ബൈഡന്റെ ബീസ്റ്റ് ഡല്‍ഹിയിലെത്തും; ലോകത്തെ ഏറ്റവും സുരക്ഷിതമായ കാര്‍, പ്രത്യേകതകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ജി20 യോഗത്തിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യയില്‍ നാളെ എത്താനിരിക്കുകയാണ്. എന്നാല്‍ ബൈഡനൊപ്പം മറ്റൊരു കാര്യം കൂടി രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ എത്തുന്നുണ്ട്. ലോകത്തെ ഏറ്റവും സുരക്ഷിതമായ കാര്‍ ബീസ്റ്റാണത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബൈഡന് സെപ്റ്റംബര്‍ എട്ടിന് കൂടിക്കാഴ്ച്ചയുമുണ്ട്. എന്നാല്‍ ജി20 യോഗവേദിയിലേക്ക് ബീസ്റ്റിന്റെ വരവാണ് ഏറ്റവും ശ്രദ്ധ നേടുന്നത്.
യുഎസ് പ്രസിഡന്റിന് മറ്റൊരു രാജ്യം നല്‍കുന്നതിനേക്കാള്‍ അപ്പുറമായി സ്വന്തമായി സുരക്ഷാ സംവിധാനങ്ങളുണ്ട്. ലോകത്തെ ഏറ്റവും വിലയേറ കാറുകള്‍, അത്യാധുനിക ആയുധങ്ങള്‍, ബോംബ് ഡിറ്റക്ടറുകള്‍, കണ്‍ട്രോള്‍ റൂം, സമാന്തരമായ കമ്മ്യൂണിക്കേഷന്‍ എന്നിവ അതില്‍ വരും. ബൈഡന് മാത്രമായി യുഎസ് എയര്‍ ഫോഴ്‌സ് വണ്‍, ഹെലികോപ്ടര്‍ സര്‍വീസുകള്‍ ഉണ്ടാവും. രണ്ടും ആകാശയാത്രയ്ക്കായുള്ള സംവിധാനങ്ങളാണ്.

ബീസ്റ്റ് അടക്കം വമ്പന്‍ വാഹനങ്ങളുടെ നിര തന്നെ ബൈഡന് അകമ്പടിയായി ഉണ്ടാവും. അദ്ദേഹത്തിന്റെ താമസ സ്ഥലം മുതല്‍ യോഗം നടക്കുന്ന വേദി വരെ ഈ അകമ്പടി വാഹനങ്ങള്‍ എത്തും. ആയുധങ്ങള്‍ അടക്കം നിറച്ചുള്ള ലിമോസിനാണ് ബീസ്റ്റ് എന്ന പേരില്‍ അറിയപ്പെടുന്നത്. മിലിട്ടറി ഗ്രേഡ് ആയുധ സംവിധാനങ്ങളാണ് ഇതിലുണ്ട്. ഇതിന്റെ ചില്ലുകള്‍ ബുള്ളറ്റ് പ്രൂഫാണ്. ടിയര്‍ ഗ്യാസ് ഡിസ്‌പെന്‍സറും ഇതിനുണ്ട്.
ലോകത്തെ ഏറ്റവും സുരക്ഷിതമായ കാറായിട്ടാണ് ഇത് അറിയപ്പെടുന്നത്.ഈ കാറിലെ വെടിക്കോപ്പുകള്‍, അലൂമിനിയം, സെറാമിക്, സ്റ്റീല്‍ എന്നിവ ചേര്‍ന്നാണ് നിര്‍മിച്ചെടുത്തത്. ഒരു രാസായുധ ആക്രമണം ഉണ്ടായാല്‍ പോലും ഈ കാറിലെ യാത്രക്കാരെ സംരക്ഷിക്കാന്‍ സാധിക്കും. കാറിനുള്ളില്‍ പ്രത്യേക ഓക്‌സിജന്‍ ശേഖരണമുണ്ട്. രാസ-ജൈവാക്രമണങ്ങള്‍ ഉണ്ടായാലും പ്രശ്‌നങ്ങളൊന്നും അതുകൊണ്ട് യാത്രക്കാര്‍ക്കുണ്ടാവില്ല.
അഞ്ച് ഇഞ്ച് വീതിയുള്ള അതിശക്തമായ വാതിലുകളാണ് മുന്‍ഭാഗത്ത് ഇതിനുള്ളത്. അതുപോലെ എട്ട് ഇഞ്ച് കട്ടിയിലുള്ള വാതിലുകള്‍ പിന്‍ഭാഗത്തുമുണ്ട്. ഗ്ലാസുകള്‍ അഞ്ച് ലെയറുകളാല്‍ തീര്‍ത്തതാണ്. ഒപ്പം പോളികാര്‍ബണേറ്റും അടങ്ങിയതാണ്. ഒരു ബോംബ് സ്‌ഫോടനം വന്നാലും ബീസ്റ്റിന് പ്രശ്‌നമില്ല. അതിനെ പ്രതിരോധിക്കാന്‍ സാധിക്കും.
ഷോട്ട് ഗണ്‍, സ്‌മോക്ക് സ്‌ക്രീന്‍, പ്രസിഡന്റിന്റെ ബ്ലഡ് ഗ്രൂപ്പുമായി ചേരുന്ന രക്തം, കമ്മ്യൂണിക്കേഷന്‍ ഡിവൈസ്, ജിപിഎസ്, നൈറ്റ് വിഷന്‍ എന്നിവ ഈ കാറിലുണ്ടാവും. അതേസമയം ലിമോസിനില്‍ ഏഴ് പേര്‍ക്ക് വരെ സഞ്ചരിക്കാനാവും. നിരവധി ഫീച്ചറുകളാണ് ഇതിലുള്ളത്. ഇവയൊന്നും മറ്റ് കാറുകലില്‍ ലഭ്യമാകില്ല. 2000 പൗണ്ട് ഭാരമാണ് ഈ കാറിനുള്ളത്.
2018ലാണ് ഇതിന്റെ ഏറ്റവും മോഡല്‍ പുറത്തിറങ്ങിയത്. ജനറല്‍ മോട്ടോഴ്‌സ് ആണ് ഇത് നിര്‍മിക്കുന്നത്. 1.5 മില്യണ്‍ യുഎസ് ഡോളറാണ് ഇതിന്റെ വില. ജോര്‍ജ് ബുഷിനാണ് 2001ല്‍ ആദ്യമായി ബീസ്റ്റ് സുരക്ഷാ വാഹനമായി എത്തുന്നത്. ആധുനിക സൗകര്യങ്ങള്‍ ആ സമയം ഇതിലുണ്ടായിരുന്നു. ബുഷ് അധികാരമൊഴിഞ്ഞിട്ടും ഈ കാര്‍ തുടരുകയായിരുന്നു.
പ്രസിഡന്റിന്റെ വിദേശ യാത്രകളില്‍ ഇവ കൊണ്ടുപോകാറുണ്ട്. എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി ബൈഡന്‍ വന്നപ്പോഴും ഇവ ഉപയോഗിച്ചിരുന്നു. യുഎസ് പ്രസിഡന്റിന്റെ സുരക്ഷയ്ക്കായി 21നും 28നും ഇടയിലുള്ള ഏറ്റവും മികച്ച പരിശീലനം ലഭിച്ച ഓഫീസര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവര്‍ കൈയ്യില്‍ പിസ്റ്റള്‍, ദീര്‍ഘദൂര-ഹ്രസ്വദൂര ആയുധങ്ങള്‍ എന്നിവയും കൈവശം വെക്കും.
80 വാഹനങ്ങള്‍ വരെയായിരുന്നു യുഎസ് പ്രസിഡന്റ് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ അഭ്യര്‍ത്ഥിച്ചത്. ചര്‍ച്ചകള്‍ക്കൊടുവില്‍ ഇത് 60 വാഹനമായി കുറയ്ക്കുകയായിരുന്നു. യുഎസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് ഒരു ആഴ്ച്ച മുമ്പേ സുരക്ഷാ ഓഫീസര്‍മാര്‍ ഇന്ത്യയിലെത്തിയിരുന്നു. യുഎസ് എംബസിയുമായി ചേര്‍ന്നാണ് സുരക്ഷ ഏകോപിപ്പിക്കുന്നത്.












Click it and Unblock the Notifications