ഇന്ത്യൻ തിരഞ്ഞെടുപ്പിൽ ഇടപെടാൻ യുഎസ് ഫണ്ട്; റിപ്പോർട്ട് ആശങ്കാജനകമെന്ന് വിദേശകാര്യ മന്ത്രാലയം
ഡൽഹി: ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ ഇടപെടാൻ അമേരിക്ക ഫണ്ട് നൽകി എന്ന റിപ്പോർട്ടുകൾ ആശങ്കജനകമെന്ന് വിദേശകാര്യ മന്ത്രാലയം. ബന്ധപ്പെട്ട വകുപ്പുകൾ ആരോപണം സംബന്ധിച്ച് അന്വേഷിച്ച് വരികയാണെന്നും ഇപ്പോൾ വിഷയത്തിൽ പരസ്യമായി പ്രതികരികരിക്കുന്നത് ഉചിതമാകില്ലെന്നും വക്താവ് രൺദീർ ജസ്വാൾ പറഞ്ഞു.
' യുഎസ് ഇടപെടലുകളെ കുറിച്ചും ധനസഹായത്തെ കുറിച്ചും യുഎസ് ഭരണകുടം പുറത്തുവിട്ട വിവരങ്ങൾ ഞങ്ങൾ കണ്ടു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടലിനെക്കുറിച്ചുള്ള ആശങ്കകൾക്ക് ഇത് കാരണമായിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളും ഏജൻസികളും ഇക്കാര്യം പരിശോധിച്ചുവരികയാണ്. ഈ ഘട്ടത്തിൽ പരസ്യമായി അഭിപ്രായം പറയുന്നത് ഉചിതമാകില്ല.ബന്ധപ്പെട്ട അധികാരികൾ പരിശോധിക്കട്ടെ, അതുകഴഞ്ഞ് വിശദമായ് പ്രതികരിക്കാം', രൺദീർ പറഞ്ഞു.

ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ ഇടപെടാൻ 21 മില്ല്യൺ ഡോളറാണ് ജോ ബൈഡൻ സർക്കാർ നൽകിയതെന്ന് മിയാമിയിൽ നടന്ന എഫ്ഐഐ പ്രയോറിറ്റി ഉച്ചകോടിയിൽ വെച്ച് ട്രംപ് ആരോപിച്ചത്. ' തിരഞ്ഞെടുപ്പിൽ ഇടപെടാൻ, 21 മില്യൺ ഡോളർ ആണ് ചെലവഴിച്ചത്. എന്തിനാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ ഇടാൻ ഇത്രയും തുക നമ്മൾ ചെലവഴിക്കുന്നത്. മറ്റാരെയോ ജയിപ്പിക്കാൻ ബൈഡൻ ഭരണകുടം ശ്രമിച്ചെന്നാണ് എനിക്ക് തോന്നുന്നത്. ഇക്കാര്യം നമ്മൾ ഇന്ത്യയിലെ ഭരണകുടത്തെ അറിയിക്കണം. കാരണം റഷ്യൻ ഭരണകുടം യുഎസിൽ 2000ത്തോളം ഡോളർ ചെലവഴിച്ചുവെന്ന് പറഞ്ഞാൽ അതൊരു വലിയ ഡീൽ ആണ്', ട്രംപ് പറഞ്ഞു.
ഉയർന്ന നികുതി ചുമത്തുന്ന ഇന്ത്യ പോലുള്ള രാജ്യത്തിനു ധനസഹായം നൽകേണ്ട ആവശ്യമില്ലെന്ന നിലപാടും ട്രംപ് ആവർത്തിച്ചു. 'ഇന്ത്യയുടെ കൈയ്യിൽ ഒരുപാട് പണമുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ നികുതി ചുമത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യയോട് എനിക്ക് വളരെ അധികം ബഹുമാനം ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബഹുമാനം ഉണ്ട്. എന്നാൽ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പോളിംഗ് ശതമാനം ഉയർത്താൻ 21 മില്ല്യൺ ഡോളർ നൽകേണ്ട ആവശ്യം ഇല്ല', ട്രംപ് പറഞ്ഞു.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് 21 മില്യൺ ഡോളറാണ് വോട്ടിങ് ശതമാനം വർധിപ്പിക്കാനായി ഇന്ത്യക്ക് നൽകിയത്. ഇലോൺ മസ്കിന്റെ നേതതൃത്വത്തിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി ആണ് ഇത് സംബന്ധിച്ച കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഈ ഫണ്ട് നിർത്തലാക്കിയതായി വകുപ്പ് അറിയിച്ചിരുന്നു.












Click it and Unblock the Notifications