ഗൂഗിള്‍ പേ ഇടപാട് ഒഴിവാക്കാന്‍ വ്യാപാരികള്‍!? 5000 രൂപയ്ക്ക് 20 രൂപ എംഡിആര്‍!
2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് 0.4% മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് അഥവാ എംഡിആര്‍ ഏര്‍പ്പെടുത്താനുള്ള കേന്ദ്ര നീക്കത്തില്‍ വ്യാപാരികള്‍ക്കിടയില്‍ കടുത്ത അതൃപ്തിയെന്ന് സര്‍വേ റിപ്പോര്‍ട്ട്. ലോക്കല്‍ സര്‍ക്കിള്‍സ് ആണ് ഇത് സംബന്ധിച്ച സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 76% പേരും ഇടപാടുകള്‍ പണം, ക്രെഡിറ്റ് കാര്‍ഡുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, ബാങ്ക് ട്രാന്‍സ്ഫറുകള്‍ എന്നിവയിലേക്ക് മാറ്റും എന്നാണ് പ്രതികരിച്ചത്.
2000 രൂപയ്ക്ക് മുകളിലുള്ള പേയ്മെന്റുകള്‍ക്ക് കച്ചവടക്കാര്‍ അധിക ഫീസ് ഈടാക്കിയാല്‍ യുപിഐ വഴി തന്നെ പണം നല്‍കി ആ അധികച്ചെലവ് വഹിക്കാന്‍ തയ്യാറാണെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ 14% പേര്‍ മാത്രമാണ് അഭിപ്രായപ്പെട്ടത്. ബാക്കിയുള്ളവര്‍ മറ്റ് പേയ്മെന്റ് മാര്‍ഗങ്ങള്‍ തേടുകയോ അല്ലെങ്കില്‍ വാങ്ങല്‍ ഒഴിവാക്കുകയോ മാറ്റിവെക്കുകയോ ചെയ്യുമെന്ന് വ്യക്തമാക്കി.

ഒക്ടോബര്‍ 15 മുതലാണ് എംഡിആര്‍ ഈടാക്കുക. രാജ്യത്തെ 291 ജില്ലകളിലെ യുപിഐ ഉപയോക്താക്കളില്‍ നിന്ന് 67000-ത്തിലധികം പ്രതികരണങ്ങള്‍ ലോക്കല്‍ സര്‍ക്കിള്‍സ് നടത്തിയ ഈ സര്‍വേയില്‍ ലഭിച്ചു. കച്ചവടക്കാര്‍ അധിക ഫീസ് ഈടാക്കിയാല്‍ എന്തുചെയ്യും എന്ന ചോദ്യത്തിന് മാത്രം 31206 പ്രതികരണങ്ങള്‍ ലഭിച്ചു. ഡിജിറ്റല്‍ പേയ്മെന്റ് ഇടപാടുകളില്‍ ഈടാക്കുന്ന ഫീസാണ് എംഡിആര്‍.
പേയ്മെന്റ് ശൃംഖല പ്രവര്‍ത്തിപ്പിക്കുന്നതില്‍ പങ്കാളികളായ ബാങ്കുകള്‍, പേയ്മെന്റ് സേവന ദാതാക്കള്‍, യുപിഐ ആപ്പുകള്‍ എന്നിവര്‍ക്കിടയിലാണ് ഈ തുക പങ്കിടുന്നത്. ഇതുവരെ, കച്ചവടക്കാര്‍ക്ക് സീറോ-എംഡിആര്‍ ഘടനയിലായിരുന്നു യുപിഐ ഇടപാടുകള്‍ നടന്നിരുന്നത്. ഒക്ടോബര്‍ 15 മുതല്‍, 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 0.4% എംഡിആര്‍ ബാധകമാകും.
അതേസമയം ഇത് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കേണ്ട ഒരു ഫീസായി മാറാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എംഡിആര്‍ എന്നത് സര്‍ക്കാരോ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോ ഈടാക്കുന്ന നികുതിയോ ഫീസോ അല്ല എന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കച്ചവടക്കാര്‍ ഈ ചെലവ് ഉപഭോക്താക്കളിലേക്ക് മാറ്റുന്നില്ലെന്ന് ഉറപ്പാക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
യുപിഐ ആപ്പുകള്‍ക്കും പ്ലാറ്റ്ഫോം ഫീസോ മറഞ്ഞിരിക്കുന്ന മറ്റ് ചാര്‍ജുകളോ ഈടാക്കാന്‍ അനുവാദമില്ല. എന്നാല്‍, കച്ചവടക്കാര്‍ ഈ ചെലവ് സ്വയം വഹിക്കുമോ അതോ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ ശ്രമിക്കുമോ എന്നതാണ് ഇപ്പോള്‍ പ്രധാന ചോദ്യം. വ്യാപാരികള്‍ അധികച്ചെലവ് ഉപഭോക്താക്കളില്‍ ചുമത്തിയാല്‍ ഭൗതിക പണമിടപാടുകള്‍ വീണ്ടും സജീവമായേക്കാം.
