പണം കയ്യിലെടുത്തില്ലെങ്കില്‍ പണി കിട്ടും: പണിമുടക്കി യുപിഐ ആപ്പുകൾ; വെട്ടിലായി ജനം
ദില്ലി: ഒന്നടങ്കം പണിമുടക്കി രാജ്യത്തെ യു പി ഐ സേവനങ്ങള്‍. പ്രധാന ഓണ്‍ലൈന്‍ ഇടപാട് പ്ലാറ്റ് ഫോമുകളായ ഫോണ്‍പേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ വഴിയുള്ള കൈമാറ്റത്തിന് എല്ലായിടത്തും തടസ്സങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇതോടെ ഓണ്‍ലൈന്‍ പേയ്മെന്റ് ഇടപാടുകള്‍ ആകെ താറുമാറായി. ഒരു മാസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് ഇത്തരത്തില്‍ യു പി ഐ സേവനങ്ങളില്‍ വ്യാപക തടസ്സം ഉണ്ടാകുന്നത്.
ശനിയാഴ്ച രാവിലെ 11.26 ഓടുകൂടിയാണ് യുപിഐ സേവനങ്ങളില്‍ തടസം നേരിട്ടുതുടങ്ങിയതെന്നാണ് ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റ് നല്‍കുന്ന റിപ്പോര്‍ട്ട്. 12 മണിയോടെ സേവനങ്ങള്‍ തടസ്സപ്പെടല്‍ കൂടുതല്‍ രൂക്ഷമായി. ഉച്ചയ്ക്ക് 1:00 മണിയോടെ റിപ്പോർട്ടുകളുടെ എണ്ണം 2,300 ൽ കൂടുതലായി. ഏകദേശം 81 ശതമാനം ഉപയോക്താക്കളും പേയ്‌മെന്റുകൾ നടത്തുന്നതിൽ പ്രശ്‌നങ്ങൾ നേരിടുന്നതായി പറഞ്ഞു.

അതേസമയം 17 ശതമാനം പേർ ഫണ്ട് ട്രാൻസ്ഫറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും 2 ശതമാനം പേർ പർച്ചേഴ്സിങ് പ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്തു. വിവിധ ബാങ്കുകളിലെയും പ്ലാറ്റ്‌ഫോമുകളിലെയും ഉപയോക്താക്കള്‍ക്ക് തടസ്സം നേരിടേണ്ടി വന്നിട്ടുണ്ട്. നേരത്തെ ഏപ്രിൽ 2ന് യു പി ഐ സേവനങ്ങള്‍ തടസ്സപ്പെടുന്നതായി ഡൗൺഡിറ്റക്ടറിൽ 514 പരാതികൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിന് മുൻപ് മാർച്ച് 26നും ഗൂഗിൾ പേ, പേടിഎം ആപ്പുകൾ പ്രവർത്തന രഹിതമാകുകയും ഡൗൺഡിറ്റക്ടറിൽ 3,000ത്തിലധികം പരാതികൾ ഉയരുകയും ചെയ്തു.
പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍ പി സി ഐ) അറിയിച്ചു.












Click it and Unblock the Notifications