ടെസ്ലയുടെ ആദ്യ ഷോറൂം മുംബൈ ബികെസിയില്‍; ഷോറൂമിന്റെ പ്രതിമാസ വാടക 35 ലക്ഷം രൂപ
മുംബൈ: അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ലയുടെ ഇന്ത്യന്‍ വിപണിയിലേക്കുള്ള വരവിനെ ഏറെ പ്രതീക്ഷയോടെയാണ് വാഹന പ്രേമികള്‍ കാത്തിരിക്കുന്നത്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന ഏപ്രിലില്‍ ആരംഭിക്കുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഇപ്പോഴിതാ അതിനുള്ള നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഷോറൂമുകള്‍ക്കായി ഇന്ത്യയിലെ രണ്ടു പ്രധാന നഗരങ്ങളാണ് യു.എസ് കമ്പനി പരിഗണിച്ചിരുന്നത്. മുംബൈയിലും ഡല്‍ഹിയിലും. ഇതില്‍ മുംബൈയിലെ ആദ്യ ഷോറൂം തുറക്കാനുള്ള കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. മുംബൈയിലെ വ്യവസായ ജില്ലയെന്നറിയപ്പെടുന്ന ബാന്ദ്ര കുര്‍ള കോംപ്ലക്സിലാണ് (ബികെസി) ഷോറൂം ആരംഭിക്കുന്നത്. ഒരു വാണിജ്യ സ്ഥലത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് വാടകക്കരാര്‍ എഴുതിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍.

ബികെസിയിലെ ഒരു വാണിജ്യ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറിലാണ് ഷോറൂം ആരംഭിക്കുന്നത്. 4,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്ഥലമാണ് ടെസ്ല ഏറ്റെടുക്കുന്നത്. ഇവിടെയാണ് ടെസ്ല തങ്ങളുടെ കാര്‍ മോഡലുകള്‍ പ്രദര്‍ശിപ്പിക്കുക. ചതുരശ്ര അടിക്ക് പ്രതിമാസ വാടക 900 രൂപയോളമാണ്. അതായത് പ്രതിമാസം 35 ലക്ഷം രൂപ. ന്യൂഡല്‍ഹിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള എയ്റോസിറ്റി കോംപ്ലക്സില്‍ ടെസ്ല രണ്ടാമത്തെ ഷോറൂം തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെസ്ല മേധാവി ഇലോണ്‍ മസ്‌കും കഴിഞ്ഞ ഫെബ്രുവരിയില്‍ വാഷിങ്ടണില്‍ കൂടിക്കാഴ്ച്ച നടത്തിയശേഷമാണ് ഇന്ത്യയിലേക്കുള്ള വാഹന നിര്‍മാതാക്കളുടെ വരവ് വേഗത്തിലാക്കിയത്. ഇന്ത്യയില്‍ 13 ജോലി ഒഴിവുകളിലേക്കുള്ള പരസ്യവും കമ്പനി നല്‍കിയിരുന്നു.
ആദ്യ ഘട്ടത്തില്‍ 25 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഇവി മോഡലുകള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇന്ത്യന്‍ വാഹന വിപണിയില്‍ ശക്തമായ സാന്നിധ്യമായി മാറുന്നതിന്റെ ആദ്യപടിയെന്നോണമാണ് താങ്ങാനാവുന്ന വിലയില്‍ കാര്‍ മോഡലുകള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ ജര്‍മ്മനിയിലെ ബെര്‍ലിന്‍ പ്ലാന്റില്‍ നിന്ന് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാനാണ് ടെസ്ല ലക്ഷ്യമിടുന്നത്.
അതേസമയം, ഇന്തയിലെ രാജ്യത്തിന്റെ ഉയര്‍ന്ന തീരുവ ഒഴിവാക്കാന്‍ ടെസ്ല ഇന്ത്യയില്‍ ഒരു ഫാക്ടറി നിര്‍മ്മിക്കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത അതൃപ്തിയിലാണ്. അദ്ദേഹം ഇക്കാര്യം പരസ്യമായി മസ്‌കിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇത് യുഎസിനോട് ചെയ്യുന്ന അന്യായമായിരിക്കും എന്നാണ് ട്രംപ് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചത്.
യൂറോപ്പിലടക്കം കമ്പനി വലിയ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് യൂറോപ്പില്‍ ടെസ്ലയുടെ വാഹന വില്‍പ്പന 45% കുറഞ്ഞു. ജര്‍മ്മനിയില്‍ 1,277 യൂണിറ്റുകള്‍ മാത്രമാണ് വിറ്റത്. 2021 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില്‍പ്പന കണക്കാണിത്. ഫ്രാന്‍സിലും 63% ഇടിവ് രേഖപ്പെടുത്തി.












Click it and Unblock the Notifications