യുപിയില്‍ ഹിന്ദു കുട്ടിയെ മുസ്ലീം സഹപാഠിയെ കൊണ്ട് തല്ലിച്ചു; അധ്യാപിക അറസ്റ്റില്‍
ലഖ്‌നൗ: ഹിന്ദു വിദ്യാര്‍ത്ഥിയെ മുസ്ലീം വിദ്യാര്‍ത്ഥിയെക്കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ അധ്യാപിക അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സംഭാലിലാണ് സംഭവം. ചോദ്യത്തിന് ഉത്തരം നല്‍കാത്തതിന് ശിക്ഷയായി ഹിന്ദു സഹപാഠിയെ തല്ലാന്‍ മുസ്ലീം വിദ്യാര്‍ത്ഥിയോട് നിര്‍ദ്ദേശിച്ചെന്നാരോപിച്ച് ദുഗാവാര്‍ ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപിക ഷൈസ്തയെ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഹിന്ദു വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഐപിസി 153 എ (മതം, വംശം മുതലായവയുടെ പേരില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍) 323 (സ്വമേധയാ മുറിവേല്‍പ്പിക്കുക) എന്നിവ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി അഡീഷണല്‍ എസ് പി ശ്രീഷ് ചന്ദ്ര പറഞ്ഞു. അധ്യാപികയുടെ പ്രവൃത്തി തന്റെ കുട്ടിയുടെ മതവികാരം വ്രണപ്പെടുത്തിയെന്നാണ് പിതാവ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

സംഭാലിലെ അസ്മോലി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ദുഗാവാര്‍ ഗ്രാമത്തിലെ സ്വകാര്യ സ്‌കൂളില്‍ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ മാസം മുസാഫര്‍നഗറിലെ ഖുബ്ബാപൂര്‍ ഗ്രാമത്തില്‍ നിന്ന് സമാനമായ ഒരു സംഭവം പുറത്തുവന്നിരുന്നു. തൃപ്ത ത്യാഗി എന്ന സ്വകാര്യ സ്‌കൂള്‍ അധ്യാപിക ഗൃഹപാഠം ചെയ്തില്ലെന്ന് ആരോപിച്ച് ഹിന്ദു സഹപാഠികളെ കൊണ്ട് ഒരു മുസ്ലീം ആണ്‍കുട്ടിയെ അടിപ്പിക്കുകയായിരുന്നു.
ഈ സംഭവത്തില്‍ അധ്യാപികയ്ക്കെതിരെ ഐപിസി സെക്ഷന്‍ 323 (സ്വമേധയാ മുറിവേല്‍പ്പിക്കുക), 504 (സമാധാന ലംഘനം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയുള്ള മനഃപൂര്‍വം അപമാനിക്കല്‍) എന്നിവ പ്രകാരമാണ് കേസെടുത്തിരുന്നത്. അതേസമയം യു പി സര്‍ക്കാരിന് സംഭവം സുപ്രീംകോടതിയുടെ നിശിത വിമര്‍ശനമേല്‍ക്കാന്‍ ഇടയാക്കിയിരുന്നു. വിവേചനരഹിത നിര്‍ബന്ധിത വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ് നടന്നത് എന്നായിരുന്നു സുപ്രീം കോടതി പറഞ്ഞത്.
കേസ് അന്വേഷിക്കാന്‍ മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥനെ ഒരാഴ്ചയ്ക്കകം നിയമിക്കണമെന്നും സുപ്രീം കോടതി യു പി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. പിതാവിന്റെ പരാതിയിലുള്ള എല്ലാ കാര്യങ്ങളും എഫ് ഐ ആറില്‍ ചേര്‍ക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
അതേസമയം തന്റെ പ്രവൃത്തിയെ ന്യായീകരിക്കുകയായിരുന്നു അധ്യാപിക ചെയ്തത്. തനിക്ക് സാമുദായിക വിദ്വേഷം വളര്‍ത്താന്‍ ഉദ്ദേശമില്ലായിരുന്നെന്നും അധ്യാപികയുടെ കടമ മാത്രമാണ് ചെയ്തത് എന്നുമായിരുന്നു അവര്‍ പറഞ്ഞത്. വീഡിയോ തെറ്റായി ചിത്രീകരിച്ചതാണെന്നും ശാരീരികമായി വെല്ലുവിളി നേരിടുന്ന തനിക്ക് കുട്ടിയെ തല്ലാന്‍ എഴുന്നേല്‍ക്കാന്‍ കഴിയില്ലെന്നും ത്യാഗി പറഞ്ഞിരുന്നു.












Click it and Unblock the Notifications