന്നു കോൺഗ്രസ് വിജയം. പാർട്ടിയെ പുനഃരുജ്ജീവിപ്പിക്കാനും ശക്തമായ തിരിച്ചു വരവും ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളായിരുന്നു കഴിഞ്ഞ രണ്ട് വർഷമായി എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയത്.

വിവിധ വിഷയങ്ങളിൽ യോഗി ആദിത്യനാഥ് സർക്കാരിനെ മുൾമുനയിൽ നിർത്തിയുള്ള പ്രതിഷേധങ്ങൾ പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തി. ഹഥ്രാസ്, ഉന്നാവോ വിഷയങ്ങൾ ഉയർത്തി സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എണ്ണിപറഞ്ഞ് കൊണ്ട് പ്രിയങ്ക പ്രചരണം നടത്തി. കർഷക പ്രതിഷേധങ്ങളിലും ബി ജെ പിക്കെതിരെ സജീവമായി അവർ ഇടപെട്ടു. ഒരു ഘട്ടത്തിൽ പ്രധാന പ്രതിപക്ഷം എന്ന നിലയിലേക്ക് വരെ കോൺഗ്രസിന്റെ ഇടപെടലുകൾ വിലയിരുത്തപ്പെട്ടു.

എന്നാൽ നിയമസഭ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കോൺഗ്രസിന്റേയും പ്രിയങ്കയുടേയും നീക്കങ്ങളൊന്നും തന്നെ വിജയം കണ്ടില്ലെന്ന് വ്യക്തം, പാർട്ടി ഇക്കുറി 3 സീറ്റിലേക്ക് ഒതുങ്ങുകയും ചെയ്തു. കോൺഗ്രസ് തട്ടകമായിരുന്നു റായ്ബറേലിയിലും അമേഠിയിലും ഉൾപ്പെടെ പിടിവിട്ട നിലയിലാണ് കോൺഗ്രസ്. ഇവിടങ്ങളിൽ മൂന്നാം സ്ഥാനത്തേക്കാണ് കോൺഗ്രസ് പിന്തള്ളപ്പെട്ടത്.

അധ്യക്ഷ സോണിയ ഗാന്ധിയുടെ സിറ്റിംഗ് മണ്ഡലമാണ് റായ്ബറേലി. 1952 മുതൽ കോൺഗ്രസിനെ തുണച്ച റായ്ബറേലി മണ്ഡലം 1996-1998 ൽ മാത്രമാണ് ബിജെപിക്കൊപ്പം നിന്നത്. 96 ആവർത്തിക്കുകയാണ് ഇക്കുറി. റായ്ബറേലിയിൽ 6 നിയമസഭ മണ്ഡലങ്ങളാണ് ഉള്ളത്. ഇതിൽ 3 സീറ്റുകളിൽ ബി ജെ പിയാണ് ലീഡ് ചെയ്യുന്നത് രണ്ടു സീറ്റുകളിൽ സമാജ്വാദി പാർട്ടിയും. ബച്ചരവാന്‍, ഹര്‍ചന്ദ്പുര്‍, സലോണ്‍ സീറ്റുകളിലാണ് എസ്പി ലീഡ് ചെയ്യുന്നത്. റായ്ബറേലി, സറേനി, ഉഞ്ചഹാർ എന്നീ സീറ്റുകളിൽ ബി ജെ പിയും ലീഡ് ചെയ്യുന്നുണ്ട്.

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ റായ്ബറേലി ലോക്സഭ മണ്ഡലത്തിൽ രണ്ട് നിയമസഭ മണ്ഡലങ്ങളായിരുന്നു കോൺഗ്രസിന് ലഭിച്ചത്, റായ്ബറേലിയും ഹർചന്ദപൂറും. അതിഥി സിംഗും രാകേഷ് സിംഗുമായിരുന്നു ഇവിടെ നിന്ന് വിജയിച്ചത്. ഇരുവരും ഇപ്പോൾ ബി ജെ പിക്ക് ഒപ്പമാണ്. റായ്ബറേലി സീറ്റിൽ നിലവിൽ അതിഥി സിംഗ് 58,031 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മനീഷ് സിങ് ചൗഹാന് ഇതുവരെ ലഭിച്ചത് 8112 വോട്ടുകളാണ്. കോൺഗ്രസ് നേതാവായിരുന്ന അഖിലേഷ് സിംഗിന്റെ മകളാണ് അതിഥി സിംഗ്.
2017 ൽ കോൺഗ്രസ് ടിക്കറ്റിൽ 1,28,319 വോട്ടുകൾക്കായിരുന്നു അതിഥി വിജയിച്ചത്.

അമേഠിയിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ എസ് പി സ്ഥാനാർത്ഥി മഹാരാജി പ്രജാപതി 30, 249 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. കോൺഗ്രസിന്റെ ആശിഷ് ശുക്ലയ്ക്ക് ലഭിച്ച് വെറും 4739 വോട്ടുകളാണ്. അമേഠി ലോക്സഭ മണ്ഡലത്തിലുള്ള അഞ്ച് നിയമസഭ മണ്ഡലങ്ങളിലും കോൺഗ്രസ് കിതയ്ക്കുകയാണ്. തിലോയിൽ ബിജെപി സ്ഥാനാർത്ഥി മായങ്കേശ്വർ ശരൺ സിംഗ് 30,540 വോട്ടുകൾക്ക് ഇവിടെ ലീഡ് ചെയ്യുകയാണ്. കോൺഗ്രസ് സ്ഥാനാർത്ഥി പ്രദീപ് സിംഗാളിന് ലഭിച്ചത് 7,127 വോട്ടുകൾ. സലോൺ മണ്ഡലത്തിലും എസ്പിയ്ക്കാണ് ലീഡ്. അതേസമയം ജഗദീഷ് പൂരിലും, ഫത്തേബഹദൂറിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്.












Click it and Unblock the Notifications