ഇടപെടലുമായി അമേരിക്ക, 'അടിയന്തരമായി പിന്തിരിയണം', പ്രകോപിപ്പിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ
ഡല്‍ഹി: അതിര്‍ത്തിയില്‍ ആക്രമണ-പ്രത്യാക്രമണങ്ങള്‍ രൂക്ഷമാകുന്നതിനിടെ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇടപെടലുമായി അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കറുമായും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായും സംസാരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുളള ഏറ്റുമുട്ടലില്‍ നിന്നും അടിയന്തരമായി പിന്തിരിയണം എന്ന് മാര്‍കോ റൂബിയോ ആവശ്യപ്പെട്ടു.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായി സംസാരിച്ച വിവരം എസ് ജയശങ്കര്‍ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. ''തീവ്രവാദത്തിന് എതിരെയുളള ഇന്ത്യയുടെ പോരാട്ടത്തിനൊപ്പം നില്‍ക്കുന്ന അമേരിക്കയെ അനുമോദിക്കുന്നു. അതിര്‍ത്തി കടന്നുളള ഭീകരവാദത്തിന് അളന്ന് മുറിച്ചുളള മറുപടിയാണ് ഇന്ത്യ നല്‍കുന്നത് എന്ന് മാര്‍കോ റൂബിയോയുമായുളള സംഭാഷണത്തില്‍ അടിവരയിട്ടു. പ്രകോപനത്തിനുളള ഏത് തരം നീക്കത്തേയും ശക്തമായി പ്രതിരോധിക്കും'', എസ് ജയശങ്കര്‍ എക്‌സില്‍ കുറിച്ചു.

ഭീകരവാദ സംഘടനകള്‍ക്ക് ഏതെങ്കിലും തരത്തിലുളള സഹായം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് അമേരിക്ക പാകിസ്ഥാനോട് ആവശ്യപ്പെട്ടു. മാത്രമല്ല ഇരു രാജ്യങ്ങളും തമ്മിലുളള ചര്‍ച്ചകള്‍ക്കും അമേരിക്ക എല്ലാ വിധ പിന്തുണയും അറിയിച്ചിരിക്കുകയാണ്. പഹല്‍ഗാമിലെ തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് മാര്‍കോ റൂബിയോ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.തീവ്രവാദത്തിന് എതിരെയുളള പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് അമേരിക്കയുടെ പിന്തുണ ഉറപ്പാക്കുന്നതായും ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അതിനിടെ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണ്. ജമ്മു കശ്മീരും പഞ്ചാബും രാജസ്ഥാനും ലക്ഷ്യമിട്ട് പാകിസ്ഥാന്‍ നടത്തിയ ആക്രമണങ്ങള്‍ ഇന്ത്യന്‍ സൈന്യം നിഷ്ഫലമാക്കി. പാകിസ്ഥാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ ആളപായങ്ങളില്ലെന്ന് ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. പാക് യുദ്ധ വിമാനങ്ങള്‍ ഇന്ത്യ വെടി വെച്ച് വീഴ്ത്തിയിട്ടുണ്ട്. മാത്രമല്ല പാക് പൈലറ്റ് ഇന്ത്യയുടെ കസ്റ്റഡിയിലായതായും സൂചനയുണ്ട്. പാക് പ്രകോപനത്തിന് ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കുകയാണ്. ലാഹോറിലും ഇസ്ലാമാബാദിലും ഇന്ത്യ ശക്തമായ പ്രത്യോക്രമണം നടത്തിയതായാണ് വിവരം.
പാകിസ്ഥാന്റെ പ്രകോപനത്തിന് പിന്നാലെ ഡല്‍ഹിയില്‍ അടിയന്തര യോഗങ്ങള്‍ ചേര്‍ന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിലവിലെ സാഹചര്യം വിശദീകരിച്ചു. കര-വ്യോമ-നാവിക സേനാ മേധാവിമാരും സംയുക്ത സൈനിക മേധാവിയും ഡല്‍ഹിയില്‍ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.












Click it and Unblock the Notifications