ഒഴുകുന്ന സ്വർണം; സൗദിക്കും ഖത്തറിനും പണി കൊടുക്കുമോ ട്രംപ്: ഇന്ത്യക്ക് ചിരി, വിലയിടിവ് ഉണ്ടാകും
അമേരിക്കയുടെ 47-ാമത്തെ പ്രസിഡന്റായി ചുമതലയേറ്റെടുത്തതിന് പിന്നാലെ നടത്തിയ പ്രസംഗത്തില്‍ നിർണ്ണായകമായ പല പ്രസ്താവനകളും പ്രഖ്യാപനങ്ങളുമാണ് ഡൊണാള്‍ഡ് ട്രംപ് നടത്തിയത്. കുടിയേറ്റം തടയുന്നതിനായി മെക്സിക്കന്‍ അതിർത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അദ്ദേഹം ട്രാന്‍സ്ജെന്‍ഡേഴ്സിന് രാജ്യത്ത് സ്ഥാനമുണ്ടാകില്ലെന്നും വ്യക്തമാക്കി.
അമേരിക്കയുടെ സുവർണയുഗത്തിന് ഇവിടെ തുടക്കം കുറിക്കുകയാണ്. 2025 ജനുവരി 20 രാജ്യത്തിന്റെ വിമോചന ദിനമാണ്. ഇന്നുമുതൽ യുഎസ് അഭിവൃദ്ധിപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യും. അമേരിക്കയെ എല്ലാതരത്തിലും ഞാന്‍ ഒന്നാമത് എത്തിക്കും എന്നും അഭിപ്രായപ്പെട്ട ട്രംപ് പാനമ കനാൽ പാനമയിൽ നിന്ന് തിരിച്ചെടുക്കുമെന്ന പ്രഖ്യാപനവും നടത്തി.

ആഗോള ക്രൂഡ് ഓയില്‍ വിപണിയെ ബാധിക്കുന്ന പ്രധാന പ്രഖ്യാപനവും ട്രംപിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. രാജ്യത്തെ വിലക്കയറ്റഴും ഇന്ധനച്ചലെവും വർധിക്കുന്നത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി ദേശീയ ഊർജ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും രാജ്യത്തെ ക്രൂഡ് ഓയില്‍ പ്രകൃതിവാതക ഖനനം വർധിപ്പിക്കുകയും ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.
ലോകത്ത് ഏറ്റവും കൂടുതല് ക്രൂഡ് ഓയില്‍, പ്രകൃതിവാതക നിക്ഷേപമുള്ള രാജ്യമാണ് അമേരിക്ക. അതിനെ പൂർണ്ണമായ തോതില്‍ നമ്മള്‍ ഉപയോഗപ്പെടുത്താന്‍ പോകുകയാണ്. ഒഴുകുന്ന സ്വർണത്തിന്റെ വലിയ ശേഖരമാണ് നമ്മുടെ കാലടിക്ക് താഴെയുള്ളത്. അത് ഖനനം ചെയ്ത് അമേരിക്കയെ വീണ്ടും സമ്പന്ന രാജ്യമാക്കി മാറ്റും. അതോടൊപ്പം തന്നെ ഇലക്ട്രിക് വാഹനങ്ങൾ നിർബന്ധമാക്കാനുള്ള ഉത്തരവ് പിൻവലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ക്രൂഡ് ഓയില്‍ ഉല്‍പാദനം വർധിപ്പിക്കുമെന്ന് പ്രചരണ സമയത്ത് തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. 'ഡ്രിൽ, ബേബി, ഡ്രിൽ' എന്ന മുദ്രാവാക്യവും അദ്ദേഹം ഇതോട് അനുബന്ധിച്ച് മുന്നോട്ട് വെച്ചു. ട്രംപിന്റെ തീരുമാനത്തോടെ ആഗോള ക്രൂഡ് ഓയില്‍ വിപണിയിലേക്ക് കൂടുതല്‍ വിതരണം എത്തുകയും ഇത് വിലയിടിവിന് കാരണമാക്കുകയും ചെയ്തേക്കും. ഇത് ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ വമ്പന്‍മാരായ സൗദി അറേബ്യ അടക്കമുള്ള അറബ് രാജ്യങ്ങളെ വലിയ തോതില്‍ ബാധിക്കും എന്നതില്‍ സംശയമില്ല.
അന്താരാഷ്ട്ര വിപണിയിലെ വിലയിടിവ് പിടിച്ച് നിർത്താനായി എണ്ണ ഉത്പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെക് കഴിഞ്ഞ ഏതാനും മാസങ്ങളായി ഉത്പാദന നിയന്ത്രണം പാലിച്ച് വരികയാണ്. വിതരണം കുറച്ചുകൊണ്ട് വിലയില്‍ നിയന്ത്രണം കൊണ്ടുവരികയെന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. ഈ നീക്കത്തിനാണ് ട്രംപിന്റെ പുതിയ നയം വെല്ലുവിളിയാകുന്നത്. പ്രകൃതി വാതക ഉത്പാദനം വർധിപ്പിക്കുകയും അതുവഴി വിലയിടിവ് നേരിടുകയും ചെയ്യുന്ന സാഹചര്യമാണ് ലോകത്തെ പ്രമുഖ പ്രകൃതി വാതക ഉത്പാദകരമായ ഖത്തർ മുന്നില്‍ കാണുന്ന ഭീഷണി.
ക്രൂഡ് ഓയിലിൻ്റെ ലോകത്തെ മൂന്നാമത്തെ വലിയ ഉപഭോക്താവായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ട്രംപിന്റെ നീക്കങ്ങള്‍ ഏറെ അനുകൂലമാണ്. ആവശ്യമായ എണ്ണയുടെ 80 ശതമാനത്തില്‍ അധികവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ട്രംപിന്റെ നയങ്ങള്‍ ആഗോള വിപണിയില്‍ വിലയിടിവിന് കാരണമാകുന്നത് ഇന്ത്യക്ക് അനുഗ്രഹമായി മാറും. അതോടൊപ്പം തന്നെ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല് ക്രൂഡ് ഓയില്‍ വിതരണം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാമതാണ് അമേരിക്ക. വരും കാലയളവില്‍ ഈ ഇറക്കുമതി കൂടുതല്‍ ശക്തമാകുകയും ചെയ്തേക്കും.












Click it and Unblock the Notifications