എസ്പിയുടെ തോല്‍വി; ജില്ലാ വൈസ് പ്രസിഡന്റ് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി തോറ്റതിന് പിന്നാലെ നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് ഫലത്തില്‍ ബി ജെ പിയോട് സമാജ് വാദി പാര്‍ട്ടി തോറ്റിരുന്നു. ഇതില്‍ മനംനൊന്താണ് പാര്‍ട്ടി നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തീ കൊളുത്തായിരുന്നു ആത്മഹത്യാ ശ്രമം. കാണ്‍പൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് 'പിന്റു' എന്ന നരേന്ദ്ര സിംഗ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വ്യാഴാഴ്ച ലഖ്നൗവിലെ വിധാന്‍ ഭവന് പുറത്ത് വെച്ചായിരുന്നു സംഭവം.
55 കാരനായ നരേന്ദ്ര സിംഗിന് 30 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. വ്യവസായിയായ നരേന്ദ്ര സിംഗ് സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ (ഇ വി എം) ക്രമക്കേട് കാരണം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ബി ജെ പിയോട് പരാജയപ്പെട്ടുവെന്ന് തോന്നിയതിനാലാണ് നരേന്ദ്ര സിംഗ് ഈ നടപടി സ്വീകരിച്ചതെന്ന് എസ് പിയുടെ കാണ്‍പൂര്‍ ജില്ലാ പ്രസിഡന്റ് ഡോ ഇമ്രാന്‍ പറഞ്ഞു.

അതേസമയം നരേന്ദ്ര സിംഗിന്റെ മൊഴി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നും നടപടിക്ക് പിന്നിലെ കൃത്യമായ കാരണം അറിയണമെന്നും ഹസ്രത് ഗഞ്ച് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശ്യാം ബാബു ശുക്ല പറഞ്ഞു. വ്യാഴാഴ്ചയാണ് സിംഗ് കാണ്‍പൂരില്‍ നിന്ന് ലഖ്നൗവിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ബി ജെ പി തുടര്‍ച്ചയായി രണ്ടാം തവണയും തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നുവെന്ന് കേട്ട് ബക്കറ്റില്‍ പെട്രോളുമായി സിംഗ് വിധാന്‍ ഭവന് പുറത്തേക്ക് വന്നതായി പൊലീസ് പറഞ്ഞു. ശേഷം പെട്രോള്‍ സ്വയം ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തീ ആളിപ്പടരുന്നത് കണ്ട് കുറച്ച് ദൂരെ നിന്ന പൊലീസ് സംഘം ഓടിയെത്തി തീ അണച്ച് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലത്തില്‍ ബി ജെ പി തുടര്‍ഭരണം നേടുകയായിരുന്നു. ആകെയുള്ള 403 സീറ്റില്‍ 250 ലേറെ സീറ്റ് ബി ജെ പി സഖ്യം നേടിയപ്പോള്‍ എസ് പിയ്ക്ക് 110 സീറ്റിലെ വിജയിക്കാനായുള്ളൂ. കോണ്‍ഗ്രസും ബി എസ് പിയും നാമാവശേഷമായി. ബി ജെ പിയ്ക്ക് പ്രചരണ രംഗത്ത് എസ് പി കനത്ത വെല്ലുവിളി ആയിരുന്നു ഉയര്‍ത്തിയിരുന്നത് എന്നാല്‍ കഴിഞ്ഞ അത് വിജയത്തിലെത്തിക്കാന്‍ പാര്‍ട്ടിയ്ക്കായില്ല.

അതേസമയം 2017 ല്‍ 47 സീറ്റ് ഉള്ളിടത്ത് നിന്ന് എസ് പി 110 ലേക്ക് എത്തിയത് എന്നത് പാര്‍ട്ടിയ്ക്ക് ആശ്വാസം നല്‍കിയിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടിയ്ക്ക് 31.8 ശതമാനം വോട്ടാണ് ലഭിച്ചിരിക്കുന്നത്. മുസ്ലീം വോട്ടര്‍മാര്‍ ഇത്തവണ സമാജ് വാദി പാര്‍ട്ടിയ്‌ക്കൊപ്പം നിന്നു എന്നതാണ് വിലയിരുത്തല്‍. മുസ്ലീം ആധിപത്യമുള്ള ജില്ലകളില്‍ എസ് പിക്ക് ഇത്തവണ 42.5 ശതമാനം വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 15.5 ശതമാനം വോട്ടുകള്‍ അധികമായി സമാഹരിക്കാന്‍ സമാജ് വാദി പാര്‍ട്ടിയ്ക്ക് സാധിച്ചു.

40.9 ശതമാനം വോട്ടുകളാണ് മുസ്ലിം ആധിപത്യമുള്ള ജില്ലകളില്‍ നിന്നും ഭരണകക്ഷിയായ ബി ജെ പിക്ക് ലഭിച്ചത്. ഉത്തര്‍പ്രദേശിന് പുറണെ ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലും ബി ജെ പിയ്ക്കാണ് ജയം. പഞ്ചാബില്‍ ആം ആ ദ്മിയാണ് അധികാരത്തിലേറിയിരിക്കുന്നത്.












Click it and Unblock the Notifications