പഠനം തുടരണമെന്നാവശ്യപ്പെട്ടു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവ് കുത്തിപ്പരിക്കേൽപിച്ചു
ലഖ്നൊ: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ വിവാഹത്തിന് വിസ്സമ്മതിച്ച പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ പിതാവ് കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. കല്യാണത്തിന് സമ്മതിക്കില്ലെന്നും തനിക്ക് പഠനം തുടരണമെന്നും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ പിതാവ് തുടരെ തുടരെ കത്തികൊണ്ട് കുത്തിയത്.
വീട്ടിനടുത്തെ വിജനമായ സ്ഥലത്തെ കനാലിനടുത്ത് വെച്ചാണ് പിതാവും സഹോദരനും ചേര്‍ന്ന് തന്നെ ആക്രമിച്ചതെന്ന് പതിനഞ്ചുകാരിയായ പെണ്‍കുട്ടി എഎന്‍ഐയോട് പറഞ്ഞു.
'എന്റെ സഹോദരന്‍ ഒരു തുണികൊണ്ട് കഴുത്തില്‍ കെട്ടി എന്നെ പിടിച്ചു വെച്ചു. ആ സമയം അച്ഛന്‍ എന്നെ പിന്നില്‍ നിന്ന് കത്തികൊണ്ട് തുടരെ വെട്ടി. നിര്‍ത്താന്‍ ഞാന്‍ അദ്ദേഹത്തോട് അപേക്ഷിച്ചു, പക്ഷേ അദ്ദേഹം അങ്ങനെ ചെയ്തില്ല. ഞാന്‍ പഠനം നിര്‍ത്തി വിവാഹം കഴിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു,' അവള്‍ പറഞ്ഞു . ആവര്‍ത്തിച്ച് കുത്തിയ ശേഷം അച്ഛനും സഹോദരനും അവളെ കനാലിലേക്ക് തള്ളി. പിന്നീട് ജീവിച്ചിരിപ്പുണ്ടോയെന്ന് പരിശോധിക്കാന്‍ പിതാവ് പിന്നീട് തിരിച്ചെത്തിയപ്പോള്‍, പെണ്‍കുട്ടി അവര്‍ കാണാതിരിക്കാന്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ വാദം അവളുടെ സഹോദരിയുടെ ഭര്‍ത്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ അവളെ വിവാഹം കഴിച്ചയക്കാന്‍ തീരുമാനിച്ചതിലാണ് അവളെ കുടുംബത്തോടൊപ്പം നിര്‍ത്തിയതെന്ന് അയാള്‍ കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ അവളുടെ സഹോദരിയുടെ ഭര്‍ത്താവാണ്. അവള്‍ രണ്ടുമാസമായി ഞങ്ങളോടൊപ്പം താമസിക്കുന്നുണ്ടായിരുന്നു. അവളുടെ പഠനം തുടരാന്‍ അവളുടെ മാതാപിതാക്കള്‍ ആഗ്രഹിക്കുന്നില്ല. അവര്‍ അവളെ വിവാഹം കഴിച്ച് അയക്കാന്‍ ആഗ്രഹിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അവര്‍ അവളെ എന്റെ വീട്ടില്‍ നിന്ന് കൊണ്ടുപോയി ഒരു കനാലിനടുത്ത് അവളെ കണ്ടെത്തിയതായി ഇന്ന് എനിക്ക് ഒരു കോള്‍ വന്നു, ''അയാള്‍ പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പിതാവിനും സഹോദരനുമെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. ഇക്കാര്യം നിലവില്‍ അന്വേഷണത്തിലാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ദിനേശ് ത്രിപാഠി പറഞ്ഞു. പെണ്‍കുട്ടിയുടെ പ്രസ്താവന ഞങ്ങള്‍ എടുത്തിട്ടുണ്ട്, എല്ലാ കോണുകളും പരിശോധിക്കുകയാണ്. പുറത്തുവരുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications