യുപിഐ ഇടപാടിന് ഫീസ്; വ്യാപാരികള്‍ക്കുള്ള ഇടപാടില്‍ 0.4% എംഡിആര്‍ ചാര്‍ജ്, പുതിയ നിര്‍ദേശം
രാജ്യത്തെ യുപിഐ ഇടപാടില്‍ കാതലായ മാറ്റം വരുത്തി നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). 2000 രൂപയ്ക്ക് മുകളില്‍ വ്യാപാരികള്‍ക്കുള്ള യുപിഐ ഇടപാടില്‍ 0.4 ശതമാനം മര്‍ച്ചെന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) ഈടാക്കും. ഇതുസംബന്ധിച്ച് എന്‍പിസിഐ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. 2000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ ഈടാക്കില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പ് വന്ന പിന്നാലെയാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.
വ്യക്തികള്‍ വ്യാപാരികള്‍ക്ക് നല്‍കുന്ന (പി2എം) 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടിലാണ് എംഡിആര്‍ ചാര്‍ജ്. ഈ ചാര്‍ജ് ബാങ്കുകള്‍, പേയ്‌മെന്റ് ആപ്പുകള്‍ എന്നിവര്‍ക്ക് വീതംവെക്കും. 75000 രൂപയോ അതിന്് മുകളിലോ ഉള്ള വലിയ ഇടപാടുകളുടെ എംഡിആര്‍ നിരക്ക് 300 രൂപയാക്കി നിശ്ചയിച്ചു. അതേസമയം, വ്യക്തികളും വ്യക്തികളും (പി2പി) തമ്മിലുള്ള യുപിഐ ഇടപാടില്‍ ചാര്‍ജ് ഈടാക്കില്ല. എത്ര രൂപയുടെ ഇടപാടും ഈ രീതിയില്‍ നടത്താം.

ഉപഭോക്താവ് ഡിജിറ്റല്‍ പണമിടപാട് നടത്തുന്ന വേളയില്‍ കച്ചവടക്കാരന്‍ ബാങ്കുകള്‍ക്ക് നല്‍കേണ്ട ഫീസ് ആണ് മര്‍ച്ചെന്റ് ഡിസ്‌കൗണ്ട് റേറ്റ് അഥവാ എംഡിആര്‍. ഉപഭോക്താവ് 2000 രൂപയ്ക്ക് മുകളിലാണ് അയക്കുന്നത് എങ്കില്‍ കച്ചവടക്കാരന്‍ 0.4 ശതമനം ഫീസ് നല്‍കണം എന്നാണ് പുതിയ വ്യവസ്ഥ. ഡിജിറ്റല്‍ പണമിടപാട് പ്രോല്‍സാഹിപ്പിക്കാന്‍ വേണ്ടി 2020 മുതല്‍ യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ ഈടാക്കിയിരുന്നില്ല. ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുകയാണ്.
അതേസമയം, റെയില്‍വെ, ടെലികോം, ഇന്‍ഷുറന്‍സ്, ഇന്ധനം വാങ്ങല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള 2000 രൂപയ്ക്ക് മുകളിലെ ഇടപാടുകള്‍ക്ക് 5 രൂപ എംഡിആര്‍ ഈടാക്കും. മ്യൂച്ചല്‍ ഫണ്ട്, ഓഹരി ഇടപാട് എന്നിവയ്ക്ക് 0.02 ശതമാനം ഫീസ് ഈടാക്കും. പരമാവധി ഫീസ് 300 രൂപയുമായിരിക്കും. ഒക്ടോബര്‍ 15 മുതല്‍ പുതിയ തീരുമാനം നിലവില്‍ വരും.
അതേസമയം, ചെറുകിട കച്ചവടക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനവും വന്നിട്ടുണ്ട്. പ്രതിമാസം ഒരു ലക്ഷം രൂപ വരെ യുപിഐ ക്യുആര്‍ കോഡ് വഴി പേഴ്‌സണ്‍ ടു പേള്‍സണ്‍-മര്‍ച്ചെന്റ് വിഭാഗത്തില്‍ ഇടപാട് നടത്തുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് എംഡിആര്‍ ചാര്‍ജ് ഈടാക്കില്ല. അസംഘടിത മേഖലയിലെ ചെറുകിട കച്ചവടക്കാരുടെ ഡിജിറ്റല്‍ ഇടപാട് പ്രോല്‍സാഹിപ്പിക്കാന്‍ വേണ്ടിയാണിത്. എന്നാല്‍ ഘട്ടങ്ങളായി കൂടുതല്‍ മേഖലയിലേക്ക് എംഡിആര്‍ വരുമോ എന്ന് വ്യക്തമല്ല. ഇപ്പോള്‍ ചുമത്തിയ നിരക്ക് ഉയര്‍ത്തുമോ എന്ന ആശങ്കയും വ്യാപാരികള്‍ക്കുണ്ട്.




Click it and Unblock the Notifications
