റോഡ് വേണമെന്ന ആവശ്യം സർക്കാർ കേട്ടില്ല; യുപി മന്ത്രി സ്വന്തം ചിലവിൽ റോഡ് നിർമിച്ചു
ലക്നൗ: റോഡ് പുനർനിർമിക്കണമെന്ന ആവശ്യം അധികൃതർ നടപ്പിലാക്കാത്തതിനെ തുടർന്ന് മന്ത്രി സ്വന്തം ചിലവിൽ റോഡ് നിർമിച്ചു. ഉത്തർപ്രദേശിലെ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയായ ഓം പ്രകാശ് രാജ്ബർ ആണ് ഗതികെട്ട് സ്വന്തം സർക്കാരിനെതിരെ പ്രതിഷേധിച്ചത് .വാരണാസിയിലെ ഫത്തേർപൂർകോണ്ടയിലെ തന്റെ വീടിനുമുമ്പിലൂടെ റോഡ് നിർമിക്കണമെന്ന് ഏറെക്കാലമായി മന്ത്രി ആവശ്യപ്പെടുകയായിരുന്നു. ഫലം ഇല്ലാതെ വന്നപ്പോൾ തൂമ്പയുമെടുത്ത് സ്വയം ഇറങ്ങി.
വെളുപ്പ് നിറത്തിലുള്ള പൈജാമയും ബനിയനുമണിഞ്ഞ് മഞ്ഞനിറത്തിലുള്ള പാർട്ടി പതാകയുമായാണ് മന്ത്രി റോഡ് നന്നാക്കാൻ ഇറങ്ങിയത്. കുടുംബാംഗങ്ങളും പാർട്ടി പ്രവർത്തകരും മന്ത്രിയോടൊപ്പം റോഡ് നിർമിക്കാൻ ഇറങ്ങി. 2 പതിറ്റാണ്ട് മുമ്പ് നിർമിച്ച റോഡിൽ ഇപ്പോൾ കുഴികൾ മാത്രമെയുള്ളു. മഴ പെയ്താൽ ചെളി കയറി നടക്കാൻ പോലും കഴിയാത്ത അവസ്ഥയാകും.

ഞാൻ ഒരുകൃഷിക്കാരന്റെ മകനാണ്, വയലിൽ പണിയെടുത്ത് തനിക്ക് നല്ല ശീലമുണ്ട്. അധികാരികളെ വിശ്വസിച്ച് മടുത്തപ്പോൾ കൈക്കോട്ടുമായി ഇറങ്ങുകയായിരുന്നുവെന്ന് രാജ്ബോർ പറഞ്ഞു. ഒരു മന്ത്രിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നും അദ്ദേഹം ചോദിച്ചു.
ഇതാന്ത്യമായല്ല സ്വന്തം സർക്കാരിനെതിരെ ഓം പ്രകാശ് രാജ്ബർ പ്രതിഷേധിക്കുന്നത്. ഗാസിപൂർ ജില്ലയിലെ റോഡ് നിർമിക്കണമെന്ന ആവശ്യം പരിഗണിക്കാതിരുന്ന ജില്ലാ മജിസ്ട്രേറ്റിനെതിരെയായിരുന്നു കഴിഞ്ഞ വർഷം മന്ത്രിയുടെ ധർണ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും രാജ്ബോർ വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്. കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്കെതിരെ വോട്ട് ചെയ്യുമെന്ന് അറിയിച്ചെങ്കിലും പിന്നീട് അമിത്ഷായുടെ ഇടപെടലിനെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു












Click it and Unblock the Notifications