ഘര്‍വാപസിക്ക് പരോക്ഷ വിമര്‍ശനം; മതസ്വാതന്ത്ര്യം വേണമെന്ന് ഒബാമ
ദില്ലി: ബിജെപിയുടെ ഹിന്ദുത്വ അജണ്ടയ്ക്കും ഘര്‍വാപസി പോലുള്ള പരിപാടികള്‍ക്കും പരോക്ഷ വിമര്‍ശനവുമായി ഒബാമ. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദം പുതിയ അധ്യായത്തിന് തുടക്കം കുറിച്ചെന്ന് പറയുമ്പോഴും ഇന്ത്യയില്‍ മതസ്വാതന്ത്ര്യം വേണമെന്ന് ഒബാമ വ്യക്തമാക്കി. സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മുന്നില്‍ നടന്ന പ്രസംഗത്തിലാണ് ഒബാമ ഇക്കാര്യം തുറന്നുപറഞ്ഞത്.
അടുത്തിടെ ആര്‍എസ്എസ്സിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും നേതൃത്വത്തില്‍ ഘര്‍ വാപസി എന്ന പേരില്‍ രാജ്യത്തുടനീളം ഹിന്ദുമതത്തിലേക്ക് ഒട്ടേറെയാളുകളെ പരിവര്‍ത്തനം ചെയ്തിരുന്നു. മാത്രമല്ല, മതംമാറ്റത്തിനെതിരായി പാര്‍ലിമെന്റില്‍ പുതിയ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയും ചെയ്യുന്ന വേളയിലാണ് മതസ്വാതന്ത്ര്യത്തെ കുറിച്ച് ഒബാമ സംസാരിച്ചത് എന്നത് ശ്രദ്ധേയമാണ്.

എല്ലാ മതത്തില്‍ പെട്ടവര്‍ക്കും സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയണമെന്ന് ഒബാമ പറഞ്ഞു. മതങ്ങള്‍ തമ്മിലുള്ള ഐക്യം രാജ്യ പുരോഗതിക്കും ജനാധിപത്യത്തിനും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ മേഖലകളിലും അമേരിക്കയും ഇന്ത്യയും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ഒബാമ വിരല്‍ചൂണ്ടി.
സ്ത്രീകളുടെ ഉന്നമനം രാജ്യത്തിന്റെയും ഉയര്‍ച്ചയാണ്. റിപ്പബ്ലിക് ദിന പരേഡിലെ സ്ത്രീ സാന്നിദ്ധ്യം തന്നെ അതിശയപ്പെടുത്തിയെന്ന് ഒബാമ പറഞ്ഞു. കേരളത്തിലെ കായലുകളുടെ സമ്പത്ത് മുതല്‍ ഗംഗയിലെ ഊര്‍ജോത്പാദനം വരെ ഉപയോഗിക്കാന്‍ കഴിയണം. ഇന്ത്യയിലെ യുവജനങ്ങളുടെ കരുത്തും ആദര്‍ശങ്ങളും രാജ്യത്തിന് പ്രതീക്ഷയുള്ളതാണെന്നും ഒബാമ പറഞ്ഞു.












Click it and Unblock the Notifications