വളർത്തുപൂച്ച ചത്തു; മൂന്നാം ദിവസം മനപ്രയാസത്തിൽ 32കാരി ആത്മഹത്യ ചെയ്തു
ലഖ്നൗ: വളർത്ത് പൂച്ച ചത്തതിന് പിന്നാലെ ജീവനൊടുക്കി യുവതി. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിൽ നിന്നാണ് പൂച്ച ചത്തതിന്റെ മൂന്നാം ദിവസം ആത്മഹത്യ ചെയ്തത്. ചത്ത പൂച്ചയ്ക്കൊപ്പം രണ്ട് ദിവസം കിടന്നുറങ്ങിയ യുവതി മൂന്നാം ദിവസം പൂച്ചയ്ക്ക് ജീവൻ തിരിച്ച് ലഭിക്കുമെന്നാണ് കരുതിയിരുന്നത്. അംറോഹയിലെ ഹസൻപൂർ സ്വദേശിയാണ് പൂജ ( 32 ).
എട്ട് വർഷം മുമ്പ് ഡൽഹി സ്വദേശിയായ ഒരാളെ പൂജ വിവാഹം കഴിച്ചിരുന്നു. എന്നാൽ രണ്ട് വർഷത്തിന് ശേഷം വിവാഹ ബന്ധം വേർപെടുത്തി. വിവാഹ മോചനത്തിന് ശേഷം പൂജ അമ്മ ഗജ്രാദേവിക്കൊപ്പം മാതാപിതാക്കളുടെ വീട്ടിൽ താമസിച്ച് വരികയായിരുന്നു.

ഏകാന്തത മാറ്റാനാണ് പൂച്ചയെ വാങ്ങിയത്. വ്യാഴാഴ്ചയാണ് പൂച്ച ചത്തത്. ചത്ത പൂച്ചയെ കുഴിച്ചിടാൻ അമ്മ പറഞ്ഞെങ്കിലും പൂജ കേട്ടില്ല. പൂച്ചയ്ക്ക് ജീവിൻ കിട്ടുമെന്നാണ് പൂജ പറഞ്ഞത്.
പൂച്ചയെ കുഴിച്ചിടാതെ പൂജ രണ്ട് ദിവസം പൂച്ചയ്ക്കൊപ്പം കിടന്നു. അമ്മയും മറ്റ് കുടുംബാംഗങ്ങളും പൂച്ചയെ കുഴിച്ചിടാൻ ശ്രമിച്ചെങ്കിലും പൂജ സമ്മതിച്ചില്ല. ശനിയാഴ്ച ഉച്ചയോടെ വീടിന്റെ മൂന്നാം നിലയിലെ മുറിയിൽ കയറി കതക് അടച്ചു. അന്ന് രാത്രി ഗജ്രാ ദേവി മകളെ നോക്കാൻ പോയപ്പോഴാണ് പൂജയെ ആത്മഹത്യ ചെയ്ത നിലയിൽ കാണുന്നത്.
പൂജയുടെ മൃതദേഹം സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. നിലവിളി കേട്ട് എത്തിയ അയൽവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസും ഫോറൻസിക് സംഘവും വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.












Click it and Unblock the Notifications