2000 രൂപയ്ക്ക് മുകളിലുള്ള യുപിഐഇടപാടുകള്‍ക്ക് അധിക ഫീസ് നല്‍കണമെന്ന് വ്യാപാരി ആവശ്യപ്പെട്ടാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് 27 ശതമാനം പേരും പണം ഭൗതികമായി തന്നെ നല്‍കുമെന്നാണ് പ്രതികരിച്ചത്. 26 ശതമാനം പേര്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമെന്ന് പറഞ്ഞപ്പോള്‍, 14 ശതമാനം പേര്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുമെന്ന് വ്യക്തമാക്കി. 4 ശതമാനം പേര്‍ ബാങ്ക് ട്രാന്‍സ്ഫര്‍ എന്നിവ ഉപയോഗിക്കുമെന്നും 9 ശതമാനം പേര്‍ അധിക ചാര്‍ജില്ലാത്ത മറ്റൊരു പേയ്മെന്റ് മാര്‍ഗം ആവശ്യപ്പെടുമെന്ന് അറിയിച്ചു.
14 ശതമാനം പേര്‍ മാത്രമാണ് യുപിഐ ഉപയോഗിക്കുന്നത് തുടരുമെന്നും അധിക തുക വഹിക്കുമെന്നും പറഞ്ഞത്. 2 ശതമാനം പേര്‍ വാങ്ങല്‍ ഒഴിവാക്കുകയോ മാറ്റിവെക്കുകയോ ചെയ്യുമെന്ന് പറഞ്ഞപ്പോള്‍, 4 ശതമാനം പേര്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായമുണ്ടായിരുന്നില്ല. അതായത് സര്‍വേയില്‍ പങ്കെടുത്തവരില്‍ ഏഴ് പേരില്‍ ഒരാള്‍ക്ക് മാത്രമേ അധിക ചെലവ് സ്വയം വഹിച്ചുകൊണ്ട് യുപിഐ ഉപയോഗം തുടരാന്‍ താല്‍പ്പര്യമുള്ളൂ.
2000 രൂപ വരെയുള്ള യുപിഐ പേയ്മെന്റുകള്‍ക്ക് അധിക നിരക്കുകള്‍ ബാധകമല്ല. വ്യക്തികള്‍ തമ്മിലുള്ള പണമിടപാടുകളും സൗജന്യമായി തുടരും. യുപിഐ ക്യുആര്‍ കോഡുകള്‍ വഴി പ്രതിമാസം 1 ലക്ഷം രൂപ വരെ സ്വീകരിക്കുന്ന ചെറുകിട വ്യാപാരികള്‍ക്കും ഈ സംവിധാനത്തില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. വ്യാപാരികളുടെ ഇടപാടുകളില്‍ ഏകദേശം 96 ശതമാനത്തെയും ഇത് ബാധിക്കില്ലെന്നാണ് സര്‍ക്കാര്‍ വാദം.
ഒറ്റപ്പെട്ട ഇടപാടുകളില്‍ ഈ തുക ചെറുതായി തോന്നാമെങ്കിലും, വലിയ തുകയ്ക്കുള്ള വാങ്ങലുകളില്‍ ഇത് ബാധ്യതയായി മാറിയേക്കാം. 0.4% നിരക്ക് പ്രകാരം 5000 രൂപയുടെ വാങ്ങലിന് 20 രൂപയായിരിക്കും എംഡിആര്‍. 50000 രൂപയുടെ വാങ്ങലിന് ഇത് 200 രൂപയാകും. എംഡിആറിന്മേല്‍ 18% ജിഎസ്ടിയും ഈടാക്കുന്നുണ്ട്. എന്നിരുന്നാലും, വ്യാപാരികള്‍ക്ക് ഇതിന് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാന്‍ സാധിക്കുമെന്ന് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സര്‍വേ റിപ്പോര്‍ട്ട് പ്രകാരം, 2026 ഓഗസ്റ്റില്‍ 29.82 ലക്ഷം കോടി രൂപയുടെ 2451 കോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത്. ഇതില്‍ 8.95 ലക്ഷം കോടി രൂപയുടെ 1551 കോടി ഇടപാടുകള്‍ വ്യാപാരി പേയ്മെന്റുകളായിരുന്നു. 2000 രൂപയ്ക്ക് മുകളിലുള്ള പേയ്മെന്റുകള്‍, ആ വ്യാപാരി പേയ്മെന്റുകളുടെ ആകെ മൂല്യത്തിന്റെ 67 ശതമാനത്തോളം വരും.


Click it and Unblock the Notifications
