യുപി തിരഞ്ഞെടുപ്പ്; റോഡ് ഷോയ്ക്കിടെ ബിജെപി എംഎൽഎയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം
ലഖ്നൗ; ഉത്തർപ്രദേശിൽ ഒന്നാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ബി ജെ പി എം എൽ എയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. റോഡ് ഷോയ്ക്കിടെയാണ് എം എൽ എ സഹേന്ദ്ര രാമലയുടെ വാഹനത്തിന് നേരെ ആക്രമണം നടന്നത്.അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന പ്രവർത്തകർക്ക് നേരെ കല്ലേറും ഉണ്ടായി.
ചാർപുലി മണ്ഡലത്തിൽ നിന്നുള്ള ബി ജെ പി സ്ഥാനാർത്ഥിയാണ് സഹേന്ദ്ര രാമല. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ റോഡ് ഷോയ്ക്കിടെയാണ് ആക്രമണം നേരിട്ടത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.

നൂറ് കണക്കിന് പേരായിരുന്നു റോഡ് ഷോയിൽ പങ്കെടുത്തത്. സഹേന്ദ്ര റമലയെ ആക്രമിക്കാനുള്ള ശ്രമവും നടന്നെങ്കിലും സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ആക്രമികളെ തടയുന്ന ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. അതേസമയം അദ്ദേഹത്തിന് ഒപ്പമുള്ള പ്രവർത്തകരെ വടിയുപയോഗിച്ച് തല്ലുന്നതായി വീഡിയോയിൽ കാണാം. ആക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് എം എൽ എ ആവശ്യപ്പെട്ടു. ബി ജെ പിക്കുള്ള ജനപിന്തുണയിൽ പ്രതിപക്ഷം ഭയപ്പെട്ടിരിക്കുകയാണെന്നും അതുകൊണ്ടാണ് അവർ ആക്രമണം അഴിച്ചുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ പോലും ആക്രമികൾ വെറുതെ വിട്ടിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
വീഡിയോയുടെ അടിസ്ഥാനത്തിൽ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ബാഗ്പത് എസ്പി നീരജ് കുമാർ ജദൗൻ പറഞ്ഞു. ഉടൻ തന്നെ സംഭവ സ്ഥലം സന്ദർശിക്കും. ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം യുപിയിൽ ഇന്നാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പടിഞ്ഞാറന്‍ യു പിയിലെ 11 ജില്ലകളിലെ 58 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. ഗാസിയാബാദ്, ഗൗതംബുദ്ധ് നഗർ, ഭാഗ്പത്, മീററ്റ്, ഹാപുർ, ബുലന്ദ്ശഹർ, അലിഗഡ്, മഥുര, ആഗ്ര, ഷാംലി, മുസഫർനഗർ എന്നീ ജില്ലകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 9 മന്ത്രിമാരടക്കം 623 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ബി ജെ പിയും സമാജ്വി- ആർ എൽ ഡി സഖ്യവുമാണ് ഇവിടെ നേർക്ക് നേർ പോരടിക്കുന്നത്.
Recommended Video
2017ല്‍ നടന്ന തെരഞ്ഞെടുപ്പില് ബി ജെ പി 53 സീറ്റുകളായിരുന്നു പടിഞ്ഞാറൻ യു പിയിൽ നേടിയത്. സമാജ് വാദി പാർട്ടിയും ബി എസ് പിയും രണ്ട് വീതം സീറ്റുകളും ആർ എ ല്‍ഡി ഒരു സീറ്റും നേടിയിരുന്നു. എന്നാൽ ഇത്തവണ പടിഞ്ഞാറൻ യുപിയിൽ ബി ജെ പി കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കർഷക നിയമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം നടന്ന മേഖലയാണ് പടിഞ്ഞാറൻ യു പി. ഇവിടുത്തെ പ്രബല വിഭാഗമായ ജാട്ട് സമുാദയാംഗങ്ങളിൽ ഭൂരിഭാഗം പേരും കർഷകരാണ്. കർഷക രോഷം ഇവിടെ പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തലുകൾ. മാത്രമല്ല ജാട്ട് വിഭാഗത്തിനിടയിൽ സ്വാധീനമുള്ള ജയന്ത് ചൗധരിയുടെ ആർ എൽ ഡി ഇക്കുറി സമാജ്വാദി പാർട്ടിക്കൊപ്പം സഖ്യത്തിലാണ് ഇവിടെ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതും ബി ജെ പിയുടെ നെഞ്ചിടിപ്പ് ഉയർത്തുന്നുണ്ട്. മാത്രമല്ല മേഖലയിലെ ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞ് പോക്കും ബി ജെ പിക്ക് കടുത്ത പ്രതിസന്ധി ഉയർത്തുന്നുണ്ട്. ഇവിടെ മന്ത്രിമാർ ഉൾപ്പെടെയുള്ളവരാണ് പാർട്ടി വിട്ടത്. ഇവർ എസ് പിക്കൊപ്പം ചേരുകയും ചെയ്തിരുന്നു.
2017 ൽ 403 അംഗ നിയമസഭയിൽ 312 സീറ്റുകൾ നേടിയാണ് ബി ജെ പി യുപിയിൽ ഭരണത്തിൽ ഏറിയത്. അഭിപ്രായ സർവ്വേകൾ എല്ലാം ബി ജെ പിക്ക് തുടർഭരണം പ്രവചിക്കുന്നുണ്ടെങ്കിലും ജാതി മത സമവാക്യങ്ങൾ നിർണായകമായ സംസ്ഥാനത്ത് ഈ വോട്ടുകൾ എങ്ങോട്ട് എന്നതിനെ ആശ്രയിച്ചായിരിക്കും ബി ജെ പിയുടെ പ്രകടനം.












Click it and Unblock the Notifications