യുഎസ് തിരഞ്ഞെടുപ്പ് ഫലം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതല്ല; മോദി ആരാധ്യനായ നേതാവെന്ന് ജയ്ശങ്കര്‍
മുംബൈ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം എന്ത് തന്നെയായാലും അത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതല്ല എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. മുംബൈയില്‍ നടന്ന ആദിത്യ ബിര്‍ള ഗ്രൂപ്പ് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിന്റെ രജതജൂബിലി ആഘോഷങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇക്കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് ആയിരുന്നു വിജയിച്ചത്.
ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും വൈസ് പ്രസിഡന്റുമായിരുന്ന കമല ഹാരിസിനെയാണ് ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെടുത്തിയത്. ട്രംപ് വിജയിച്ചതിന് ശേഷം ആദ്യം അറ്റന്‍ഡ് ചെയ്ത മൂന്ന് ഫോണ്‍ കോളുകളില്‍ ഒന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതായിരുന്നു എന്ന് ജയ്ശങ്കര്‍ ചൂണ്ടിക്കാട്ടി. മോദി യഥാര്‍ത്ഥത്തില്‍ ഒന്നിലധികം അമേരിക്കന്‍ പ്രസിഡന്റുമാരുമായി നല്ല ബന്ധം സ്ഥാപിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

'അദ്ദേഹം ആദ്യമായി ഡിസിയില്‍ വന്നപ്പോള്‍ ബറാക്ക് ഒബാമയായിരുന്നു പ്രസിഡന്റ്. പിന്നീട് ട്രംപ് ആ സ്ഥാനത്തേക്ക് വന്നു. അതിന് ശേഷം ജോ ബൈഡനും. ഇവരില്‍ എല്ലാവരുമായും വളരെ അടുത്ത ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ആ ബന്ധങ്ങള്‍ എങ്ങനെ കെട്ടിപ്പടുക്കുന്നു എന്നത് പ്രധാനമാണ്,' ജയ്ശങ്കര്‍ പറഞ്ഞു. അതിനാല്‍ മറ്റ് പല രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ച് ഇന്ത്യ ആശങ്കാകുലരല്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൊണാള്‍ഡ് ട്രംപിനെ വിജയിയായി പ്രഖ്യാപിച്ച ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. 'സാങ്കേതികവിദ്യ, പ്രതിരോധം, ഊര്‍ജ്ജം, ബഹിരാകാശം തുടങ്ങി നിരവധി മേഖലകളില്‍ ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഒരിക്കല്‍ കൂടി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' എന്നായിരുന്നു മോദിയുടെ അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞത്.
അതേസമയം ഒരു ബോസ് എന്ന നിലയില്‍ മോദി എപ്പോഴും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും ജയ്ശങ്കര്‍ പറഞ്ഞു. പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ പോകുമ്പോഴെല്ലാം ആവശ്യമായ എല്ലാ വിവരങ്ങളും സഹിതം അതിന് നന്നായി തയ്യാറെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉക്രെയ്‌നിലെ പ്രതിസന്ധി സമയത്ത് രാജ്യത്ത് നിന്ന് ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നത് ഉറപ്പാക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ മോദി സ്വാതന്ത്ര്യം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
'പൗരന്‍മാരെ ഇവിടെ എത്തിക്കണം. അതിനാവശ്യമുള്ളത് ചെയ്യുക. വ്യോമസേനയേയും സിവില്‍ ഏവിയേഷനും ഉപയോഗിക്കുക. എല്ലാ ആളുകളോടും സംസാരിക്കുക. ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് എന്നോട് പറയുക. ഒരു ഫോണ്‍ വിളിക്കേണ്ടി വന്നാല്‍ ഞാന്‍ അത് ചെയ്യും,' എന്നായിരുന്നു മോദി പറഞ്ഞത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications