സിവിൽ സർവീസ് ഫലം; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, കേരളത്തിന് അഭിമാനമായി എസ് ശ്രുതി
യുണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2025-ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. അനുജ് അഗ്നിഹോത്രി ഒന്നാം റാങ്ക് കരസ്ഥമാക്കി ദേശീയ തലത്തിൽ തിളങ്ങി. രണ്ടാം റാങ്ക് രാജേശ്വരി സുവേയ്ക്കും, മൂന്നാം റാങ്ക് ആകാംക്ഷ് ധുള്ളിനാണ്.ഇത്തവണയും മലയാളികൾ സിവിൽ സർവീസ് പരീക്ഷയിൽ മികച്ച നേട്ടമാണ് കൊയ്തിരിക്കുന്നത്. മലയാളിയായ എസ്. ശ്രുതി 18-ാം റാങ്ക് നേടി കേരളത്തിന് അഭിമാനമായി മാറി. ആകെ 958 പേരാണ് റാങ്ക് പട്ടികയിൽ ഇടം നേടിയത്.
മലയാളി തിളക്കം
ദേശീയ തലത്തിൽ 18ാം റാങ്ക് നേടിക്കൊണ്ടാണ് എസ്. ശ്രുതി കേരളത്തിന്റെ അഭിമാനം വാനോളമുയർത്തിയത്. പരീക്ഷയുടെ എല്ലാ ഘട്ടങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച ശ്രുതിയുടെ നേട്ടം വരുംതലമുറയിലെ സിവിൽ സർവീസ് മോഹികൾക്ക് വലിയ പ്രചോദനമാണ്. ശ്രുതിയെക്കൂടാതെ ആദ്യ 150 റാങ്കുകളിൽ 4 മലയാളികൾ ഇടംപിടിച്ചു. തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെഎസ് ശ്രീജ (57), ബി. ഗോപിക (105) അജയ് രാജ് (109), വി.സി. ശ്രീലക്ഷ്മി (133) എന്നിവരാണ് മലയാളികൾ. അതോടൊപ്പം 271-ാം റാങ്ക് നേടിയ സിദ്ധാർത്ഥ് എം. ജോയിയും മികച്ച വിജയം സ്വന്തമാക്കിയിട്ടുണ്ട്. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിൽ സിദ്ധാര്‍ത്ഥ് രണ്ടാം റാങ്ക് നേടിയിരുന്നു. 109ആം റാങ്ക് നേടിയ കോഴിക്കോട് സ്വദേശി അജയ് ആര്‍ രാജ് ജന്മനാ കാഴ്ചാപരിമിതിയുള്ള ഭിന്നശേഷി വിദ്യാര്‍ത്ഥിയാണ്.

റാങ്ക് പട്ടികയും നിയമനവും
കമ്മീഷന്‍റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിൽ ഫലം പരിശോധിക്കാൻ കഴിയും. 2025 മെയ് 25 ന് നടന്ന പ്രിലിമിനറി പരീക്ഷയോടെയാണ് പരീക്ഷാ പ്രക്രിയ ആരംഭിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അന്തിമ ഫലം യുപിഎസ്‌സി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടത്. ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ പങ്കെടുത്ത പരീക്ഷയിൽ നിന്ന് വിവിധ സേവനങ്ങളിലേക്കായി തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഐഎഎസ് (IAS), ഐപിഎസ് (IPS), ഐഎഫ്എസ് (IFS), ഐആർഎസ്, തുടങ്ങിയ തസ്തികകളിലേക്കാണ് ഈ റാങ്ക് പട്ടികയിൽ നിന്ന് നിയമനം നടക്കുന്നത്. എഴുത്തുപരീക്ഷയിലും തുടർന്ന് നടന്ന അഭിമുഖത്തിലും (Personality Test) ഉദ്യോഗാർത്ഥികൾ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലാണ് അന്തിമ റാങ്ക് നിശ്ചയിച്ചിരിക്കുന്നത്.
ആശംസകളുടെ പ്രവാഹം
വിജയികളെ അഭിനന്ദിച്ചുകൊണ്ട് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്തെത്തി. സിവിൽ സർവീസ് എന്ന വലിയ ലക്ഷ്യത്തിലേക്ക് കഠിനാധ്വാനത്തിലൂടെ എത്തിയ അനുജ് അഗ്നിഹോത്രിക്കും മറ്റ് റാങ്ക് ജേതാക്കൾക്കും സോഷ്യൽ മീഡിയയിലൂടെ വലിയ തോതിലുള്ള ആശംസകളാണ് ലഭിക്കുന്നത്. കേരളത്തിൽ നിന്നുള്ള വിജയികളെ അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രസ്താവനകൾ ഇറക്കി. രാജ്യത്തെ ഭരണസംവിധാനത്തിന്റെ ഭാഗമാകാൻ പോകുന്ന പുതിയ ഉദ്യോഗസ്ഥർക്ക് വലിയ ഉത്തരവാദിത്തങ്ങളാണ് വരും ദിവസങ്ങളിൽ കാത്തിരിക്കുന്നത്.












Click it and Unblock the Notifications