ശശി തരൂര്‍ ഉള്‍പ്പടേയുള്ള 8 പേര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്ത് യുപി പൊലീസ്
ദില്ലി: കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. ഇന്ത്യാ ടുഡെയിലെ മാധ്യമ പ്രവര്‍ത്തകന്‍ രജദീപ് സര്‍ദേശായി, കാരവൻ മാഗസിന്റെ വിനോദ് കെ ജോസിനും റിപ്പോർട്ടർമാർക്കും എതിരെയും കേസെടുത്തിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് ഇവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകള്‍ക്കെതിരെയാണ് ഉത്തര്‍പ്രദേശ് പൊലീസിന്‍റെ നടപടി.
Recommended Video
53 (എ), 153 ( ബി ) വകുപ്പുകളും, 124(എ), 120 വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഡാലോചന, മതസ്പർദ്ധ വളർത്തൽ എന്നിങ്ങനെ 11 വകുപ്പുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. എട്ട് പേര്‍ക്കെതിരേയും നോയിഡ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസ് നിയമപരമായി നേരിടുമെന്നും അഭിഭാഷകര്‍ ഇതിനായുള്ള നടപടികള്‍ തുങ്ങിയെന്നും കാരവാന്‍ എഡിറ്റര്‍ വിനോദ് ജോസ് വ്യക്തമാക്കി.

അതേസമയം, ഉത്തര്‍പ്രദേശ്-ദില്ലി അതിര്‍ത്തിയായ ഘാസിപ്പൂരിലെ സമരവേദിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. രാത്രി പതിനൊന്ന് മണിക്ക് മുമ്പായി സമരവേദി ഒഴിയണമെന്ന് ജില്ലാ മജിസ്ട്രറ്റ് സമരക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. കൂടുതല്‍ പൊലീസിനേയും കേന്ദ്ര സേനയേയും ഇവിടെ എത്തിക്കുകയും ചെയ്തു. എന്നാല്‍ സമരം ഒഴിയില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. വെടിവെച്ച് കൊന്നാലും സമരത്തില്‍ നിന്നും പിന്‍വാങ്ങില്ലെന്നായിരുന്നു കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയത്.
പതിന്നൊന്ന് മണി വരെയായിരുന്നു വേദി ഒഴിയാന്‍ സമരക്കാര്‍ക്ക് പൊലീസ് നല്‍കിയ സമയം. നേരത്തെ അറസ്റ്റിന് ഒരുങ്ങും എന്ന സൂചന രാജേഷ് ടികായത്ത് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം നിലപാട് മാറ്റുകയായിരുന്നു. പൊലിസുകാര്‍ക്കൊപ്പം ബിജെപി നേതാക്കളും എത്തിയതോടെയാണ് തങ്ങള്‍ തീരുമാനം മാറ്റിയതെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കുന്നത്. സമരം ചെയ്യുന്ന എല്ലാ കര്‍ഷകരോടും വേദിയിലേക്ക് എത്താന്‍ കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications