വാട്‌സ് ആപ്പ് ചാറ്റ് കൂടി, മകളെയും കാമുകനെയും അച്ഛന്‍ കൊന്നു!
ആഗ്ര: വാട്‌സ് ആപ്പിലൂടെയുള്ള ചാറ്റ് അതിരുവിട്ടതോടെ അച്ഛന്‍ മകളെ കൊന്നു. ഉത്തര്‍ പ്രദേശിലെ ആഗ്രയിലാണ് സംഭവം. മകളെ മാത്രമല്ല, മകളോട് ചാറ്റ് ചെയ്തചെറുപ്പക്കാരനെയും പെണ്‍കുട്ടിയുടെ അച്ഛന്‍ കൊലപ്പെടുത്തി. ആഗ്രയിലെ താമസക്കാരിയായ ഭാരതി കുശവാല (21 വയസ്സ്), കാമുകനായ നരേഷ് കുമാര്‍ സിംഗ് (24 വയസ്സ്) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഭാരതിയും നരേഷ് കുമാറും കുറച്ച് കാലമായി പ്രണയബന്ധത്തിലായിരുന്നത്രെ. എന്നാല്‍ ഭാരതിയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തോട് എതിര്‍പ്പുണ്ടായിരുന്നു. ഭാരതിയെ മറ്റാരെക്കൊണ്ടെങ്കിലും വിവാഹം കഴിപ്പിക്കാനായിരുന്നു അച്ഛന്‍ ഗിരിരാജിന്റെ തീരുമാനം. എന്നാല്‍ മകള്‍ ഇതിനെ എതിര്‍ത്തു. അതേസമയം ഇരുവരും തുടര്‍ച്ചയായി വാട്‌സ് ആപ്പിലുടെ ബന്ധപ്പെടുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നത്രെ.

ശനിയാഴ്ച ഗിരിരാജ് മകളെയും കാമുകനായ നരേഷ് കുമാറിനെയും നഗരത്തിലെ ഒരു ഒഴിഞ്ഞ ഭാഗത്തേക്ക് വിളിപ്പിച്ചു. ഇരുവരെയും വിവാഹം കഴിപ്പിക്കാം അതിനുള്ള കാര്യങ്ങള്‍ സംസാരിക്കാന്‍ വേണ്ടിയാണ് എന്ന് പറഞ്ഞാണ് ഗിരിരാജ് കുട്ടികളെ വരുത്തിയത്. എന്നാല്‍ ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു ഗിരിരാജിന്റെ ലക്ഷ്യം. ആഗ്ര - രാജസ്ഥാന്‍ അതിര്‍ത്തിയില്‍ വെച്ചാണ് കൊലപാതകം നടന്നത് എന്ന് പോലീസ് പറയുന്നു.
ദോലാപൂരിലെ മാനിയ പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഇരുവരുടെയും മൃതദേഹം പോലീസിന് കിട്ടിയത്. മൃതദേഹങ്ങളില്‍ അടിയേറ്റ പാടുകള്‍ ഉണ്ടായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഗിരിരാജ് ഈ ബന്ധത്തെ എതിര്‍ത്തിരുന്നു എന്നാണ് വീട്ടുകാരില്‍ നിന്നും പോലീസിന് അറിയാന്‍ കഴിഞ്ഞത്. തന്റെ വാക്കുകള്‍ മകള്‍ അനുസരിക്കാന്‍ കൂട്ടാക്കാതിരുന്നതും വാട്‌സ് ആപ്പിലൂടെ മണിക്കൂറുകളോളം ചാറ്റ് ചെയ്തതുമാണത്രെ ഗിരിരാജിനെ പ്രകോപിതനാക്കിയത്.












Click it and Unblock the Notifications