ബെംഗളൂരുവിലേക്കല്ല; മക്‌ഡൊണാള്‍ഡ്സിന്റെ ഏറ്റവും വലിയ ഓഫീസ് വരുന്നത് ഈ നഗരത്തില്‍; വമ്പന്‍ തൊഴിലവസരങ്ങളും
അമേരിക്കയിലെ ബഹുരാഷ്ട്ര കമ്പനികളുടെ ഇഷ്ടസ്ഥലമായി ദക്ഷിണേന്ത്യന്‍ നഗരങ്ങള്‍ മാറുകയാണ്. അടുത്തിടെ, ഗൂഗിള്‍ ആന്ധ്രപ്രദേശില്‍ 15 ബില്യണ്‍ ഡോളര്‍ ചെലവിട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡാറ്റ സെന്റര്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വിശാഖപട്ടണത്തേക്കാണ് ഗൂഗിള്‍ ഓഫീസ് വരുന്നത്. ഒരു ലക്ഷത്തിലേറെ തൊഴിലവസരങ്ങളും ഈ പദ്ധതി സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാങ്കേതിക രംഗത്ത് ആന്ധ്രാ പ്രദേശ് സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതാണ് ഈ പദ്ധതി.
ഇപ്പോഴിതാ, ഗൂഗിളിന് പിന്നാലെ മറ്റൊരു ബഹുരാഷ്ട്ര അമേരിക്കന്‍ കമ്പനി ഇന്ത്യയിലേക്കുള്ള വരവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഫാസ്റ്റ് ഫുഡ് ശൃംഖലയിലെ ലോകത്തിലെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നായ മക്‌ഡൊണാള്‍ഡ്‌സ് കോര്‍പ്പറേഷനാണ് തങ്ങളുടെ ഇന്ത്യയിലേക്കുള്ള വരവ് പ്രഖ്യാപിച്ചത്. യുഎസിന് പുറത്തുള്ള ഏറ്റവും വലിയ ഓഫീസ് ആണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് ആരംഭിക്കാന്‍ ഒരുങ്ങുന്നത്. ഒരു പ്രസ്താവനയിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

ആന്ധ്രപ്രദേശിലെ ഹൈദരാബാദാണ് ആഗോള ഓഫീസ് തുടങ്ങാനായി മക്‌ഡൊണാള്‍ഡ്‌സ് കണ്ടു വച്ചിരിക്കുന്ന സ്ഥലം. ഇരട്ട നിക്ഷേപത്തിനാണ് കമ്പനി ഒരുങ്ങുന്നത്. ഏകദേശം 156496 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സ്ഥലമാണ് അമേരിക്കന്‍ കമ്പനി ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. 1200 മുതല്‍ 1500 വരെ ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ഓഫീസ് ആയിരിക്കും ഇത്. എന്റര്‍പ്രൈസ് ഡാറ്റ, അനലിറ്റിക്‌സ്, സാങ്കേതിക വിദ്യ, ധനകാര്യം, എച്ച്ആര്‍ തുടങ്ങിയ വിവിധ മേഖലകളിലെ ടീമുകള്‍ ഈ ഓഫീസില്‍ പ്രവര്‍ത്തിക്കും.
മക്‌ഡൊണാള്‍ഡ്‌സ് കോര്‍പ്പറേഷന്‍ ഇതിനൊപ്പം ഹൈദരാബാദില്‍ മറ്റൊരു നിക്ഷേപത്തിനും പദ്ധതിയിടുന്നുണ്ട്. റൊണാള്‍ഡ് മക്‌ഡൊണാള്‍ഡ് ഹൗസ് പ്രോഗ്രാം എന്ന പേരില്‍ കുട്ടികള്‍ക്ക് ആരോഗ്യ സംരക്ഷണം, പാവപ്പെട്ട കുടുംബങ്ങളുടെ ശാക്തീകരണം എന്നിവയാണ് കമ്പനി ലക്ഷ്യമിടുന്നത്. കമ്പനിയുടെ ഇരട്ട നിക്ഷേപം ദക്ഷിണേന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും ഉപകാരപ്പെടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ലോകമെമ്പാടുമുള്ള 65 ലക്ഷത്തിലധികം ഉപഭോക്താക്കളെ പിന്തുണയ്ക്കുന്ന ഒരു ഇന്നോവേഷന്‍ ഹബ്ബ് ആയിട്ട് ആയിരിക്കും ഈ ഓഫീസ് പ്രവര്‍ത്തിക്കുക. കമ്പനിയുടെ 43000ത്തിലധികം റസ്റ്റോറന്റുകളെയും രണ്ട് ദശലക്ഷത്തില്‍ അധികം ജീവനക്കാരെയും പിന്തുണയ്ക്കുന്നതില്‍ ഹൈദരാബാദിലെ ഓഫീസ് പ്രധാന പങ്കുവയ്ക്കുമെന്ന് കോര്‍പ്പറേഷന്റെ ഗ്ലോബല്‍ ബിസിനസ് സര്‍വീസസ് പ്രസിഡന്റ് സ്‌കൈ ആന്‍ഡേഴ്‌സണ്‍ അറിയിച്ചു. 1996 മുതല്‍ ഏകദേശം മൂന്ന് പതിറ്റാണ്ടായി മക്‌ഡൊണാള്‍ഡ്‌സ് സ്റ്റോറുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കമ്പനി പ്രസ്താവനയില്‍ ഹൈദരാബാദിലെയും തെലുങ്കാനയിലെയും ജീവനക്കാരെ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. അവരുടെ വൈദഗ്ധ്യവും ഊര്‍ജ്ജവും ഞങ്ങളുടെ ബ്രാഞ്ചിനെ ഉയരങ്ങളില്‍ എത്തിക്കുമെന്ന് സ്‌കൈ ആന്‍ഡേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ സേവിക്കുന്ന സമൂഹങ്ങളോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് റൊണാള്‍ഡ് മക്‌ഡൊണാള്‍ഡ് ഹൗസ് പ്രോഗ്രാം എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications