2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ഉടന്‍ ഫീസ് ഈടാക്കിയേക്കില്ല; പുനരാലോചനക്ക് കേന്ദ്രം
2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് നിശ്ചിത ചാര്‍ജ് ഈടാക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ വൈകിപ്പിച്ചേക്കും എന്ന് സൂചന. നേരത്തെ ഒക്ടോബര്‍ 15 മുതല്‍ 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ ഈടാക്കും എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് അടുത്ത വര്‍ഷം മുതലായിരിക്കും പ്രാബല്യത്തില്‍ വരിക എന്നാണ് റിപ്പോര്‍ട്ട്.
യുപിഐ ഇടപാടുകള്‍ക്കുള്ള എംഡിആര്‍ നടപ്പിലാക്കുന്നത് 2027 ജനുവരിയിലേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി സംഘടനകളും ഫിന്‍ടെക്, പേയ്മെന്റ് കമ്പനികളും നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെ (എന്‍പിസിഐ) സമീപിച്ചിരുന്നു എന്നാണ് വിവരം. പുതിയ പരിഷ്‌കാരം നടപ്പിലാക്കാന്‍ ഒരാഴ്ചയില്‍ താഴെ മാത്രം സമയം ശേഷിക്കെയാണ് ഈ ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

രാജ്യത്തെ പ്രധാന ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ യുപിഐ കൈകാര്യം ചെയ്യുന്നത് എന്‍പിസിഐ ആണ്. ധനമന്ത്രാലയവുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും, അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ എന്‍പിസിഐ തീരുമാനമെടുത്തേക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. എംഡിആര്‍ നിരക്കുകള്‍, നയങ്ങള്‍, അവയുടെ ബാധകമാകുന്ന രീതി എന്നിവയെക്കുറിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.
ഇത് കാരണം പദ്ധതി നടപ്പിലാക്കാന്‍ തങ്ങള്‍ സജ്ജമല്ലെന്ന് വ്യവസായ മേഖല വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇത്തരം ആവശ്യങ്ങള്‍ ഉയര്‍ന്നത്. കഴിഞ്ഞ മാസമാണ് 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് യുപിഐ എംഡിആര്‍ 0.4 ശതമാനം (അല്ലെങ്കില്‍ 40 ബിപിഎസ്) ആയി യുപിഐ സ്റ്റിയറിംഗ് കമ്മിറ്റി നിശ്ചയിച്ചത്. 2026 ഒക്ടോബര്‍ 15 മുതല്‍ ഈ നിരക്കുകള്‍ പ്രാബല്യത്തില്‍ വരാനിരിക്കുകയായിരുന്നു.
ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോസസ്സ് ചെയ്യുന്നതിന് വ്യാപാരികള്‍ ബാങ്കുകള്‍ക്ക് നല്‍കുന്ന ഫീസാണ് എംഡിആര്‍. 0.4 ശതമാനം നിരക്ക് പ്രകാരം, 2000 രൂപയുടെ ഇടപാടിന് 8 രൂപയും 10,000 രൂപയുടെ ഇടപാടിന് 40 രൂപയും ഫീസായി നല്‍കേണ്ടിവരും. ഉത്സവകാലം കഴിയുന്നത് വരെ നടപ്പാക്കല്‍ മാറ്റിവെക്കണമെന്ന് പേയ്മെന്റ് മേഖലയിലെ വിവിധ സംഘടനകളും വ്യാപാരികളും എന്‍പിസിഐയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പണപ്പെരുപ്പം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഉത്സവകാല വില്‍പ്പന സമയത്ത് എംഡിആര്‍ ബിസിനസ് ചെലവ് വര്‍ധിപ്പിക്കുമെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്. എംഡിആര്‍ മൂലമുള്ള അധികച്ചെലവ് വ്യാപാരികള്‍ ഏതെങ്കിലും തരത്തില്‍ ഉപഭോക്താക്കളിലേക്ക് മാറ്റിയേക്കുമെന്ന ഭയവുമുണ്ട്. പേയ്മെന്റുകള്‍ സ്വീകരിക്കുന്ന എല്ലാ വ്യാപാരികള്‍ക്കും പ്രത്യേക കാറ്റഗറി കോഡുകള്‍ ഉണ്ട്.
കാര്‍ഡ് നെറ്റ്വര്‍ക്കുകള്‍ ഈ കോഡുകളെ അടിസ്ഥാനമാക്കിയാണ് ഇടപാടുകള്‍ പ്രോസസ്സ് ചെയ്യുകയും പരിശോധിക്കുകയും ചെയ്യുന്നത്. കാര്‍ഡ് ഇടപാടുകള്‍ക്ക് താരതമ്യേന ഏകീകൃത നിരക്കുകളാണുള്ളതെങ്കില്‍, യൂട്ടിലിറ്റി പേയ്മെന്റുകള്‍, വായ്പാ തിരിച്ചടവുകള്‍, മൂലധന വിപണി ഇടപാടുകള്‍ എന്നിവയ്ക്ക് യുപിഐ വ്യത്യസ്ത നിരക്കുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഇവയില്‍ പല പേയ്മെന്റുകളും കാര്‍ഡുകള്‍ വഴി നടത്താന്‍ കഴിയില്ല.
ഉദാഹരണത്തിന്, വായ്പാ തിരിച്ചടവുകള്‍ക്കോ മൂലധന വിപണി ഇടപാടുകള്‍ക്കോ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ റിസര്‍വ് ബാങ്ക് അനുവദിക്കുന്നില്ല. യുപിഐ പ്രചാരത്തിലാകുന്നതിന് മുമ്പ്, ഇത്തരം ഇടപാടുകളില്‍ പലതും നെറ്റ് ബാങ്കിംഗ്, IMPS, NEFT അല്ലെങ്കില്‍ RTGS എന്നിവ വഴിയാണ് നടത്തിയിരുന്നത്. അവയ്ക്ക് ചാര്‍ജുകള്‍ ഉണ്ടായിരുന്നെങ്കിലും, കാര്‍ഡ് പേയ്മെന്റുകളിലെ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഘടനയായിരുന്നില്ല പിന്തുടര്‍ന്നിരുന്നത്. ചില ഇടപാടുകള്‍ക്ക് പണം അയക്കുന്നവരില്‍ നിന്നും സ്വീകരിക്കുന്നവരില്‍ നിന്നും ബാങ്കുകള്‍ ചാര്‍ജ് ഈടാക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications
