യുപിഐ നികുതി; മോദിക്കെതിരെ രാഹുല്‍; കോണ്‍ഗ്രസ് അംഗങ്ങളുള്ള പാനലിന്റെ ശുപാര്‍ശയെന്ന് ബിജെപി
2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ 0.4 ശതമാനം മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) അഥവാ സേവന ഫീസ് ഈടാക്കുമെന്ന നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തി.
അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് എംഡിആര്‍ സംബന്ധിച്ച തീരുമാനമെടുത്തതെന്നും, അതുവഴി യുഎസ് കാര്‍ഡ് കമ്പനികള്‍ക്ക് യുപിഐയുമായി മത്സരിക്കാന്‍ അവസരമൊരുക്കുകയാണ് ചെയ്തതെന്നും രാഹുല്‍ ആരോപിച്ചു. 'യുഎസിന് മുന്നില്‍ സാഷ്ടാംഗം നമസ്‌കരിക്കുന്നത് നിര്‍ത്തൂ, നട്ടെല്ല് നിവര്‍ത്തി നില്‍ക്കൂ. യുപിഐ നികുതി എത്രയും പെട്ടെന്ന് പിന്‍വലിക്കണം,' അദ്ദേഹം ആവശ്യപ്പെട്ടു.

തന്റെ മുത്തശ്ശിയും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയുടെ ചിത്രത്തിന് മുന്നില്‍ നില്‍ക്കുന്ന വീഡിയോയില്‍ അദ്ദേഹം പറഞ്ഞു: 'ഒരിക്കല്‍ ഇന്ദിരാജിയോട് ഒരാള്‍ ചോദിച്ചു നിങ്ങള്‍, ഇടത്തോട്ടോ വലത്തോട്ടോ ചായ്വുള്ള ആളാണോ എന്ന്. അപ്പോള്‍ അവര്‍ നല്‍കിയ മറുപടി ഇതായിരുന്നു. 'ഞാന്‍ ഇടത്തോട്ടോ വലത്തോട്ടോ ചായുന്നില്ല, ഞാന്‍ നേരെ നിവര്‍ന്നു നില്‍ക്കുന്നു'. എന്നാല്‍ മോദിജിയുടെ കാഴ്ചപ്പാട് തികച്ചും വ്യത്യസ്തമാണ്. അദ്ദേഹം ഇടത്തോട്ടോ വലത്തോട്ടോ അല്ല, മറിച്ച് ഡൊണാള്‍ഡ് ട്രംപിന് മുന്നില്‍ സാഷ്ടാംഗം നമസ്‌കരിച്ച് കിടക്കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്,' രാഹുല്‍ പരിഹസിച്ചു.
യുപിഐയില്‍ നികുതി ഏര്‍പ്പെടുത്തിയും അമേരിക്കയ്ക്ക് വന്‍തുക കൈമാറിയും ഓരോ ഇന്ത്യക്കാരന്റെയും മേല്‍ നികുതിഭാരം അടിച്ചേല്‍പ്പിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി ആരോപിച്ചു. അതേസമയം പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ തള്ളി ധനമന്ത്രാലയം രംഗത്തെത്തി.
'വിദേശ സ്വാധീനം മൂലമാണ് ഈ മാറ്റമെന്ന് ചിലര്‍ അവകാശപ്പെടുന്നുണ്ട്. ഇത് തെറ്റാണ്. സ്വയംപര്യാപ്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും ചെലവ് കുറഞ്ഞതുമായ ഒരു ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം കെട്ടിപ്പടുക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഇന്ത്യയുടെ യുപിഐ നയപരമായ തീരുമാനങ്ങള്‍ സ്വതന്ത്രമായി എടുക്കുന്നത്,' മന്ത്രാലയം പറഞ്ഞു.
തുക എത്രയായാലും വ്യക്തികള്‍ തമ്മിലുള്ള പണമിടപാടുകള്‍ സൗജന്യമായി തുടരും; യുപിഐ ക്യുആര്‍ കോഡുകള്‍ വഴി പ്രതിമാസം 1 ലക്ഷം രൂപ വരെ വരുമാനം നേടുന്ന ചെറുകിട വ്യാപാരികള്‍ക്ക് തുടര്‍ന്നും യാതൊരുവിധ നിരക്കുകളും ബാധകമല്ലാത്തതിനാല്‍ അവര്‍ക്ക് സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. റെയില്‍വേ, ഇന്ധനം, ടെലികോം, ബില്‍ പേയ്മെന്റുകള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് 5 രൂപ എന്ന സ്ഥിര നിരക്ക് ബാധകമായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
മ്യൂച്വല്‍ ഫണ്ട്, സെക്യൂരിറ്റികള്‍ എന്നിവയുമായി ബന്ധപ്പെട്ട പേയ്മെന്റുകള്‍ക്ക് 0.02% നിരക്ക് ഈടാക്കും. എന്നാല്‍ ഇതിന് പരമാവധി 300 രൂപ എന്ന പരിധിയുണ്ടാകും. അതേസമയം രാഹുലിനെതിരെ ബിജെപിയും രംഗത്തെത്തി. അഞ്ച് കോണ്‍ഗ്രസ് എംപിമാര്‍ അംഗങ്ങളായിരുന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്ത ഒരു വരുമാന മാതൃകയെ എന്തുകൊണ്ടാണ് രാഹുല്‍ എതിര്‍ക്കുന്നത് എന്നാണ് ബിജെപിയുടെ ചോദ്യം.
മുന്‍ ധനമന്ത്രി പി. ചിദംബരം, മനീഷ് തിവാരി, ഗൗരവ് ഗൊഗോയ്, കിഷോരി ലാല്‍, കെ. ഗോപിനാഥ് എന്നീ അഞ്ച് കോണ്‍ഗ്രസ് എംപിമാരും ഈ സമിതിയില്‍ അംഗങ്ങളായിരുന്നു. റിപ്പോര്‍ട്ട് അംഗീകരിച്ച 2021 ഓഗസ്റ്റ് 12-ലെ യോഗത്തില്‍ ഇവര്‍ പങ്കെടുത്തിരുന്നുവെന്നും, പ്രസിദ്ധീകരിച്ച നടപടിക്രമങ്ങളില്‍ വിയോജിപ്പുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
യുപിഐ ഇടപാടുകള്‍ക്കായി വിവിധ നിരക്കുകളുള്ള എംഡിആര്‍/വരുമാന സംവിധാനം വേണമെന്ന് സമിതി ആവശ്യപ്പെടുകയും, അത് കാലതാമസമില്ലാതെ വിജ്ഞാപനം ചെയ്ത് നടപ്പിലാക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ബിജെപി നേതാവ് ഭര്‍തൃഹരി മഹതാബ് അധ്യക്ഷനായ സമിതി, യുപിഐ ഇക്കോസിസ്റ്റത്തിനായി ബജറ്റില്‍ വകയിരുത്തിയ 2,000 കോടി രൂപയും, ഈ മേഖലയിലെ പ്രവര്‍ത്തനച്ചെലവായി കണക്കാക്കുന്ന 20,700 കോടി രൂപയും തമ്മിലുള്ള വലിയ അന്തരം സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
സര്‍ക്കാരിന്റെ ഖജനാവിന് തുടര്‍ച്ചയായി ഭാരമുണ്ടാക്കാതെ യുപിഐ ഇക്കോസിസ്റ്റം സാമ്പത്തികമായി സുസ്ഥിരമാകുന്നതിന് പ്രായോഗികമായ വരുമാന സംവിധാനം അത്യന്താപേക്ഷിതമാണെന്ന് സമിതി അഭിപ്രായപ്പെട്ടു. ടയര്‍ 3 മുതല്‍ ടയര്‍ 6 വരെയുള്ള നഗരങ്ങളില്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ വ്യാപിപ്പിക്കാനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം, വരുമാന മാതൃക ഘട്ടംഘട്ടമായുള്ളതായിരിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications
