മുഗളന്മാരുടെ ചരിത്രം ഇല്ലാതാക്കാനാണ് യുപി സര്‍ക്കാര്‍ ശ്രമിക്കുന്നത്: ഫാറൂഖ് അബ്ദുള്ള
ലഖ്‌നൗ: മുഗളന്മാരുടെ ചരിത്രം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇല്ലാതാക്കുകയാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിനെതിരെ സമാജ്വാദി പാര്‍ട്ടി എം എല്‍ എ നടത്തിയ പരാമര്‍ശത്തെയും നഗരങ്ങളുടെയും ചരിത്ര സ്മാരകങ്ങളുടെയും പേരുകള്‍ മാറ്റാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തെയും കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'അവര്‍ മുഗളന്മാരുടെ ചരിത്രം മായ്ച്ചുകളയാന്‍ ആഗ്രഹിക്കുന്നു, അത് സംഭവിക്കില്ല. മുഗളന്മാര്‍ നൂറുകണക്കിന് വര്‍ഷങ്ങളായി ഇവിടെ താമസിച്ചവരാണ്. ഇവിടെയാണ് അവരെ അടക്കം ചെയ്തിരിക്കുന്നത്,' ഫാറൂഖ് അബ്ദുള്ള പറഞ്ഞു. മഹാരാഷ്ട്രയിലെ സമാജ്വാദി പാര്‍ട്ടി എം എല്‍ എ അബു ആസ്മി ഔറംഗസേബിനെ പ്രശംസിച്ചിരുന്നു. ഔറംഗസേബിനെ നല്ല ഭരണാധികാരി എന്നായിരുന്നു ആസ്മി വിശേഷിപ്പിച്ചത്.

അദ്ദേഹത്തിന്റെ ഭരണത്തിന്‍ കീഴില്‍ ഇന്ത്യ അഭിവൃദ്ധി പ്രാപിച്ചുവെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെ ബി ജെ പി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പാര്‍ലമെന്ററി കാര്യ മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ ഒരു പ്രമേയം അവതരിപ്പിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ മഹാരാഷ്ട്ര നിയമസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇതിനെ വിമര്‍ശിച്ചിരുന്നു.
'അദ്ദേഹത്തെ യുപിയിലേക്ക് അയയ്ക്കുക. അത്തരം ആളുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം. അതിന് ഞങ്ങള്‍ക്ക് കൂടുതല്‍ സമയമെടുക്കില്ല,' യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെ എസ്പി ബഹുമാനിക്കുന്നില്ലെന്നും അതിന്റെ പ്രത്യയശാസ്ത്ര സ്ഥാപകനായ ഡോ. റാം മനോഹര്‍ ലോഹ്യയുടെ തത്വങ്ങളില്‍ നിന്ന് പാര്‍ട്ടി വ്യതിചലിച്ചുവെന്നും ആദിത്യനാഥ് ആരോപിച്ചു.
ലോഹിയ ശ്രീരാമനെയും കൃഷ്ണനെയും ശിവനെയും ഇന്ത്യയുടെ ഐക്യത്തിന്റെ തൂണുകളായി തിരിച്ചറിയുമായിരുന്നു എനന്നും എന്നാല്‍ ഇന്ന് എസ്പി ഔറംഗസേബിനെപ്പോലുള്ള ഒരു ഭരണാധികാരിയെ മഹത്വപ്പെടുത്തുകയാണ് എന്നും അദ്ദേഹംല കുറ്റപ്പെടുത്തിയിരുന്നു. ഔറംഗസേബ് തന്റെ പിതാവ് ഷാജഹാനെ ആഗ്ര കോട്ടയില്‍ തടവിലാക്കുകയും വെള്ളം പോലും നിഷേധിച്ചിക്കുകയും ചെയ്ത ആളാണ് എന്നായിരുന്നു യുപി മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
ഷാജഹാന്റെ ജീവചരിത്രം വായിക്കാന്‍ പട്‌നയിലെ ലൈബ്രറി സന്ദര്‍ശിക്കാന്‍ അദ്ദേഹം എസ്പി അംഗങ്ങളോട് ഉപദേശിച്ചിരുന്നു. ''ഒരു ഹിന്ദു നിങ്ങളേക്കാള്‍ മികച്ചവനാണ്, കാരണം അവര്‍ ജീവിച്ചിരിക്കുമ്പോള്‍ മാതാപിതാക്കളെ സേവിക്കുകയും മരണശേഷം അവരെ ബഹുമാനിക്കാന്‍ മരണാനന്തര ആചാരങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യും,' എന്ന് മുഗളന്മാര്‍ ഒരിക്കല്‍ ഔറംഗസേബിനോട് പറഞ്ഞിരുന്നു എന്നും യോഗി ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications