'പ്രേതബാധ അകറ്റാന്‍' ഗോമൂത്രം ബെസ്റ്റാ... പരീക്ഷിച്ചുനോക്കൂ; പുതിയ കണ്ടെത്തലുമായി യുപി മന്ത്രി
ലഖ്‌നൗ: ഗോ മൂത്രത്തിന്റെ 'ഗുണങ്ങള്‍' വിശദീകരിച്ച് ഉത്തര്‍പ്രദേശിലെ ക്ഷീര വികസന മന്ത്രി ധരംപാല്‍ സിംഗ്. പ്രേതബാധയ്ക്കും വാസ്തു ദോഷത്തിനും മറ്റു പ്രശ്നങ്ങള്‍ക്കും ലളിതമായ പരിഹാരം ലഭിക്കാന്‍ ഗോ മൂത്രം തളിച്ചാല്‍ മതി എന്നാണ് പുതിയ അവകാശവാദം. പ്രേതബാധ ഏറ്റ ആളുടെ ദേഹത്ത് അല്‍പം ഗോമൂത്രം തളിക്കുകയാണെങ്കില്‍ അയാളെ ബാധിച്ചിരിക്കുന്ന പ്രേതം അല്ലെങ്കില്‍ ആത്മാവ് നിമിഷ നേരം കൊണ്ട് ശരീരം ഉപേക്ഷിച്ച് പോവുമെന്നാണ് ധരംപാല്‍ സിംഗ് പറയുന്നത്. മാത്രമല്ല വാസ്തു സംബന്ധമായ എല്ലാ ദോഷങ്ങള്‍ക്കും പരിഹാരം എന്നോണം വീട്ടിനുള്ളില്‍ ഗോമൂത്രം തളിച്ചാല്‍ മതിയെന്നും ധരംപാല്‍ സിംഗ് പറയുന്നു.
മീററ്റില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു ധരംപാല്‍ സിംഗ് ഗോമൂത്രത്തിന്റെ മാന്ത്രികശക്തിയെ കുറിച്ച് പുതിയ അവകാശവാദം ഉന്നയിച്ചത്. പശുവിനെ വളര്‍ത്തുന്നതിനാല്‍ ഗുണങ്ങള്‍ മാത്രമെ ഉള്ളൂവെന്നും പശു എന്നത് സകല ദൈവങ്ങളുടെയും വാസ സ്ഥലമാണെന്നും ധരംപാല്‍ സിംഗ് പറയുന്നു. ലക്ഷ്മി ദേവി (ഹിന്ദു പുരാണത്തില്‍ സമ്പത്തിന്റെയും ഐശ്വര്യത്തിന്റേയും ദേവി) ചാണകത്തില്‍ വസിക്കുന്നുണ്ട്. ഗോമൂത്രത്തിന് ഗംഗയുടെ അതേ ഗുണമാണുള്ളത് എന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചാണകം വാങ്ങാനും അത് പാചകവാതകമാക്കി മാറ്റുന്ന കമ്പനികള്‍ സ്ഥാപിക്കാനും യു പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പുതിയ പദ്ധതി വിഭാവനം ചെയ്യുന്നുണ്ടെന്നും ധരം പാല്‍ സിംഗ് പറഞ്ഞു. ചാണകവും ഗോമൂത്രവും ജനങ്ങള്‍ക്ക് വില്‍ക്കാന്‍ സാധിക്കും എന്നുറപ്പാക്കലാണ് തങ്ങളുടെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു. അതിനായി പദ്ധതികള്‍ ആസൂത്രണം ചെയ്ത്് വരികയാണ് എന്നും ധരം പാല്‍ സിംഗ് കൂട്ടിച്ചേര്‍ത്തു. തെരുവുകളില്‍ അലഞ്ഞുതിരിയുന്ന പശുക്കളെ ബി ജെ പി പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് പരിപാലിക്കണമെന്നും ധരംപാല്‍ സിംഗ് നേരത്തെ പറഞ്ഞിരുന്നു.

കൊവിഡ് വ്യാപനത്തിന്റെ സമയത്ത് സ്വയം രക്ഷ നേടാനും കൊവിഡ് വരാതെ സൂക്ഷിക്കാനും ദിവസവും ഗോമൂത്രം കുടിച്ചാല്‍ മാത്രം മതിയെന്ന് മുന്‍ ബി ജെ പി എം എല്‍ എ സുരേന്ദ്ര സിംഗും പറഞ്ഞിരുന്നു. ഇതാദ്യമായല്ല പശു രാഷ്ട്രീയം ബി ജെ പിയും അനുബന്ധ സംഘടനകളും പയറ്റുന്നത്. നേരത്തെ പശുവും ചാണകവും ഗോമൂത്രവും വ്യക്തിയുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുമെന്നും അതുവഴി രാജ്യം മികച്ച സാമ്പത്തികാവസ്ഥയിലേക്ക് എത്തുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞിരുന്നു. ഇതിനായി തന്റെ സര്‍ക്കാര്‍ പശുക്കള്‍ക്കായി സംരക്ഷണ കേന്ദ്രവും ഷെല്‍ട്ടറുകളുമൊരുക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ശ്മശാനങ്ങളില്‍ വിറക് ഉപയോഗം കുറച്ച് പകരം ചാണകം ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് സര്‍ക്കാരും പശു രാഷ്ട്രീയം പയറ്റുന്നതില്‍ ഒട്ടും പിന്നിലല്ല. പശുക്കളെ വളര്‍ത്തുന്നവരില്‍ നിന്ന് ഗോമൂത്രം സംഭരിച്ച് വിപണിയിലെത്തിക്കുന്ന പുതിയ പദ്ധതി ഛത്തീസ്ഗഡ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരുന്നു. മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ഇത് സംബന്ധിച്ച് പഠിക്കാന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഗോമൂത്രം വാങ്ങി വിപണിയിലെത്തിക്കുന്നതിന്റെ സാധ്യതകള്‍ പഠിക്കുന്നതിനായി സാങ്കേതിക സമിതിയും ബാഗേല്‍ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.

സസ്യങ്ങളുടെ വളര്‍ച്ച വര്‍ധിപ്പിക്കുകയും അതിനൊപ്പം രോഗങ്ങള്‍ തടയുകയും ചെയ്യുന്ന എന്‍സൈമുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതിനാല്‍ ജൈവവളം ഉത്പാദിപ്പിക്കുന്നതിന് ഗോമൂത്രം അനുയോജ്യമാണെന്ന് ബാഗേല്‍ സര്‍ക്കാരിന് ഉപദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. പശുക്കളെ വളര്‍ത്തുന്നവരില്‍ നിന്ന് കിലോഗ്രാമിന് രണ്ട് രൂപയ്ക്ക് ചാണകം സംഭരിച്ച് മണ്ണിര കമ്പോസ്റ്റ് ഉല്‍പ്പാദിപ്പിച്ച് വില്‍ക്കുകയെന്ന 'ഗോധന്‍ ന്യായ് യോജന' പദ്ധതി 2020 ജൂലൈയില്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ തുങ്ങിയിരുന്നു.












Click it and Unblock the Notifications