ഇന്ത്യയെ അറിയാം, മഹാകുംഭമേളയിലേക്ക് വരൂ: തീർത്ഥാടന സംഗമത്തിന്റെ വിളംബരവുമായി യുപി ടൂറിസം വകുപ്പ്
ഡല്‍ഹി: 2025 ല്‍ നടക്കാനിരിക്കുന്ന മഹാകുംഭ മേളയുടെ വിളംബരവുമായി ഉത്തർപ്രദേശ് ടൂറിസം വകുപ്പ്. ഡൽഹിയിലെ അശോക ഹോട്ടലിലെ നടന്ന പരിപാടിയില്‍ കേന്ദ്ര ടൂറിസം - സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്, ഉത്തർപ്രദേശ് ടൂറിസം - സാംസ്‌കാരിക മന്ത്രി ജയ്‌വീർ സിംഗ് എന്നിവർക്ക് പുറമെ ലോകമെമ്പാടുമുള്ള വിശിഷ്ട വ്യക്തികളും വിവിധ രാജ്യങ്ങളിലെ അംബാസഡർമാരും ഹൈക്കമ്മീഷണർമാരും പങ്കെടുത്തു.
നിങ്ങള്‍ക്ക് ഏതെങ്കിലും ഒരിടത്ത് ഇന്ത്യയെ കാണണമെങ്കില്‍ മഹാകുംഭമേളയിലേക്ക് വരണമെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് ഗജേന്ദ്ര സിംഗ് ഷെഖാവത് അഭിപ്രായപ്പെട്ടു. 'നിങ്ങൾക്ക് ഇന്ത്യയെ ഏതെങ്കിലും ഒരിടത്ത് വച്ച് കാണാൻ ആഗ്രഹമുണ്ടെങ്കിൽ നിങ്ങൾ എത്തിച്ചേരണ്ട സ്ഥലമാണ് മഹാകുംഭമേള. ദശലക്ഷക്കണക്കിന് തീർഥാടകരെയും സന്ദർശകരെയും സ്വാഗതം ചെയ്യുന്നതിനായി വിപുലമായ ക്രമീകരണങ്ങൾ തീർത്ഥാടന കേന്ദ്രങ്ങളില്‍ തയ്യാറാക്കി വരികയാണ്' അദ്ദേഹം പറഞ്ഞു.

'2025 ലെ മഹാംകുംഭമേള ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ ആശയത്തിന്റെ സാക്ഷ്യമായി നിലകൊള്ളും' എന്ന് ജയ്വീർ സിംഗും അഭിപ്രായപ്പെട്ടു. കേവലം ഒരു മതപരമായ ഉത്സവം എന്നതിലുപരി മഹാകുംഭമേള സംസ്കാരങ്ങളുടെയും ആശയങ്ങളുടെയും ആഗോള സംഗമമാണ് എന്ന് വ്യക്തമാക്കുന്നത് കൂടിയായിരുന്നു ഉത്തർപ്രദേശ് മന്ത്രിയുടെ വാക്കുകള്‍.

വിനോദസഞ്ചാര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുകേഷ് കുമാർ മേഷ്റാം മഹാകുംഭമേളയെക്കുറിച്ചും ഉത്സവത്തെ വരവേക്കുന്നതിനായുള്ള തയ്യാറെടുപ്പുകളെകുറിച്ചും വിശദീകരിച്ചു. വീഡിയോ ദൃശ്യങ്ങളേടേയും ഫോട്ടോകളുടേയും സഹായത്തോടെയായിരുന്നു അദ്ദേഹത്തിന്റെ അവതരണം. തീർത്ഥാടകർക്കും സന്ദർശകർക്കുമായി വിശാലമായ ടെൻ്റ് സിറ്റി പദ്ധതി നടപ്പിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആഢംബരപൂർണ്ണമായ മഹാരാജ ടെൻ്റുകൾ മുതൽ ആധുനിക സ്വിസ് കോട്ടേജുകൾ വരെ ഇവിടെ തയ്യാറായിരിക്കും.ഹെലികോപ്റ്റർ സവാരി, ജല കായിക വിനോദങ്ങൾ, സാംസ്കാരിക പരിപാടികളും സന്ദർശകർക്കായി ഒരുക്കുന്നു.

മലേഷ്യ, സീഷെൽസ്, സ്വിറ്റ്‌സർലൻഡ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഹൈക്കമ്മീഷണർമാരുടേയും അംബാസഡർമാരുടേയും മനംനിറയ്ക്കുന്നതായിരുന്നു മഹാമേളയെക്കുറിച്ചുള്ള അറിവ്. അതിർത്തി, മതം തുടങ്ങിയ എല്ലാവിധ വേർതിരിവുകള്‍ക്കും അതീതമായ മഹാകുംഭത്തിൻ്റെ സാർവത്രികമായ ആശയത്തിന്റെ വ്യക്തമായ ഉദാഹരണമായും ഇവരുടെ സാന്നിധ്യം മാറി. മഹാകുംഭമേളയുടെ ചരിത്രവും സത്തും വ്യക്തമാക്കുന്ന ഹ്രസ്വചിത്രങ്ങളുടെ പ്രദർശനവും ചടങ്ങില്‍ നടന്നു.

ഒരു വ്യാഴവട്ട കാലത്തെ കാത്തിരിപ്പിന് ശേഷം 2025 ജനുവരി 14 നാണ് മാഹകുഭമേള നടക്കുക. പ്രയാഗ് രാജില്‍ 12 വർഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന മാഹാ കുംഭമേള ലോകത്തിലെ ഏറ്റവും വലിയ ഹൈന്ദവ തീര്‍ഥാടന സംഗവുമാണ്. ജനുവരി 14 ന് ആരംഭിക്കുന്ന ചടങ്ങുകള്‍ ഫെബ്രുവരി 26 വരെ നീളും. മഹാ കുംഭമേളയിൽ ഇത്തവണ 45 കോടി ആളുകൾ പങ്കെടുക്കുമെന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications