അവസാന നിമിഷം ഇന്ത്യയ്ക്ക് പണി തന്ന് ട്രംപ്; മോദി തയ്യാറായിട്ടും ട്രംപിന് താല്‍പ്പര്യമില്ല, കരാറില്ല
ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തുന്നതിന് മുമ്പ് തന്നെ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ട്രംപിന്റെ സന്ദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണമായിരുന്ന ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ ഒപ്പുവയ്ക്കില്ല. ഇന്ത്യയുമായി വ്യാപാര കരാര്‍ ഒപ്പുവയ്‌ക്കേണ്ടെന്നാണ് ട്രംപിന്റെ തീരുമാനം. ഇന്ത്യ അമേരിക്കയുമായുള്ള വ്യാപാര കരാര്‍ അതീവ താല്‍പ്പര്യത്തോടെയാണ് കാണുന്നത്.
എന്നാല്‍ അമേരിക്ക കരാറില്‍ ഒപ്പുവയ്ക്കില്ലെന്നും അവസാന നിമിഷം അവര്‍ തീരുമാനം മാറ്റിയെന്നും ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ട്രംപ് ഞായറാഴ്ച രാത്രി ഇന്ത്യയിലെത്തി ഔദ്യോഗിക ചര്‍ച്ചകള്‍ തിങ്കളാഴ്ച തുടങ്ങാനിരിക്കെയാണ് നിരാശപ്പെടുത്തുന്ന വിവരം. ട്രംപിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യ കോടികളാണ് ചെലവിടുന്നത്. വിശദവിവരങ്ങള്‍ ഇങ്ങനെ....

ട്രംപിന്റെ ആദ്യ സന്ദര്‍ശനം
ട്രംപിന്റെ ആദ്യ ഇന്ത്യാസന്ദര്‍ശനമാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്. ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ആയിരുന്നു ട്രംപിന്റെ സന്ദര്‍ശനത്തിലെ പ്രധാന വിഷയം. എന്നാല്‍ അമേരിക്ക ഇതില്‍ നിന്ന് പിന്‍മാറിയെന്ന് കേന്ദ്രസര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപോര്‍ട്ടില്‍ പറയുന്നു.

താല്‍പ്പര്യമില്ലെന്ന് അമേരിക്ക
വന്‍ വ്യാപാര കരാറിന് താല്‍പ്പര്യമില്ലെന്ന് അമേരിക്ക നേരത്തെ ഇന്ത്യയെ അറിയിച്ചിരുന്നു. തുടര്‍ന്ന് മിനി കരാറാണ് ഇന്ത്യ ലക്ഷ്യമിട്ടിരുന്നത്. ഇപ്പോള്‍ അതിനും താല്‍പ്പര്യമില്ലെന്ന് അമേരിക്ക അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്.

മറ്റൊരു വലിയ കരാര്‍
അതേസമയം, മറ്റൊരു കരാറിന് ഒരുങ്ങുന്നതിന്റെ ഭാഗമായിട്ടാണ് മിനി വ്യാപാര കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറിയത് എന്നും സൂചനയുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. സാമ്പത്തിക-വ്യാപാര രംഗത്ത് ഇന്ത്യയും അമേരിക്കയും തമ്മില്‍ നേരത്തെ പോര് ശക്തമായിരുന്നു.

പ്രധാന തര്‍ക്ക വിഷയം
അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് ഇന്ത്യയില്‍ ഉയര്‍ന്ന ചുങ്കം ചുമത്തുന്നുവെന്നാണ് അമേരിക്കയുടെ പ്രധാന ആരോപണം. മാത്രമല്ല, ഇന്ത്യന്‍ വിപണി പൂര്‍ണമായും അമേരിക്കക്ക് തുറന്നുതരുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. അമേരിക്കയിലേക്കുള്ള ഇറക്കുമതിയില്‍ ഇന്ത്യയ്ക്കും ഈ പരാതിയുണ്ട്.

തിരിച്ചടി ഇങ്ങനെയും
അമേരിക്കന്‍ വിപണി ഇന്ത്യയ്ക്ക് തുറന്നു തരുന്നതിന് പകരം ഇന്ത്യന്‍ വിപണി അമേരിക്കക്ക് തുറന്നു നല്‍കിയാലും തിരിച്ചടി ഇന്ത്യക്കായിരിക്കും. കാരണം ഇന്ത്യന്‍ വിപണി പിടിച്ചടക്കുക എന്നത് അമേരിക്കന്‍ വ്യവസായികളെ സംബന്ധിച്ചിടത്തോളം എളുപ്പമാണ്. എന്നാല്‍ ഇന്ത്യയ്ക്ക് അമേരിക്കയില്‍ കടുത്ത വിപണി മല്‍സരം നേരിടേണ്ടിവരികയും ചെയ്യും.

അമേരിക്കയുടെ ആവശ്യം
ചില മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ഇന്ത്യ വിലയില്‍ ഇളവ് നല്‍കുന്നില്ല. ഇളവ് നല്‍കണമെന്നാണ് അമേരിക്കയുടെ ആവശ്യം. അതേസമയം, അമേരിക്ക ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സ് (ജിഎസ്പി) പുനസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. കഴിഞ്ഞ ജൂണിലാണ് അമേരിക്ക ഈ സംവിധാനം അവസാനിപ്പിച്ചത്.

എന്താണ് ജിഎസ്പി
ഇന്ത്യ-അമേരിക്ക വ്യാപാര ഇടപാടില്‍ പ്രധാനമാണ് ജിഎസ്പി. അമേരിക്കയിലേക്ക് ഇന്ത്യയില്‍ നിന്ന് ചരക്കുകള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ചിലതിന് നികുതി ഈടാക്കില്ല. ഇത്തരത്തില്‍ നികുതി ഒഴിവാക്കിയ 3000ത്തിലധികം ഉല്‍പ്പന്നങ്ങളുണ്ട്. ഈ ഇളവ് അമേരിക്ക കഴിഞ്ഞ ജൂണില്‍ അവസാനിപ്പിച്ചു. ഈ നടപടി ഇന്ത്യക്ക് കനത്ത തിരിച്ചടിയായി.

പ്രതിപക്ഷം ആയുധമാക്കും
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുമായി മിനി വ്യാപാര കരാറിന് താല്‍പ്പര്യമില്ലെന്ന് അമേരിക്ക അറിയിച്ചു. അതേസമയം, വലിയ കരാര്‍ പിന്നീട് ഒപ്പുവയ്ക്കാന്‍ സാധിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വ്യാപാര കരാര്‍ ഒപ്പിടാതെയാണ് ട്രംപ് മടങ്ങുന്നതെങ്കില്‍ മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം ഉയരാന്‍ സധ്യതയുണ്ട്.

ട്രംപിന്റെ സംഘത്തിലുള്ളത്
ഗുജറാത്തിലെ അഹമ്മദാബാദിലാണ് ട്രംപും സംഘവും വിമാനമിറങ്ങുക. ഭാര്യ മെലാനിയ, മകള്‍ ഇവാങ്ക, ഭര്‍ത്താവ് ജറാദ് കുഷ്‌നര്‍ എന്നിവരെ കൂടാതെ ഊര്‍ജ-വാണിജ്യ വകുപ്പ് സെക്രട്ടറിമാര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരും വ്യവസായ പ്രമുഖരും ട്രംപിന്റെ സംഘത്തിലുണ്ടാകും.

റോഡ് ഷോ
അഹമ്മദാബാദിലെ മോത്തേറ ക്രിക്കറ്റ് സ്‌റ്റേഡിയം മോദിയും ട്രംപും സംയുക്തമായി ഉദ്ഘാടനം ചെയ്യും. ശേഷം ഇരുവരും ജനങ്ങളെ അഭിസംബോധന ചെയ്യും. ഇവിടെ പതിനായിരങ്ങളെ അണിനിരത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. വിമാനത്താവളത്തില്‍ നിന്ന് ക്രിക്കറ്റ് സ്‌റ്റേഡിയത്തിലേക്കുള്ള മൂന്ന് കിലോമീറ്റര്‍ റോഡ് ഷോ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ട്രംപിന്റെ മടക്കം
അഹമ്മദാബാദിലെ റോഡ് ഷോ നടക്കുന്ന ഭാഗം സൗന്ദര്യവല്‍ക്കരിക്കുന്നതിന് കോടികളാണ് സര്‍ക്കാര്‍ ചെലഴിച്ചത്. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ട്രംപ് യുപിയിലെ ആഗ്രയിലെത്തി താജ്മഹല്‍ സന്ദര്‍ശിക്കും. ശേഷം ദില്ലിയിലേക്ക് തിരിക്കും. ചൊവ്വാഴ്ച വൈകീട്ട് അദ്ദേഹം അമേരിക്കയിലേക്ക് മടങ്ങും.












Click it and Unblock the Notifications